മാസ്റ്റർ ക്രാഫ്റ്റ് ചിത്രങ്ങളുണ്ടായിരുന്നില്ല, നിലവാരം പുലർത്തിയ സിനിമകളും കുറവെന്ന് ജൂറി ചെയർമാൻ ഗൗതം ഘോഷ്

മാസ്റ്റർ ക്രാഫ്റ്റ് ചിത്രങ്ങളുണ്ടായിരുന്നില്ല, നിലവാരം പുലർത്തിയ സിനിമകളും കുറവെന്ന് ജൂറി ചെയർമാൻ ഗൗതം ഘോഷ്

റോഷാക്കും പുഴുവും ഒഴിവാക്കിയത് ജൂറി തീരുമാനം
Updated on
1 min read

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് മത്സരിച്ച സിനിമകൾ അടൂർ ഗോപാലകൃഷ്ണന്റെയോ ഷാജി എൻ കരുണിന്റയോ കെ ജി ജോർജിന്റെയോ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർന്നവയായിരുന്നില്ലെന്ന് ജൂറി ചെയർമാൻ ഗൗതം ഘോഷ് . 154 എൻട്രികളിൽ നിന്ന് അവസാന പട്ടികയിൽ ഇടം പിടിച്ച 50 ചിത്രങ്ങളിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ് ഉന്നതനിലവാരം പുലർത്തിയത്.

എന്നാൽ മികച്ച അവാർഡിനായി പരിഗണിക്കപ്പെട്ട എല്ലാ അഭിനേതാക്കളും വിസ്മയിപ്പിച്ചു. അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനവും നായികയെന്നോ നായകനെന്നോ നോക്കാതെ എല്ലാ വേഷത്തിലും അഭിനയിക്കുന്ന രീതിയും മലയാളത്തിന്റെ മാത്രം പ്രത്യേകതയാണ്, ഈ മനോഭാവം മികച്ച കലാകാരൻമാർക്ക് മാത്രം സാധിക്കുന്നതാണെന്നും ജൂറി ചെയർമാൻ ഗൗതം ഘോഷ് ദ ഫോർത്തിനോട് പറഞ്ഞു. മികച്ച നടിയോ നടനോ ഉള്ള മത്സരത്തിൽ, സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തോ എന്നതും പരിഗണിക്കപ്പെടും. ദേവി വർമയുടെ പ്രകടനം മികച്ചതായിരുന്നു, എന്തുകൊണ്ടാണ് അവർ സ്വന്തം ശബ്ദം ഉപയോഗിക്കാത്തത് എന്ന് അറിയില്ല, പക്ഷേ അവർക്ക് വേണ്ടി ഡബ്ബ് ചെയ്ത പോളി വിൽസൺ നന്നായി ചെയ്തു, അതിനാലാണ് പോളിക്ക് പുരസ്കാരം നൽകിയത്.

മികച്ച സിനിമയെടുക്കുന്ന ആൾ തന്നെ മികച്ച സംവിധായകനാകണമെന്നില്ലെന്നാണ് നൻപകലിന് പുരസ്കാരം ലഭിച്ചിട്ടും ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനാകാത്തതിനുള്ള ജൂറി ചെയർമാന്റെ മറുപടി. പ്രമേയം ഉൾപ്പെടെയുള്ള ഘടകങ്ങളാണ് മികച്ച ചിത്രത്തിനായി പരിഗണിക്കുക. എന്നാൽ അഭിനേതാക്കളെ എങ്ങനെ ഉപയോഗപ്പെടുത്തി, പ്രമേയം എങ്ങനെ അവതരിപ്പിച്ചു, സംവിധായകനെന്ന നിലയിലുള്ള കൈയടക്കം തുടങ്ങിയ കാര്യങ്ങളാണ് സംവിധായകനെ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കുന്നതെന്നും ഗൗതം ഘോഷ് പറയുന്നു. ആ നിലയ്ക്ക് നോക്കുമ്പോൾ 2022 മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ പുരസ്കാരത്തിന് അർഹൻ.

മത്സരിക്കുന്ന എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തരത്തിൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കാനാകില്ലെന്നും വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ജൂറി ചെയർമാൻ മറുപടി നൽകി

logo
The Fourth
www.thefourthnews.in