ഓസ്കാർ സദസിനെ ഞെട്ടിച്ച് ജോൺ സീന; മികച്ച വസ്ത്രധാരണത്തിനുള്ള പുരസ്‌കാരം സമ്മാനിക്കാൻ താരം നഗ്നനായി എത്തിയത് എന്തിന്?
ഓസ്കാർ വേദിയിൽ നഗ്നായി പ്രത്യക്ഷപ്പെട്ട് ഹോളിവുഡ് നടനും ഡബ്ള്യു ഡബ്ള്യു എഫ് താരവുമായിരുന്ന ജോൺ സീന. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം സമ്മാനിക്കാനാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ജോൺ സീന നഗ്നായെത്തിയത്. ജോൺ സീനയുടെ വരവിനെക്കുറിച്ച് ആദ്യം തന്നെ അവതാരകനായ ജിമ്മി കിമ്മല്‍ കാണികൾക്ക് സൂചന നൽകിയിരുന്നു. ശേഷം പുരസ്കാരം നൽകാനായി ജോൺ സീനയെ ക്ഷണിക്കുകയായിരുന്നു.
ആദ്യം മടി കാണിച്ച് സ്റ്റേജിന് പുറകിൽ മറഞ്ഞിരിക്കുകയായിരുന്നു ജോൺ സീന. എന്നാൽ കിമ്മൽ നിർബന്ധിച്ചതോടെ കാണികൾക്കിടയിൽ ചിരിപടർത്തിക്കൊണ്ട് ജോൺ സീന വേദിയിലേക്ക് കടന്നുവന്നു.
നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകെണ്ട് ശരീരത്തിന്റെ മുന്‍ഭാഗം മറച്ചാണ് സീന വേദിയില്‍നിന്നത്. ഒടുവിൽ ഒരു വലിയ തുണി എടുത്ത് ജിമ്മി കിമ്മൽ ജോൺ സീനയുടെ നഗ്നത മറച്ചു. ഇതോടെ ആശ്വാസം ലഭിച്ചപ്പോഴാണ് ജോൺ സീന അവാർഡ് പ്രഖ്യാപനം നടത്തിയത്. വസ്ത്രാലങ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടവരുടെ കഠിനാധ്വാനത്തെക്കുറിച്ചും ജോൺ സീന വേദിയിൽ സംസാരിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.
എന്നാൽ കാണികളെ ചിരിപ്പിക്കുക എന്നത് മാത്രമായിരുന്നില്ല ജോൺ സീനയുടെയും ജിമ്മി കിമ്മലിന്റെയും ഉദ്ദേശ്യം. അന്‍പത് വർഷം മുൻപ് 46-ാംത് ഓസ്കാർ വേദിയിൽ നടന്ന ഒരു സംഭവത്തെ ഓർമിപ്പിക്കാനാണ് ഇരുവരും ഈ അവസരം ഉപയോഗപ്പെടുത്തിയത്.
1974 ൽ ഡേവിഡ് നെവൻ എലിസബത്ത് ടെയ്‌ലറെ പുരസ്‌കാരം സ്വീകരിക്കാനായി അനൗൺസ് ചെയ്യുമ്പോൾ വസ്ത്രം ധരിക്കാതെ ഒരാൾ വേദിയിലൂടെ ഓടിയിരുന്നു. ഈ കുപ്രസിദ്ധ സംഭവം ഓർത്തെടുത്ത ഇരുവരും പുരുഷശരീരം ഒരു തമാശയല്ലെന്നും വേദിയിൽ പറഞ്ഞു. വസ്ത്രങ്ങൾ വളരെ പ്രധാനമാണെന്ന് പറഞ്ഞായിരുന്നു ഇരുവരുടെയും സംഭാഷണം. റെസിലിങ്ങില്‍ താന്‍ രസകരമായ വസ്ത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ജോണ്‍ ഓര്‍ത്തെടുത്തു. എന്തായാലും ഒരേ സമയം ഓസ്കാർ വേദിയെ അമ്പരപ്പിക്കുകയും പൊട്ടിച്ചരിപ്പിക്കുകയും ചെയ്തു ജോൺ സേനയും ജിമ്മി കിമ്മലും.
മികച്ച വസ്ത്രലാങ്കാരത്തിനുള്ള ഇത്തവണത്തെ ഓസ്കാര്‍ ലഭിച്ചത് പുവർ തിങ്സ് എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിന് ഹോളി വാഡിങ്ടണാണ്. മികച്ച നടി അടക്കം നാല് അവാര്‍ഡുകള്‍ ഈ ചിത്രം നേടിയിരുന്നു. 96ാം ഓസ്കാര്‍ ചടങ്ങിൽ ഏഴ് അവാർഡുകൾ വാരിക്കൂട്ടിയ ഓപ്പണ്‍ഹൈമർ തിളങ്ങി.
ഇസ്രയേല്‍ അധിനിവേശം നടക്കുന്ന ഗാസയില്‍ സമാധാനത്തിനുവേണ്ടി ആഹ്വാനം ചെയ്യാനും ഇത്തവണത്തെ ഓസ്കര്‍ വേദി സാക്ഷിയായി. ഒരുകൂട്ടം താരങ്ങൾ ചുവന്ന റിബണ്‍ ധരിച്ചാണ് ഗാസയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്.