FIR against Kaali director Leena Manimekalai
FIR against Kaali director Leena Manimekalai

'പുക വലിക്കുന്ന കാളി'; സംവിധായിക ലീന മണിമേഖലൈക്ക് എതിരെ യുപിയിലും, ഡല്‍ഹിയിലും കേസ്

വിവാദങ്ങളുടെ വില തന്റെ ജീവനാണെങ്കില്‍ അത് നല്‍കാന്‍ തയ്യാറാണെന്നും ലീന മണിമേഖലൈ
Updated on
1 min read

ഹിന്ദു ദേവത കാളിയെ പുകവലിക്കുന്ന രീതിയില്‍ സിനിമ പോസ്റ്ററില്‍ ചിത്രീകരിച്ച സംഭവത്തില്‍ സംവിധായിക ലീന മണിമേഖലൈ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്. ഉത്തര്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലീന മണിമേഖലൈക്ക് പുറമെ ഡോക്യൂമെന്ററിയുടെ നിര്‍മ്മാതാവ്, എഡിറ്റര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തല്‍, മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജൂലൈ 2 നാണ് മണിമേഖലൈ തന്റെ പുതിയ ചിത്രമായ കാളിയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പിന്നാലെ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. സിഗരറ്റ് വലിക്കുന്ന നിലയില്‍ ഹിന്ദു ദേവതയെ ചിത്രീകരിച്ചത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതോടെയാണ് ഉത്തര്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ പരാതി രജിസ്റ്റര്‍ ചെയ്യുന്ന നിലയുണ്ടായത്. ബിജെപി നേതാവ് ശിവം ഛബ്രയുള്‍പ്പെയാണ് മണിമേഖലൈക്ക് എതിരെ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്.

പോസ്റ്റര്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സംവിധായികയ്ക്ക് എതിരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണവും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. ലീന മണിമേഖലൈയെ അറസ്റ്റ് ചെയ്യണമെന്നും പോസ്റ്റര്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ സംവിധായികയ്ക്ക് എതിരെ രംഗത്തെത്തുകയും ചെയ്തു.

ചിത്രം ആഗോള തലത്തിലുള്ള ഭാരതീയരുടെ മതവികാരത്തെ നശിപ്പിക്കും, അതിനാല്‍ ട്വീറ്റ് നീക്കം ചെയ്യാന്‍ ഇടപെടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിജെപി വക്താവ് വിനീത് ഗോയങ്കെ പ്രതികരിച്ചിരുന്നു.

എന്നാല്‍, തനിക്ക് നഷ്ടപ്പെടാനൊന്നുമില്ലെന്നായിരുന്നു വിഷയത്തില്‍ ലീന മണിമേഖലൈ നടത്തിയ പ്രതികരണം. വിവാദങ്ങളുടെ വില തന്റെ ജീവനാണെങ്കില്‍ അത് നല്‍കാന്‍ തയ്യാറാണെന്നും ലീന മണിമേഖലൈ ട്വീറ്റ് ചെയ്തു.

നിലവില്‍ ടൊറന്റൊയില്‍ ചലച്ചിത്ര വിദ്യാര്‍ഥിനിയാണ് മണിമേഘലൈ. ടൊറന്റൊ മെട്രൊപൊളിറ്റന്‍ യൂണിവേഴ്‌സിറ്റി മള്‍ട്ടി കള്‍ചറലിസം പ്രോഗ്രാം ചെയ്യാന്‍ തിരഞ്ഞെടുത്ത 18 പേരില്‍ ഒരാളാണ് ഈ മധുര സ്വദേശിനി.

മണിമേഘലൈയുടെ ചിത്രങ്ങളില്‍ ദേവതകള്‍ കഥാപാത്രമാകുന്നത് ആദ്യമല്ല. 2007 ല്‍ മുംബൈ, മ്യൂണിച്ച് ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ഗോഡസെസ്സ, 2019 ലെ മാടത്തി ആന്‍ അണ്‍ഫെയറി ടെയ്ല്‍ എന്ന ഡോക്യുമെന്ററികളിലും ദേവത ഒരു പ്രധാന കഥാപാത്രമാണ്.

പോസ്റ്ററിനെ കുറിച്ച് ലീന മണിമേഖലൈ നടത്തിയ പ്രതികരണം ഇങ്ങനെ. ദക്ഷിണേന്ത്യയിലെ ഉത്സവങ്ങളില്‍ ദൈവവേഷം കെട്ടുന്നവര്‍ പുകവലിക്കുന്നതും മദ്യപിക്കുന്നതും നൃത്തം ചെയ്യുന്നതുമെല്ലാം സാധാരണമാണ്. ടൊറന്‍റോയിലെ കന്‍സിങ്ടണ്‍ മാര്‍ക്കറ്റിന്റെ സമീപത്തുള്ള പാര്‍ക്കിലെ തൊഴിലാളികളുടെ കൈയ്യില്‍ നിന്നും സിഗററ്റ് വാങ്ങി വലിക്കുന്നതാണ് പോസ്റ്ററില്‍ കാണുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതിന്റെ പേരില്‍ സിനിമകള്‍ വിവാദത്തില്‍ പെടുന്നത് ഇന്ത്യയില്‍ ആദ്യമല്ല. അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോ, സെയ്ഫ് അലിഖാന്‍ നായകനായ താണ്ഡവ് എന്നീ ചിത്രങ്ങളും അടുത്തിടെ വിവാദത്തിലായിരുന്നു.

logo
The Fourth
www.thefourthnews.in