പൂവേണം പൂപ്പട വേണം പിറന്നതെങ്ങനെ?

പൂവേണം പൂപ്പട വേണം പിറന്നതെങ്ങനെ?

വീണ്ടുമൊരു ഓണക്കാലമെത്തിയപ്പോൾ ജോൺസൺ മാസ്റ്ററെയും അദ്ദേഹത്തിന്റെ ഓണപ്പാട്ടുകളെയും ഓർത്തെടുക്കുകയാണ് രവി മേനോൻ
Updated on
2 min read

സംവിധായകന്‍ അരവിന്ദന്റെ കൂടി ഓര്‍മയായിരുന്നു ഒ എന്‍ വിക്ക് 'പൂവേണം പൂപ്പട വേണം.' മൗനോപാസകനായ അരവിന്ദന്റെയല്ല, മൗനത്തെ അതിന്റെ പാട്ടിന് വിട്ടുകൊണ്ട് ഇഷ്ടഗാനത്തിന്റെ ലഹരിയില്‍ മതിമറന്നൊഴുകിയ അരവിന്ദന്റെ.

ചെന്നൈ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിലെ മുറിയില്‍ ഭരതനും ജോണ്‍സണും ഒ എന്‍ വിക്കുമൊപ്പം ആ പാട്ടിന്റെ പിറവിക്ക് സാക്ഷിയായി അരവിന്ദനുമുണ്ടായിരുന്നു. ''ജോണ്‍സണ്‍ ഹാര്‍മോണിയം വായിച്ച് പാടുന്നതുകേട്ട് അടുത്ത മുറിയില്‍നിന്ന് ഇറങ്ങിവന്നതായിരുന്നു അരവിന്ദന്‍. സിനിമയിലെ രണ്ട് പാട്ടുകളും ജോണ്‍സണ്‍ ചിട്ടപ്പെടുത്തി പാടിക്കേട്ട ശേഷമേ അദ്ദേഹം മടങ്ങിപ്പോയുള്ളൂ. ജോണ്‍സന്റെ ഹാര്‍മോണിയത്തിന് മുന്നില്‍ സ്വപ്നാടകനെ പോലെ സ്വയം മറന്നിരിക്കുന്ന അരവിന്ദന്റെ ചിത്രം മറക്കാനാവില്ല...,''ഒ എന്‍ വിയുടെ ഓര്‍മ.

ട്യൂണിട്ട് എഴുതിയതാണ് 'പൂവേണം പൂപ്പട വേണം.' ഇഷ്ടരാഗമായ ശ്രീരാഗത്തില്‍ വേണം ആ പാട്ടെന്നത് ഭരതന്റെ നിര്‍ബന്ധമായിരുന്നു. ഭരതന്റെ ഒത്താശയോടെ ജോണ്‍സണ്‍ ചെയ്ത തത്സമയ സൃഷ്ടിയാണതിന്റെ ഈണമെന്ന് ഒ എന്‍ വി. പാട്ടിന്റെ വരികള്‍ വായിച്ചുകേട്ടപ്പോള്‍ സ്വാഭാവികമായും ജോണ്‍സണിലെ സാഹിത്യസ്നേഹി ഉണര്‍ന്നു. നാഴിപ്പൂവെള്ളും പുന്നെല്ലും ചോഴിക്കും മക്കള്‍ക്കും തായോ എന്ന വരിയുടെ അര്‍ത്ഥം കൗതുകത്തോടെ ചോദിച്ചു മനസ്സിലാക്കി അദ്ദേഹം. അര്‍ത്ഥമറിഞ്ഞുകൊണ്ട് ഈണമിടുക എന്നതാണല്ലോ ജോണ്‍സന്റെ രീതി.

പൂവേണം പൂപ്പട വേണം പിറന്നതെങ്ങനെ?
ഹൃദയത്തിൻ രോമാഞ്ചം: രാഘവൻ മാഷ് പാടാതെ പോയ പാട്ട്

മറ്റൊരു കൗതുകം കൂടിയുണ്ട്: 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' എന്ന സിനിമയ്ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവയല്ല 'പൂവേണം പൂപ്പട വേണം', 'മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി' എന്നീ പാട്ടുകള്‍. അതിനു മുന്‍പ് ജോണ്‍പോളിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്യാനിരുന്ന മറ്റൊരു പടത്തിനുവേണ്ടിയാണ്. ആ പടം പല കാരണങ്ങളാലും ഉപേക്ഷിക്കപ്പെട്ടപ്പോള്‍ വിസ്മൃതിയിലൊതുങ്ങേണ്ടതായിരുന്നു പാട്ടുകളും. പക്ഷേ ഭരതന് ഗാനങ്ങള്‍ ഉപേക്ഷിക്കാന്‍ വയ്യ. അങ്ങനെ പുതിയ സിനിമയിലെ സന്ദര്‍ഭത്തിനിണങ്ങും വിധം വരികളില്‍ ചില്ലറ മാറ്റങ്ങളോടെ രണ്ടു ഗാനവും 'മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ട'ത്തില്‍ ഇടം നേടുന്നു.

ഓണത്തിന്റെ ആശയം ഉള്‍ക്കൊണ്ട വേറെയും പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട് ജോണ്‍സണ്‍. ഇത് ഞങ്ങളുടെ കഥ'യിലെ (1982) 'മാവേലിക്കും പൂക്കളം മാതേവനും പൂക്കളം' ആണ് ഈ നിരയിലെ ആദ്യ സൃഷ്ടി. ഭാസ്‌കരന്‍ മാസ്റ്ററുടെ വരികളില്‍നിന്ന് മണ്ണിന്റെ മണമുള്ള ഈണം മിനഞ്ഞെടുക്കുകയായിരുന്നു ജോണ്‍സണ്‍. കൈതപ്രവുമായി ആദ്യമൊന്നിച്ച 'വരവേല്‍പ്പി'ല്‍ (1989) തന്നെയുണ്ട് ഓണത്തിന്റെ ഇമേജറികള്‍ ഉള്‍ക്കൊണ്ട നല്ലൊരു പാട്ട്: 'വെള്ളാരപ്പൂമല മേലെ പൊന്‍കിണ്ണം നീട്ടി നീട്ടി.'

ആ പാട്ടിന്റെ പല്ലവിയില്‍ 'ആകാശപ്പൂമൂടി ചൂടി മുകിലാരപ്പട്ട് ചുറ്റി ഓണത്താറാടി വരുന്നേ' എന്നെഴുതുമ്പോള്‍ ബാല്യത്തില്‍ വിസ്മയിപ്പിച്ച ഓണക്കാഴ്ചകളായിരുന്നു ഓര്‍മയിലെന്ന് പറഞ്ഞിട്ടുണ്ട് കൈതപ്രം. ഈ ഓണക്കാലത്ത് ഇതേ ഗാനം ഉണ്ണിമേനോന്റെ ശബ്ദത്തില്‍ വീണ്ടും മലയാളിയെ തേടിയെത്തിയെന്നത് യാദൃച്ഛികമാകാം. 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിന് വേണ്ടി 34 വര്‍ഷത്തിനുശേഷം ഗാനം പുനഃസൃഷ്ടിച്ചത് അരുണ്‍ മുരളീധരന്‍.

പൂവേണം പൂപ്പട വേണം പിറന്നതെങ്ങനെ?
പാട്ടെഴുത്തുകാരുടെ 'ചന്ദ്രയാൻ'

എന്നാല്‍ കൈതപ്രം- ജോണ്‍സണ്‍ ടീമിന്റെ ഏറ്റവും മികച്ച ഓണപ്പാട്ട് വെള്ളിത്തിരയില്‍ കാണാന്‍ ഭാഗ്യമുണ്ടായില്ല മലയാളികള്‍ക്ക്. എ ടി അബു സംവിധാനം ചെയ്യാനിരുന്ന, പുറത്തിറങ്ങാതെ പോയ 'അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്' എന്ന ചിത്രത്തിലെ 'തുമ്പപ്പൂവില്‍ ഉണര്‍ന്നൂ വാസരം ഹരിവാസരം'. പാട്ടിന്റെ റെക്കോര്‍ഡിങ് നടക്കുമ്പോള്‍ കമലിന്റെ 'പാവം പാവം രാജകുമാരന്‍' എന്ന ചിത്രത്തിനു വേണ്ടി 'പാതി മെയ് മറഞ്ഞതെന്തേ' എന്ന പാട്ട് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു കൈതപ്രം. 'റെക്കോര്‍ഡിങ് കഴിഞ്ഞു വൈകീട്ട് തമ്മില്‍ കണ്ടപ്പോള്‍ ജോണ്‍സണ്‍ എന്നോട് പറഞ്ഞു: ''തുമ്പപ്പൂവില്‍ എന്ന പാട്ട് പാടിക്കഴിഞ്ഞ് ദാസേട്ടന്‍ മനസ്സ് നിറഞ്ഞു പുകഴ്ത്തി തിരുമേനിയെ സന്തോഷമായില്ലേ?''

സന്തോഷം മാത്രമല്ല അഭിമാനവും തോന്നിയ നിമിഷമായിരുന്നു അതെന്നു പറയും കൈതപ്രം. ''എ ടി അബുവിനും വളരെ ഇഷ്ടപ്പെട്ട പാട്ടായിരുന്നു അത്. നിളയും ഓണവും തൃത്താലക്കാവുമൊക്കെ കടന്നുവരുന്നുണ്ടതില്‍. എന്ത് ചെയ്യാം. പ്രൊഡക്ഷനിലെ പ്രശ്‌നങ്ങള്‍ കാരണം പടം റിലീസ് ആയില്ല. എന്നിട്ടും ജനം അതിലെ പാട്ടുകള്‍, പ്രത്യേകിച്ച് തുമ്പപ്പൂവില്‍ ഏറ്റെടുത്തു ഹിറ്റാക്കി എന്നത് ആഹ്‌ളാദമുള്ള കാര്യം.''

ജോണ്‍സണും ഏറെ പ്രിയപ്പെട്ട പാട്ടായിരുന്നു തുമ്പപ്പൂവില്‍. കൈതപ്രത്തിന്റെ വരികളില്‍ നിറഞ്ഞുതുളുമ്പിയ ഗൃഹാതുരതയെ മലയമാരുതരാഗ സ്പര്‍ശത്തിലൂടെ ഹൃദയസ്പര്‍ശിയാക്കി മാറ്റി അദ്ദേഹം. ''നമ്മള്‍ മനസ്സ് മുഴുവന്‍ സമര്‍പ്പിച്ച് ഏറെ സമയമെടുത്ത് സൃഷ്ടിക്കുന്ന പാട്ടുകള്‍ ജനങ്ങളുടെ കാതിലെത്താതെ പോകുകയെന്നത് വലിയ കഷ്ടമാണ്. എന്റെ പല പാട്ടുകള്‍ക്കുമുണ്ടായിട്ടുണ്ട് ആ ദുര്യോഗം. ഭാഗ്യവശാല്‍ പടം മരിച്ചിട്ടും തുമ്പപ്പൂവില്‍ ജീവിച്ചു. ഇന്നും എന്റെ ഗാനമേളകളില്‍ ആ പാട്ടിന് ധാരാളം ആവശ്യക്കാരുണ്ട്,'' ജോണ്‍സന്റെ വാക്കുകള്‍.

പൂവേണം പൂപ്പട വേണം പിറന്നതെങ്ങനെ?
'വൺസ് മോർ, ഒന്നല്ല പതിമൂന്ന് വട്ടം'; ചിത്രയോടൊപ്പം അരങ്ങേറിയ ഓർമകളുമായി ശരത്

ഓരോ ഓണവും ജോണ്‍സണ്‍ മാസ്റ്ററുടെ കൂടി ഓര്‍മയാണെനിക്ക്. 'നാവോറു പാടണ കന്നിമണ്‍കുടവും വീണയുമായി നീയെന്തേ വന്നില്ല പൊന്നോണം പോയല്ലോ' എന്ന വരിക്കൊപ്പം മനസ്സില്‍ തെളിയുന്ന ദീപ്തമായ ഓര്‍മ.

logo
The Fourth
www.thefourthnews.in