തിരക്കഥയും കോസ്റ്റ്യൂമും വലിച്ചെറിഞ്ഞു; ജോയ് മാത്യുവിനെതിരെ ആരോപണവുമായി ബൈനറി സിനിമ അണിയറ പ്രവർത്തകർ

തിരക്കഥയും കോസ്റ്റ്യൂമും വലിച്ചെറിഞ്ഞു; ജോയ് മാത്യുവിനെതിരെ ആരോപണവുമായി ബൈനറി സിനിമ അണിയറ പ്രവർത്തകർ

തിരക്കഥ ജോയ് മാത്യു മാറ്റിയെഴുതിച്ചെന്നും ആരോപണം
Updated on
1 min read

നടൻ ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണവുമായി ബൈനറി സിനിമയുടെ അണിയറപ്രവർത്തകർ. ജോയ് മാത്യു ലൊക്കേഷനിൽ വച്ച് തിരക്കഥ വലിച്ചെറിഞ്ഞു, സ്ക്രിപ്റ്റ് മാറ്റിയെഴുതിച്ചെന്നും സംവിധായകന്‍ ജാസിക് അലിയും സഹനിര്‍മ്മാതാവും സംഗീത സംവിധായകനുമായ രാജേഷ് ബാബുവും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സാമ്പാറിന്‍റെ അംശം ഉണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനര്‍ ആയ പെണ്‍കുട്ടിയുടെ മുഖത്തേക്ക് വസ്ത്രം വലിച്ചെറിഞ്ഞെന്നും അണിയറ പ്രവർത്തകർ പറയുന്നു

ജോയ് മാത്യവിനെ നേരത്തെ കണ്ട് തിരക്കഥ കൊടുത്തപ്പോള്‍ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. പക്ഷേ ലൊക്കേഷനില്‍ വന്നപ്പോൾ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞു. ചില ഡയലോഗുകൾ മാറ്റാതെ അഭിനയിക്കില്ലെന്ന് ജോയ് മാത്യു വാശി പിടിച്ചു. എട്ട്- ഒൻപത് മാസം കൊണ്ട് കഷ്ടപ്പെട്ട് എഴുതിയ സ്ക്രിപ്റ്റ് മാറ്റുക ബുദ്ധിമുട്ടുള്ള കാര്യമാണ്. സിനിമ മുടങ്ങുമെന്ന ഘട്ടം വന്നപ്പോൾ അനീഷ് രവിയും കൈലാഷും ചേര്‍ന്നാണ് തിരക്കഥ തിരുത്തി എഴുതിയത്.

മൂന്ന് ദിവസത്തേക്ക് ഡേറ്റ് തന്ന ജോയ് മാത്യു അര ദിവസമാണ് വന്നത്. സാമ്പാറിന്‍റെ അംശം ഉണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനര്‍ ആയ പെണ്‍കുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞു. ഷൂട്ട് ചെയ്യാനുള്ള ക്യാമറയില്‍ സിനിമയെടുക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. ഒരു അഭിനേതാവ് ഇതൊക്കെ പറയേണ്ട ആവശ്യമുണ്ടോയെന്നും സംവിധായകൻ ചോദിച്ചു

സിനിമയ്ക്ക് വേണ്ടി എന്തുവേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഫലം പറയുന്നത്. മുഴുവന്‍ പ്രതിഫലവും വാങ്ങിയിട്ടാണ് എല്ലാവരും അഭിനയിക്കാന്‍ വരുന്നത്. അവർ ആവശ്യപ്പെടുന്നതിൽ നിന്ന് ഒരു രൂപ കുറഞ്ഞാല്‍ വരില്ല. അത് അക്കൗണ്ടില്‍ വന്നതിന് ശേഷമാണ് അവര്‍ ഷൂട്ടിംഗിന് വരുന്നത്, സംവിധായകന്‍ ജാസിക് അലി പറയുന്നു.

ജോയ് മാത്യുവും കൈലാഷും ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രൊമോഷൻ പരിപാടികളോട് സഹകരിച്ചില്ലെന്നും അണിയറപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സിനിമ പ്രൊമോട്ട് ചെയ്യേണ്ടത് അതിൽ അഭിനയിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്നും എന്നാൽ ബൈനറിയുടെ കാര്യത്തിൽ ഇതുണ്ടായില്ലെന്നും രാജേഷ് ബാബു കുറ്റപ്പെടുത്തി. സിനിമയില്‍ അഭിനയിച്ച ജോയ് മാത്യു പ്രൊമോഷനില്‍ സഹകരിക്കാത്തതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന, ജോയ് മാത്യു എന്നാൽ അതിനോട് പ്രതികരിച്ചില്ലെന്ന് സംവിധായകനും ചൂണ്ടിക്കാട്ടി

ഈ സിനിമയില്‍ അഭിനയിച്ചവരൊന്നും ബാങ്കബിള്‍ ആര്‍ട്ടിസ്റ്റുകളല്ല. അവരെവച്ച് സാറ്റലൈറ്റ്, ഒടിടി ബിസിനസ് ഒന്നും നടക്കില്ല. സിനിമ പ്രൊമോട്ട് ചെയ്യുക അവരുടേ കൂടെ ഉത്തരവാദിത്തമാണ് . അതുണ്ടായില്ല, രാജേഷ് ബാബു പറയുന്നു.

logo
The Fourth
www.thefourthnews.in