റോസിയെ ഹൃദയത്തോട് ചേർത്തുവച്ച വഹീദ
1955 ല്‍ പുറത്തിറങ്ങിയ രാജ് കപൂര്‍ ചിത്രമായ 'ശ്രീ 420'ലെ മേരാ ജൂത്താ ഹേ ജാപ്പാനി, പ്യാര്‍ ഹുവാ ഇഖ്രാര്‍ ഹുവാ എന്നീ ഗാനങ്ങള്‍ സിനിമാലോകത്തും ജനങ്ങള്‍ക്കുമിടയില്‍ വലിയ സ്വാധീനം ചെലുത്തുന്ന സമയം. അഭിനയിക്കാന്‍ പോകുന്ന ചിത്രത്തിന്റെ നിര്‍മാതാവായ ഗുരുദത്തിനെ കാണാന്‍ പതിനേഴുകാരി നായിക അമ്മയോടൊപ്പം മുംബൈയിലെത്തുന്നു.
കരാര്‍ ഒപ്പിടും മുന്‍പ് സിനിമക്ക് വേണ്ടി പെണ്‍കുട്ടിയുടെ പേര് മാറ്റണമെന്ന് സംവിധായകന്‍ രാജ് ഖോസ്ലയ്ക്ക് നിര്‍ബന്ധം. എന്നാല്‍ ആ നിര്‍ദേശം സ്വീകാര്യമായിരുന്നില്ല നായികയ്ക്ക്. ഔദ്യോഗിക കരാറില്‍ ഒപ്പിടാനുള്ള പക്വത ആര്‍ജിച്ചിരുന്നില്ലെങ്കിലും തന്റെ ബോധ്യത്തില്‍ ഉറച്ചുനിന്നു അവള്‍. ഒടുവില്‍ ആദ്യ ഹിന്ദി ചിത്രമായ 'സിഐഡി' യുടെ ടൈറ്റിലില്‍ തെളിഞ്ഞത് ആ പേര് തന്നെ: വഹീദ റഹ്‌മാന്.
1936 ഫെബ്രുവരി മൂന്നിന് തമിഴ്നാട് ചെങ്കല്‍പേട്ടില്‍ മുഹമ്മദ് അബ്ദുറഹ്‌മാന്റെയും മുംതാസ് ബീഗത്തിന്റെയും മകളായാണ് വഹീദയുടെ ജനനം. നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു വഹീദ. ജില്ലാ കമ്മീഷണറായിരുന്ന അച്ഛന്‍, വഹീദയുടെ കൗമാരപ്രായത്തില്‍ തന്നെ മരിച്ചു. അച്ഛന്റെ മരണശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അവര്‍ പല വേദികളിലായി നൃത്തപരിപാടികള്‍ ചെയ്യാന്‍ തുടങ്ങി. മൂന്ന് സഹോദരങ്ങളും ഭരതനാട്യം പഠിച്ചിരുന്നു.
സിനിമാ അരങ്ങേറ്റം തമിഴിലായിരുന്നെങ്കിലും, രണ്ടാമത്തെ ചിത്രമായ 'റോജുലു മറായി'യിലെ നൃത്തരംഗമാണ് ഹിന്ദി ചലച്ചിത്രമേഖലയിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കിയത്. അഭിനയജീവിതത്തില്‍ വഴിത്തിരിവായത് ക്ലാസിക് ചിത്രമായ പ്യാസയിലെ ഗുലാബോ എന്ന കഥാപാത്രം. ദശലക്ഷക്കണക്കിന് സിനിമാപ്രേമികളുടെ ഹൃദയം കവര്‍ന്നു ഗുലാബോയിലൂടെ വഹീദ.
'പ്യാസ'യ്ക്ക് ശേഷമാണ് മറ്റൊരു ഗുരുദത്ത് മാസ്റ്റര്‍പീസായ 'കാഗസ് കെ ഫൂലി' ന്റെ വരവ്. വാണിജ്യപരമായി ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് വഹീദ റഹ്‌മാന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഗുരുദത്ത് ഫിലിംസ് ബാനറില്‍ പുറത്തിറങ്ങിയ ചൗദവീ കാ ചന്ദ്, സാഹിബ് ബീബി ഓര്‍ ഗുലാം എന്നീ ചിത്രങ്ങള്‍ പിന്നാലെ വന്നു. സിനിമയിലെ വഹീദയുടെ മാര്‍ഗദര്‍ശിയായിരുന്ന ഗുരുദത്തുമായുള്ള സഹകരണം വ്യക്തിപരമായ കാരണങ്ങളാല്‍ സാഹിബ് ബീബി ഔര്‍ ഗുലാമോടെ അവസാനിച്ചു.
അറുപതുകളില്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമകളില്‍, എല്ലാ മുന്‍നിര നായകന്മാരുമായും വെള്ളിത്തിര പങ്കിടാന്‍ ഭാഗ്യമുണ്ടായി വഹീദയ്ക്ക്. ദേശീയ അവാര്‍ഡ് നേടിയ തീസ്രി കസം എന്ന ചിത്രത്തില്‍ രാജ് കപൂറായിരുന്നു നായകന്‍. ആറ് ദശാബ്ദത്തിലേറെ നീണ്ട കരിയറില്‍ അവര്‍ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങള്‍ക്കും അപൂര്‍വ ചാരുതയും തികവുമുണ്ടായിരുന്നു.
വിജയ് ആനന്ദിന്റെ ക്ലാസിക് ചിത്രമായ 'ഗൈഡി'ല്‍, റോസി എന്ന നര്‍ത്തകിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചതിന് വഹീദ, മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടി. നൃത്തത്തിലെ തന്റെ അസാധാരണ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ കൂടിയുള്ള അവസരമായാണ് റോസിയെ വഹീദ കണ്ടത്. നെഗറ്റീവ് വേഷമാണെന്ന വിമര്‍ശനമുണ്ടായിട്ടും അഭിനയമികവുകൊണ്ട് റോസിയെ അനശ്വരയാക്കി വഹീദ. നീല്‍ കമലിലെ അഭിനയത്തിന് വീണ്ടും ഫിലിം ഫെയര്‍ അവാര്‍ഡും രേശ്മ ഔര്‍ ശേര എന്ന ചിത്രത്തിലെ അഭിനയത്തിന് 1971 ലെ ദേശീയ അവാര്‍ഡും ലഭിച്ചു അവര്‍ക്ക്.
സിനിമയ്ക്കുപുറത്തെ വഹീദയെ അധികമാര്‍ക്കും അറിയില്ല. 1974 ല്‍ ശഗുന്‍ എന്ന ചിത്രത്തില്‍ തന്റെ നായകനായിരുന്ന കന്‍വാല്‍ജീത് കൗറിനെ വിവാഹം കഴിക്കുകയും ബെംഗളുരുവില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു അവര്‍. 2000-ല്‍ ഭര്‍ത്താവിന്റെ മരണശേഷം അവര്‍ മുംബൈയിലേക്ക് മടങ്ങി. സൊഹൈല്‍ രേഖി, കശ്വി രേഖി എന്നിവരാണ് മക്കള്‍. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ അഭിനിവേശമുള്ള വഹീദ ചിത്രപ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്.
ഏറ്റവും പ്രിയപ്പെട്ട കഥാപാത്രത്തെക്കുറിച്ച് ഒരു ഇന്റര്‍വ്യൂയില്‍ ചോദിച്ചപ്പോള്‍, രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല വഹീദക്ക് മറുപടി പറയാന്‍: 'ഗൈഡിലെ റോസി.' തന്നെപ്പോലെ നര്‍ത്തകിയായ, സ്വന്തം നിബന്ധനകള്‍ക്ക് അനുസൃതമായി ജീവിതം നയിച്ച റോസി വഹീദയ്ക്ക് പ്രിയങ്കരിയായി മാറിയത് സ്വാഭാവികം.