'ആദ്യസിനിമ അൺകൺവെൻഷണൽ ആയിരിക്കണം'; യാഥാർത്ഥ്യമായ ജോർജിന്റെ സ്വപ്നം

1975 ല്‍ പുറത്തിറങ്ങിയ 'സ്വപ്നാടനം' ആയിരുന്നു കെ ജി ജോര്‍ജിന്റെ ആദ്യ സ്വതന്ത്ര സംവിധാനം. ആ​ഗ്രഹിച്ചപോലെ തന്നെ ഇന്നോളം അൺകൺവെൻഷണൽ ആയിത്തന്നെ കരുതപ്പെടുന്ന മലയാളസിനിമ.

എന്റെ ആദ്യസിനിമ അൺകൺവെൻഷണൽ ആയിരിക്കണം. ആ ഉറച്ച നിർബന്ധത്തിൽ ജോർജ് എന്ന സിനിമാ പ്രേമി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചലച്ചിത്ര പഠനം പൂർത്തിയാക്കി സ്വര്‍ണ മെഡലോടെ തന്റെ ആദ്യ സിനിമയ്ക്കുളള പ്ലോട്ട് തിരക്കി ഇറങ്ങി. തിരുവല്ലക്കാരൻ പെയ്ന്ററായിരുന്നു ജോർജിന്റെ അച്ഛൻ. ചെറുപ്പം മുതലേ ചെറുകിടജോലികളിൽ ഏർപ്പെട്ട് വരുമാനം കണ്ടെത്തേണ്ടി വന്ന മിഡിൽ ക്ലാസ് കുടുംബത്തിലെ അം​ഗമായ ജോർജിന് വഴിയിലെവിടെയോ വീണുകിട്ടിയ സ്വപ്നമായിരുന്നു സിനിമ. സമ്പാദിക്കുന്ന തുച്ഛമായ പണത്തിലെ വലിയൊരു ശതമാനം സിനിമ കാണാനായി മാറ്റിവെച്ചു. തിരുവല്ലായിൽ നിന്ന് എറണാകുളം വരെ യാത്ര ചെയ്ത് സിനിമകൾ കണ്ടു. അന്ന് തിയേറ്ററിൽ കണ്ട് കൊതിച്ച പല സിനിമകളും പിന്നീടുളള സ്വപ്നങ്ങൾക്ക് കൂട്ടായി. ഇൻസ്റ്റിട്യൂട്ടിൽ സിനിമാമോഹികളായ ചെറുപ്പക്കാർക്കായി നിർത്താതെ ഓടിക്കൊണ്ടിരുന്ന സിനിമാ റീലുകൾക്കുപോലും മനപ്പാടമായിരിക്കും കൗതുകത്തോടെ തങ്ങളെ ഉറ്റുനോക്കിയിരുന്ന ആ ചെറുപ്പക്കാരന്റെ മുഖം. പഠനം പൂർത്തിയാക്കി ഇറങ്ങിയ ജോർജ് ആദ്യമായി 1970 ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത 'നെല്ല്' എന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കി. അങ്ങനെ ആ തുടക്കക്കാരൻ എക്കാലത്തെയും ക്ലാസ്സിക് ചിത്രത്തിന്റെ ഭാ​ഗമായി. ഒപ്പം കാര്യാട്ടിന്റെ സംവിധാന സഹായിയായും തുടർന്ന് അദ്ദേഹത്തിന്റെ തന്നെ 'മായ' എന്ന ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയും സഹകരിച്ചു.

1975 ല്‍ പുറത്തിറങ്ങിയ 'സ്വപ്നാടനം' ആയിരുന്നു കെ ജി ജോര്‍ജിന്റെ ആദ്യ സ്വതന്ത്ര സംവിധാനം. ആ​ഗ്രഹിച്ചപോലെ തന്നെ ഇന്നോളം അൺകൺവെൻഷണൽ ആയിത്തന്നെ കരുതപ്പെടുന്ന മലയാളസിനിമ. സൈക്കോ - ഡ്രാമ വിഭാഗത്തില്‍ പെടുത്താവുന്ന ഈ ചിത്രം അതുവരെ ഉണ്ടായിരുന്ന സിനിമാ സങ്കല്‍പങ്ങളില്‍ നിന്നും വേറിട്ട അനുഭവമായി. ആ വര്‍ഷത്തെ ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും നിരൂപക പ്രശംസയും സാമ്പത്തിക നേട്ടവും സ്വന്തമാക്കി. ആദ്യ സിനിമയോടെ തന്നെ മലയാള മധ്യവര്‍ത്തി സിനിമയുടെ വക്താക്കളില്‍ ഒരാളായി ജോര്‍ജും അംഗീകരിക്കപ്പെട്ടു. തുടർന്നങ്ങോ‍ട് ഴോണറുകൾ മാറി മാറിയുളള പരീക്ഷണങ്ങൾ. നാടകത്തിന്റെ പശ്ചാത്തലത്തില്‍ തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനത്തിന്റെ കഥ പറഞ്ഞ, ജോര്‍ജിന്റെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിലെ ആദ്യത്തെ ഇൻവസ്റ്റിഗേഷൻ ത്രില്ലറായ 'യവനിക', സൈക്കോളജിക്കൽ ത്രില്ലറായ 'ഇരകൾ', 'പഞ്ചവടിപ്പാലം' പോലെ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം, 'ആദാമിന്റെ വാരിയെല്ല്' പോലൊരു കരുത്തുറ്റ സ്ത്രീപക്ഷ സിനിമ, സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറഞ്ഞ ബയോപിക്, 'ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്', ഒടുവിൽ സംവിധാനം ചെയ്ത 'ഇലവങ്കോട് ദേശം' എന്ന പീരിയഡ് സ്റ്റോറി, അങ്ങനെ നീണ്ടു ജോർജ് എന്ന അസാധാരണക്കാരൻ മലയാളസിനിമയ്ക്ക് സമ്മാനിച്ച വൈവിദ്യങ്ങൾ.

ഇതിലൊന്നും പെടാത്ത 'കോലങ്ങൾ' ആയിരുന്നു താൻ എടുത്തിട്ടുളളതിൽ വെച്ച് ഏറ്റവും നല്ല സിനിമകളിൽ ഒന്ന് എന്ന് ജോർജ് കരുതിയിരുന്ന ചിത്രം. പി ജെ ആന്റണിയുടെ 'ഒരു ഗ്രാമത്തിന്റെ ആത്മാവ്' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ചെയ്ത സിനിമ. പൂനെ ഇൻസ്റ്റിട്യൂട്ടിൽ നിന്ന് പുറത്തിറങ്ങിയ കാലം, ഗീത ആർട്സ് ക്ലബ്ബിന്റെ നാടക റിഹേഴ്സൽ ക്യാമ്പിൽ വെച്ച് തിലകൻ എന്ന നാടകനടനെ ജോർജ് പരിചയപ്പെട്ടു. അയാളിലെ അസാമാന്യ അഭിനയ വൈഭവം തിരശ്ശീലയ്ക്ക് മുന്നിൽ നിന്നു കണ്ടുമനസിലാക്കിയ ജോർജ് അന്നുറപ്പിച്ചുകാണണം, ചെയ്യേണ്ടുന്ന സിനിമ നിശ്ചയമായിട്ടില്ലെങ്കിലും എന്റെ ഏതോ കഥാപാത്രം ഇയാളിൽ ഉറങ്ങിക്കിടപ്പുണ്ട്. അവസാന നാളിലെ ഓർമ്മകളിലും കെ ജി ജോർജ് പറയുമായിരുന്നു എന്റെ ഇഷ്ടസിനിമ 'കോലങ്ങളും' ഇഷ്ട‌കഥാപാത്രം തിലകൻ എനിക്കുവേണ്ടി ചെയ്തുതന്ന കള്ളു വർക്കിയുമാണെന്ന്. ആന്റണിയുടെ 'ഒരു ഗ്രാമത്തിന്റെ ആത്മാവ്' വായിച്ചപ്പോൾ തന്നെ കള്ളുവർക്കിക്ക് തിലകന്റെ മുഖമായിരുന്നു എന്ന്. ഒപ്പം തിലകനെ വേണ്ടവിധം മലയാളസിനിമ ഉപയോ​ഗിച്ചില്ലെന്ന പരിഭവവും. കെ ജി ജോർജ് എന്ന സംവിധായകനിലെ മായാജാലം തിരിച്ചറിഞ്ഞ് അമ്പരന്നത് യവനികയുടെ ഫ്ലാഷ്ബാക്ക് കൂട്ടിയിണക്കിയ രീതി കണ്ടാണെന്ന് തിലകനും ഒരിക്കൽ പറയുകയുണ്ടായി.

കാലങ്ങളോളം നല്ലൊരു കഥാപാത്രത്തിനായി അലഞ്ഞുനടന്ന മമ്മൂട്ടിക്ക് ആദ്യമായി നായക തുല്യമായ വേഷം ലഭിച്ച 'മേള', കെ ജി ജോർജ് എന്ന സിനിമാക്കാരന്റെ കരിയറിലെ പത്താമത് ചിത്രമായിരുന്നു. മമ്മൂട്ടിയുടെ സിനിമാ നായകവേഷ തുടക്കവും. ഒരു കുതിരയെ നേരിൽ കാണുകപോലും ചെയ്യാത്ത മമ്മൂട്ടി എന്ന യുവാവിനോട് അന്ന് സംവിധായകൻ ജോർജ് ചോദിച്ചു, സർക്കസ് ക്യാമ്പിലെ കുതിരയെ തരാം, ഓടിക്കാമോ? അറിയാത്ത കാര്യം എങ്ങനെ ചെയ്യും! അമ്പരന്നുനിന്ന മമ്മൂട്ടിയോട് അല്ലെങ്കിൽ പോട്ടെ, മോട്ടോർ സൈക്കിൾ ഓടിക്കാമോ? പയറ്റിത്തെളിഞ്ഞ പരിജയമൊന്നും അന്ന് മോട്ടോർ സൈക്കിളിലും മമ്മൂട്ടിക്കില്ല. എങ്കിലും ആദ്യ പ്രധാന വേഷം വിട്ടുപോകുമോ എന്ന ഭയത്തിൽ അറിയാമെന്ന് തലയാട്ടി. അവിടെ മമ്മൂട്ടി എന്ന നായകന്റെ യാത്രയുടെ തുടക്കവുമായി. കഴിവുതിരിച്ചറിഞ്ഞ് കൂടെക്കൂട്ടിയ പലർക്കും മികവുറ്റ വേഷങ്ങൾ കൊടുക്കാൻ ജോർജ് എന്ന സിനിമാക്കാരന് കഴിഞ്ഞു. ഒപ്പം തന്നിൽ പ്രതീക്ഷ തന്ന പ്രേക്ഷകരെ വേറിട്ട കാഴ്ചകളും അനുഭവങ്ങളും കൊടുത്ത് അതിശയിപ്പിക്കാനും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in