ഭാവഗായകനെ കണ്ടെത്തിയ രാമനാഥൻ മാഷ്
വിനയാന്വിതനായി മുന്നിലിരുന്ന ശിഷ്യനെ നോക്കി ഗുരു പറഞ്ഞു: "പ്രായം അൽപ്പം കൂടി, മുടി അൽപം നരച്ചു എന്നതൊഴിച്ചാൽ ഇയാൾ ആ പഴയ സ്കൂൾ കുട്ടി തന്നെ. പാട്ടിലും സംസാരത്തിലും പെരുമാറ്റത്തിലും ഒക്കെയുണ്ട് ആ കുട്ടിത്തം.."
ആ കുട്ടിത്തം തന്നെയാണല്ലോ പതിറ്റാണ്ടുകൾക്കിപ്പുറവും ശിഷ്യനെ മലയാളികളുടെ പ്രിയ ഭാവഗായകനായി നിലനിർത്തുന്നതെന്ന് പറഞ്ഞപ്പോൾ രാമനാഥൻ മാഷ് ചിരിച്ചു. "ജീവിതം സാർത്ഥകമായി എന്ന് തോന്നുന്ന ചില നിമിഷങ്ങളുണ്ട്. അവയിലൊന്നാണത്. പ്രഗത്ഭനായ ഒരു ഗായകന്റെ ഉദയത്തിന് നിമിത്തമാകാൻ കഴിഞ്ഞു എന്നത് ഈ ആയുസിൽ എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യം." മലയാളികളുടെ പ്രിയ ഭാവഗായകനോടൊപ്പം കെ വി രാമനാഥൻ മാഷിനെ ഇരിഞ്ഞാലക്കുടയിലെ വീട്ടിൽ ചെന്നു കണ്ടത് ഇരുപതു വർഷം മുൻപാണ്. മികച്ച ഗായകനുള്ള മൂന്നാമത്തെ സംസ്ഥാന അവാർഡ് 'നിറ' ത്തിലെ പാട്ടിന് ജയചന്ദ്രൻ ഏറ്റുവാങ്ങി ഏതാനും ആഴ്ചകൾക്കകം. യാത്രാമദ്ധ്യേ ജയേട്ടൻ പറഞ്ഞ വാക്കുകൾ അപ്പോഴുമുണ്ടായിരുന്നു മനസിൽ. "രണ്ട് മഹാഗുരുക്കന്മാരുണ്ട് എനിക്ക്. രാമനാഥൻ മാഷും ദേവരാജൻ മാഷും. ആദ്യത്തെയാൾ എന്റെ ജീവിതത്തിന് അർത്ഥം നൽകി, രണ്ടാമത്തെയാൾ എന്റെ സംഗീതത്തിനും...''
മിതഭാഷിയും ഏറെക്കുറെ അന്തർമുഖനുമായ സ്കൂൾ കുട്ടിയിൽ മറഞ്ഞുകിടന്ന പ്രതിഭാശാലിയായ പാട്ടുകാരനെ കണ്ടെത്തി തേച്ചുമിനുക്കിയെടുത്ത കഥ രാമനാഥൻ മാഷ് വിവരിച്ചുകേട്ടത് അന്നാണ്. ജയചന്ദ്രന്റെ ജീവിതത്തിലെ ആദ്യ "സ്റ്റേജ് പരിപാടി"യുടെ ഓർമ്മ. മൈക്കില്ല, മൾട്ടി വാട്സ് സ്പീക്കറുകളില്ല. ആർത്തലയ്ക്കുന്ന ജനക്കൂട്ടമില്ല. ആകാംക്ഷാഭരിതമായ കുറെ കുഞ്ഞിക്കണ്ണുകൾ മാത്രം മുന്നിൽ. നിഷ്കളങ്കമായ ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി പാടിത്തുടങ്ങുന്നു പാലിയത്ത് ജയചന്ദ്രൻ കുട്ടൻ എന്ന പതിമൂന്നുകാരൻ: 'ഓഹോ വെണ്ണിലാവേ വിണ്ണാളും വെണ്ണിലാവേ ..' ഘണ്ടശാല വെങ്കിടേശ്വര റാവുവും പി ലീലയും ചേർന്ന് പാടിയ 'പ്രേമപാശ'ത്തിലെ തമിഴ് ഹിറ്റ് ഗാനം.
ഇരിഞ്ഞാലക്കുട നാഷണൽ സ്‌കൂളിലെ എട്ടാം ക്ലാസ് എ ഡിവിഷൻ വിദ്യാർത്ഥി വെള്ളിയാഴ്ച വൈകുന്നേരത്തെ സാഹിത്യസമാജം പീരിയഡിൽ പാടിക്കേട്ട ആ പാട്ട് സ്നേഹവാത്സല്യങ്ങളോടെ എന്നും ഓർമ്മയിൽ സൂക്ഷിച്ചു അന്നത്തെ യോഗധ്യക്ഷൻ രാമനാഥൻ മാഷ്. "1958 ജൂലൈയിലാണ്. പാടാൻ അറിയുന്നവർ ആരെങ്കിലുമുണ്ടോ എന്ന് വിളിച്ചു ചോദിച്ചപ്പോൾ മേശക്കരികിലേക്ക് ചുറുചുറുക്കോടെ നടന്നുവന്നു വെളുത്തുരുണ്ട ഒരു കുട്ടി. മെറൂൺ ഷോർട്ട്സും ഇളം മഞ്ഞ സിൽക്ക് ഷർട്ടുമാണ് വേഷം. നെറ്റിയിൽ കാലത്ത് തൊട്ട ചന്ദനക്കുറി അതേപടിയുണ്ട്. എന്റെ മേശക്കടുത്ത് വന്നു നിന്നതും സ്വിച്ചിട്ട പോലെ പാടിത്തുടങ്ങുന്നു അയാൾ. ശബ്ദത്തിൽ തരിമ്പുമില്ല വിക്കലും വിറയലും. ഓമനത്തമുള്ള ആ മുഖത്ത് കണ്ട ആത്മവിശ്വാസം എന്നെ ഒട്ടൊന്ന് അത്ഭുതപ്പെടുത്തി എന്നത് സത്യം."
അതേ വർഷം നാഷണൽ സ്കൂളിന്റെ പ്രതിനിധിയായി കുട്ടിപ്പാട്ടുകാരനെ സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുപ്പിച്ചത് മറ്റൊരു ദീപ്തമായ ഓർമ്മ. അരങ്ങേറ്റത്തിൽ മൃദംഗത്തിലും അടുത്ത വർഷം ലളിത സംഗീതത്തിലും ജേതാവായി ജയചന്ദ്രൻ. അധികം വൈകാതെ സിനിമയിലുമെത്തി. യാദൃച്ഛികമായി കാതിൽ ഒഴുകിയെത്തിയ 'കളിത്തോഴ'നിലെ 'മഞ്ഞലയിൽ മുങ്ങിത്തോർത്തി' എന്ന ഗാനം നിറകണ്ണുകളോടെ കേട്ടുനിന്ന ഓർമ്മ വികാരഭരിതനായി മാഷ് പങ്കുവെച്ചതോർമ്മയുണ്ട്. ചലച്ചിത്ര സംഗീതത്തിലെ ജയചന്ദ്രയുഗം തുടങ്ങിയിരുന്നതേയുള്ളൂ.
"എല്ലാം വിധിനിയോഗം."-- രാമനാഥൻ മാഷിന്റെ വാക്കുകൾ. "സംഗീത ജീവിതത്തിൽ ജയന് എന്നോടുള്ള കടപ്പാടിനെ കുറിച്ച് പലരും പറഞ്ഞുകേൾക്കുമ്പോൾ വിനയത്തോടെ ഞാൻ അവരെ തിരുത്താറുണ്ട്. അത് അയാളുടെ കഴിവുകളെ കുറച്ചു കാണലാണ്. ഞാനല്ലെങ്കിൽ മറ്റൊരാൾ ആ പ്രതിഭ തിരിച്ചറിഞ്ഞേനെ. എനിക്ക് അതിനൊരു നിമിത്തമാകാൻ കഴിഞ്ഞു എന്നു മാത്രം." പ്രതിഭ തെളിയിച്ചതും അംഗീകാരങ്ങൾ നേടിയതും ബാലസാഹിത്യത്തിലാണെങ്കിലും ധാരാളം ലളിതഗാനങ്ങളുമുണ്ട് രാമനാഥൻ മാഷിന്റെ വകയായി; കെ രാഘവനെപ്പോലുള്ള പ്രഗത്ഭർ സ്വരപ്പെടുത്തിയ രചനകൾ. കെ കുഞ്ഞിമൂസ ശബ്ദം പകർന്ന "കരിനീല രജനി തൻ" എന്ന ആകാശവാണി ഗാനം ഇന്നുമുണ്ട് ഓർമ്മയിൽ.
കുട്ടിത്തം ഡിജിറ്റൽ ലോകത്തേക്കും കാർട്ടൂൺ നെറ്റ്‌വർക്കിലേക്കും കുടിയേറിയ ഈ കാലത്തും ഗൃഹാതുരതയോടെ നാം മനസ്സിൽ സൂക്ഷിക്കുന്നു കെ വി രാമനാഥന്റെ മാന്ത്രികസ്പർശമേറ്റ ഒട്ടനവധി കഥാപാത്രങ്ങൾ. അപ്പുക്കുട്ടനും ഗോപിയും മാന്ത്രികപ്പൂച്ചയും അത്ഭുതവാനരനും അദൃശ്യ മനുഷ്യനും മുതൽ അത്ഭുതനീരാളി വരെയുണ്ട് അവരിൽ. എന്റെ തലമുറയുടെ ബാല്യകാല സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയവർ."എങ്കിലും മാഷ് ഞങ്ങൾക്ക് സമ്മാനിച്ച ഏറ്റവും തിളക്കമാർന്ന കഥാപാത്രം ജയേട്ടൻ തന്നെ എന്നാണെന്റെ വിശ്വാസം."-- വിടപറയുമ്പോൾ രാമനാഥൻ മാഷോട് പറഞ്ഞു. ആണെന്നും അല്ലെന്നും പറഞ്ഞില്ല മാഷ്. പകരം ഒരു ചിരി മാത്രം സമ്മാനിച്ചു. ആ ചിരിയിലുണ്ടായിരുന്നു എല്ലാം.