വരും വരായ്കകളുടെ നന്‍പകല്‍ നേരം

വരും വരായ്കകളുടെ നന്‍പകല്‍ നേരം

മാധ്യമ പ്രവർത്തകനും ചലച്ചിത്ര ആസ്വാദകനുമായ കെ എസ് ശൈലേന്ദ്രന്‍ എഴുതുന്നു
Updated on
3 min read

One short sleep past, we wake eternally,

And Death shall be no more ; Death, thou shalt die.

John Donne

HOLLY SONNETS

രണ്ട് ഉച്ചമയക്കങ്ങള്‍ക്കിടയിലെ ഒരു സ്വപ്‌നമെന്ന്  നന്‍പകല്‍ നേരത്ത് മയക്കത്തെ കുറുക്കിയെടുക്കാം. ഞാന്‍ ആരുടെ തോന്നലാണെന്ന കുഞ്ഞുണ്ണിക്കവിതയുടെ ദൃശ്യഭാഷ പോലൊരു സിനിമ. സ്വപ്‌നവും ജീവിതവും കലര്‍ന്ന് പുലരുന്ന ആഖ്യാനരീതി നിരന്തരം ഓര്‍മപ്പെടുത്തിയത് ബെന്‍ ഓക്രിയെന്ന നൈജീരിയന്‍ എഴുത്തുകാരനെയാണ്. നിന്റെ ആത്മാവുമായി നീയുണ്ടാക്കിയ ഉടമ്പടിയനുസരിച്ചാണ് നിന്റെ ജീവിതത്തിന്റെ വഴി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന് എഴുതിയത് ഓക്രിയാണ്.  ജീവിതത്തിന്റെ ഉന്മത്തമായ അവസ്ഥയായാണ് ബെന്‍ സ്വപ്നത്തെ കാണുന്നത്.

നിന്റെ ആത്മാവുമായി നീയുണ്ടാക്കിയ ഉടമ്പടിയനുസരിച്ചാണ് നിന്റെ ജീവിതത്തിന്റെ വഴി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ബെന്‍ ഓക്രി

മൂവാറ്റുപുഴക്കാരന്‍ ജെയിംസും ബന്ധുക്കളും നാട്ടുകാരുമൊക്കെയടങ്ങുന്ന സംഘം വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് കേരളത്തിലേക്ക് മടക്കയാത്ര ആരംഭിക്കുന്നിടത്താണ് നന്‍പകലിന്റെ തുടക്കം. തിരക്കുകളും കോലാഹലങ്ങളുമടങ്ങി നഗരത്തില്‍ നിന്നു വിശാലമായ പാടങ്ങള്‍ക്കു നടുവിലുള്ള സ്വച്ഛമായ പാതയിലേക്ക് യാത്രയെത്തുമ്പോഴേക്കും ഉച്ചയായി. വിരസതയും ആലസ്യവും ചേര്‍ന്ന ഉച്ചമയക്കത്തിലെവിടെയോ വണ്ടി നില്‍ക്കുന്നു. ജെയിംസ് പാടങ്ങള്‍ക്കു നടുവില്‍  ഇറങ്ങി പതിയെ നടന്ന് അടുത്തുള്ള ഗ്രാമത്തിലെത്തി രണ്ടു വര്‍ഷം മുന്‍പ് കാണാതായ 'സുന്ദര'മായി ജീവിക്കാന്‍ തുടങ്ങുന്നു.

പിന്നാലെ അന്വേഷിച്ചെത്തുന്ന ജെയിംസിന്റെ സഹയാത്രികര്‍ക്കും സുന്ദരത്തിന്റെ ഉറ്റവര്‍ക്കും അതീവ വിചിത്രമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഒരു ദിവസം അയാള്‍ ജീവിക്കുന്നു. ഇടയ്‌ക്കെപ്പൊഴോ തന്നിലേക്കു തന്നെ തിരിഞ്ഞു നോക്കി പകച്ചു പോകുന്ന അയാള്‍ വീണ്ടുമൊരുച്ചയുറക്കത്തിനു ശേഷം പഴയ തന്നിലേക്കു മടങ്ങുന്നു. സ്വപ്‌നത്തില്‍ നിന്നുണര്‍ന്നതെന്നോ സ്വപ്‌നത്തിലേക്കുണര്‍ന്നതെന്നോ തിരിച്ചറിയാനാകാത്ത ഒരു നിമിഷത്തില്‍ യാത്ര തുടരുന്നു.

തമിഴ് സിനിമാ സംഭാഷണങ്ങളും ഗാനങ്ങളുമാണ് സിനിമയിലുടനീളം പശ്ചാത്തലമായുപയോഗിച്ചിരിക്കുന്നത്. തിരുക്കുറലും കണ്ണദാസന്റെ വരികളും തമിഴ് വെയിലിനൊപ്പം എല്ലാ രംഗങ്ങളിലും പാറിവീണു കിടക്കുന്നുണ്ട്. നടന്‍ മമ്മൂട്ടി ഇരട്ട വേഷത്തിലഭിനയിച്ച പരമ്പര എന്ന സിനിമയാണ് മടക്കയാത്രയില്‍ ജെയിംസും സംഘവും വണ്ടിയില്‍ കാണുന്നത്. ഒരുവേള ശിവാജി ഗണേശന്റെ ഇരട്ട വേഷത്തിന്റെ ഡയലോഗിനൊപ്പം സുന്ദരം അഭിനയിക്കുന്നുമുണ്ട്. വിശാലമായ പാടത്തെ രണ്ടായി പകുത്ത വഴിയിലാണ് ജെയിംസിന്റെയും കൂട്ടരുടെയും വണ്ടി കാത്തു നില്‍ക്കുന്നതും.

ജെല്ലിക്കെട്ടിലും അങ്കമാലി ഡയറീസിലും ചടുലമായ വേഗത കൈവരിച്ച ക്യാമറ നന്‍പകലില്‍ ഏകദേശം നിശ്ചലമാണ്. സ്വച്ഛശാന്തമായ ഉറക്കം കെടുത്താതെ അരികത്തു നിന്ന് കാഴ്ച കാണുന്ന റോളിലാണ് ലിജോ ജോസ് പെല്ലിശേരി ക്യാമറ ഉപയോഗിച്ചിരിക്കുന്നത്. ജീവിതത്തിന്റെ മതിഭ്രമങ്ങളെക്കുറിച്ച് തമിഴ് സാഹിത്യത്തിനുള്ള അഗാധമായ ഉള്‍ക്കാഴ്ച ഉപയോഗിക്കാന്‍ കൂടിയാകണം ലിജോ ഈ സിനിമയെ തമിഴ്‌നാട്ടില്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചതെന്ന് കരുതാം.

വണ്ടിയില്‍ നിന്നിറങ്ങി നടക്കുന്ന ജെയിംസ് സുന്ദരത്തിന്റെ വീട്ടിലെത്തുന്നത് നിരവധി ഇടവഴികളും തിരിവുകളും കഴിഞ്ഞാണ്. സന്ദേഹമേതുമില്ലാതെയാണ് അയാള്‍ സുന്ദരത്തിന്റെ വീട്ടില്‍ നടന്നെത്തി വേഷം മാറി സുന്ദരമായി മാറുന്നത്. തുടര്‍ന്ന് നടക്കുന്ന കുഴമറിച്ചിലില്‍ ജീവിതത്തിന്റെ നിരവധി ഞൊറിവുകള്‍ പല കഥാപാത്രങ്ങളിലൂടെ നമുക്കയാള്‍ കാട്ടിത്തരുന്നു. അപരിചിതനായൊരാള്‍ വീട്ടില്‍ കുടി പാര്‍ക്കാനെത്തുമ്പോള്‍ പൊട്ടിത്തെറിക്കുന്ന ചെറുപ്പക്കാരെപ്പോലെയല്ല മുതിര്‍ന്നവര്‍ ഈ സംഭവത്തെ കാണുന്നത്. സുന്ദരത്തിന്റെ അന്ധയായ പാട്ടിയമ്മയ്ക്ക് സംശയമേതുമില്ല. കാരണം അവരെ സംബന്ധിച്ച് സുന്ദരം സ്‌നേഹമുള്ള ഒരു ഓര്‍മയാണ്. കാഴ്ചയല്ല.

സുന്ദരത്തില്‍ നിന്നും ഉറയൂരി ജെയിംസ് മടങ്ങിപ്പോകുമ്പോഴും കണ്ണീരണിയുന്നത് പാട്ടിയമ്മയാണ്. സുന്ദരത്തിന്റെ അപ്പനും ഗ്രാമത്തിലെ പെരിയവര്‍ക്കും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാകുന്നുവെങ്കിലും, ഒരല്‍പം സാവകാശം കൊടുത്താല്‍ എല്ലാം ശരിയാകുമെന്ന വിശ്വാസമാണുള്ളത്. കാലം എല്ലാ മുറിവുകളെയും ഉണക്കുമെന്ന ബോധ്യം, എണ്ണമറ്റ ഉച്ചയുറക്കങ്ങള്‍ക്കു ശേഷം അവരില്‍ അവശേഷിക്കുന്നതുമാകാം.

ജെയിംസും കൂട്ടരും മടങ്ങിവന്ന ശേഷം, എല്ലാമടങ്ങി വണ്ടി മടക്കയാത്ര ആരംഭിക്കുന്നതിനു മുന്‍പ് ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്ന ജെയിംസിന്റെ ഒരു ഫ്രെയിമുണ്ട് ചിത്രത്തില്‍. ജെയിംസിന്റെ ഇറങ്ങിപ്പോക്കിനു മുന്‍പ് കട്ട് ചെയ്ത് ഈ ഫ്രെയിമിലേക്കു നേരെയെത്തിയാല്‍ അസാധാരണമായൊന്നുമില്ലാത്ത ഒരു ഹ്രസ്വചിത്രമായി മാറ്റാവുന്ന സിനിമയാണിത്. പ്രേക്ഷകന് വേണമെങ്കില്‍ ദേജാവു എന്നോ , പശ്ചാത്തല സംഗീതത്തിലെ പാട്ടു വരികളിലെപ്പോലെ കലക്കമെന്നോ മയക്കമെന്നോ ഒക്കെ വ്യാഖ്യാനിക്കാനുള്ള ഒരു പഴുതാണത്.

അലസസുന്ദരമായ ഒരു സ്വപ്‌നത്തിന്റെ ആലസ്യം കണ്ണുകളില്‍ അവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്. ആ ഫീല്‍ സമ്മാനിക്കാന്‍ കഴിഞ്ഞുവെന്നതാണ് ലിജോ ജോസ് പെല്ലിശേരിയെന്ന സംവിധായകന്റെ മിടുക്ക്. ലിജോയുടെ തന്ന കഥയ്ക്ക് എസ്.ഹരീഷാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. യുക്തിയുടെ കത്രിക കൊണ്ട് ഭാവനയുടെ ചിറകുകള്‍ മുറിച്ചു കളയുന്നതിനെക്കുറിച്ച് വ്യാകുലതയുള്ള എഴുത്തുകാരന്‍ കൂടിയാണ് ഹരീഷ്. യക്ഷികളും ഭൂതങ്ങളുമൊക്കെ കെട്ടുകഥകളാണെന്ന് പറഞ്ഞ് കുട്ടികളുടെ ഭാവനയുടെ ലോകം പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് ഹരീഷ് എഴുതിയിട്ടുണ്ട്.

റെനെ ദെക്കാര്‍ത്തെയുടെ ഡ്രീമിങ് ആര്‍ഗ്യുമെന്റ് പോലെയുള്ള സങ്കേതങ്ങള്‍ ഉപയോഗിച്ച് വിശകലനം ചെയ്യാന്‍ നിരവധി സാധ്യതകള്‍ തുറന്നിടുന്നുണ്ട് ലിജോയുടെ സിനിമ.മാരി സെല്‍വരാജിന്റെ കര്‍ണന്റെ ക്യാമറ ചെയ്ത തേനി ഈശ്വറാണ് നന്‍പകലിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. തമിഴ് ഗ്രാമീണ മിത്തിന്റെ മോട്ടിഫുകള്‍ അതിഗംഭീരമായി കര്‍ണനില്‍ ഉപയോഗിച്ച തേനി ഈശ്വറിനെത്തന്നെ ലിജോ തന്റെ ക്യാമറ ഏല്‍പ്പിച്ചത് വെറുതെയായില്ല. കണ്ണടച്ചു തുറക്കുമ്പോഴേക്കും ഒരു പൂമ്പാറ്റയായി ഉണര്‍ന്നേക്കുമോ എന്നു തോന്നിപ്പിക്കുന്ന മനോഹരമായൊരു ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം.

logo
The Fourth
www.thefourthnews.in