ഛായാഗ്രാഹകനും അക്കാദമി മുൻ ചെയർമാനുമായ ജോൺ ബെയ്‌ലി അന്തരിച്ചു
പ്രശസ്ത ഛായാഗ്രാഹകനും അക്കാദമി മുൻ ചെയർമാനുമായ ജോൺ ബെയ്‌ലി അന്തരിച്ചു. 81 വയസായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ ലോസ് എഞ്ചൽസിൽ വച്ചായിരുന്നു മരണം. ജോൺ ബെയ്‌ലിയുടെ ഭാര്യയും എഡിറ്ററും അക്കാദമി മുൻ ഗവർണറുമായ കരോൾ ലിറ്റിൽടണാണ് മരണവിവരം സ്ഥിരീകരിച്ചത്.
ഛായാഗ്രാഹകൻ എന്ന നിലയിൽ നിരവധി അഭിനന്ദനങ്ങൾ നേടിയ ജോൺ ബെയ്‌ലി റോബർട്ട് റെഡ്ഫോർഡ്, ജെയിംസ് എൽ ബ്രൂക്ക്സ്, വുൾഫ്ഗാങ് പീറ്റേഴ്സൺ, ഹരോൾഡ് റാമിസ് തുടങ്ങി നിരവധി പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിരുന്നു.
'അമേരിക്കൻ ഗിഗോലോ', 'ക്യാറ്റ് പീപ്പിൾ' 'ദി ബിഗ് ചിൽ', 'സിൽവറഡോ', 'ദി ആക്സിഡന്റൽ ടൂറിസ്റ്റ്' 'ആസ് ഗുഡ് അസ് ഇറ്റ് ഗേറ്റ്‌സ്', ' ഇൻ ലൈൻ ഓഫ് ഫയർ ', 'റേസിംഗ് വിത്ത് ദി മൂൺ'തുടങ്ങി നിരവധി പ്രമുഖ സിനിമകൾക്ക് അദ്ദേഹം കാമറ ചലിപ്പിച്ചു.
2015-ൽ അമേരിക്കൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്സിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1942 ഓഗസ്റ്റ് 10-ന് ജനിച്ച ബെയ്ലി, 1971-ൽ മോണ്ടെ ഹെൽമാന്റെ 'ടൂ ലെയ്ൻ ബ്ലാക്ക്ടോപ്പിൽ' അസിസ്റ്റന്റ് ക്യാമറാമാനായിട്ടാണ് കരിയർ ആരംഭിക്കുന്നത്. 1972-ൽ അലൻ റുഡോൾഫിന്റെ 'പ്രിമോണിഷൻ' എന്ന ചിത്രത്തിലൂടെയാണ് ജോൺ സ്വതന്ത്ര ഛായാഗ്രാഹകനാവുന്നത്.
2017 ജോൺ ബെയ്‌ലി അക്കാദമി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മീടു ആരോപണം നേരിട്ട അക്കാദമി മെമ്പർമാർക്കെതിരെ നടപടിയെടുക്കുന്നതിനും ആരോപണങ്ങൾ പരിശോധിക്കുന്നതിനുമായി പരിശോധന സമിതി ഉണ്ടാക്കുന്നതിനും പെരുമാറ്റചട്ടം കൊണ്ടുവരാനും ജോൺ ബെയ്‌ലിയുടെ നേതൃത്വത്തിൽ ഉള്ള അക്കാദമി തയ്യാറായിരുന്നു.
ഓസ്‌ക്കാർ പുരസ്‌ക്കാരത്തിനടക്കം വലിയരീതിയിൽ വിമർശനങ്ങൾ ഉയരുന്ന സമയത്താണ് ജോൺ അക്കാദമി പ്രസിഡന്റ് ആവുന്നത് വെളുത്ത വംശജർക്ക് വേണ്ടി മാത്രമാണ് ഓസ്‌ക്കാർ പുരസ്‌ക്കാരം നൽകുന്നതെന്ന തരത്തിലുള്ള ആരോപണങ്ങൾ ശക്തമായിരിക്കുന്ന സമയമായിരുന്നു ഇത്. പ്രസിഡണ്ടായി രണ്ട് മാസത്തിനുള്ളിൽ, ന്യൂയോർക്ക് ടൈംസും ദി ന്യൂയോർക്കറും നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്നെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്നു.
ഇത് പിന്നീട് 'മീ ടു' മൂവ്‌മെന്റായി രൂപപ്പെടുകയായിരുന്നു. റിപ്പോർട്ടുകൾക്ക് തൊട്ടുപിന്നാലെ അക്കാദമിയുടെ ബോർഡ് ഓഫ് ഗവർണർമാർ വെയ്ൻസ്റ്റീനെ പുറത്താക്കാൻ വോട്ട് ചെയ്തു. ഇതിന് പിന്നാലെ ബെയ്‌ലിക്കെതിരെയും മീടു ആരോപണം വന്നിരുന്നു. ചിത്രീകരണത്തിനിടെ തന്നെ മോശമായി സ്പർശിക്കാൻ ബെയ്‌ലി ശ്രമിച്ചതായിട്ടായിരുന്നു സ്ത്രീയുടെ ആരോപണം. ബെയ്ലി ഈ ആരോപണം നിഷേധിക്കുകയും 2018 മാർച്ചിൽ ആരോപണം പരിശോധിച്ച അക്കാദമി സമിതി തുടർനടപടികൾ ആവശ്യമില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.