'അവരുടെ പ്രശ്നം എന്റെ ധാർമിക മൂല്യങ്ങൾ, അപമാനിതനായി, നിയമനടപടി സ്വീകരിക്കും'; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

'അവരുടെ പ്രശ്നം എന്റെ ധാർമിക മൂല്യങ്ങൾ, അപമാനിതനായി, നിയമനടപടി സ്വീകരിക്കും'; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

വിഷയത്തിൽ വ്യക്തത വരുത്താനായി കോളെജ് പ്രിൻസിപ്പാളിന് മെയിലും വാട്‌സാപ്പ് സന്ദേശവും അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും ജിയോ ബേബി
Updated on
1 min read

കോഴിക്കോട് ഫാറൂഖ് കോളേജും വിദ്യാർത്ഥി യൂണിയനും അപമാനിച്ചതായി സംവിധായകൻ ജിയോ ബേബി. ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയിൽ ക്ഷണിച്ചുവരുത്തിയ ശേഷം തന്നെ മുൻകൂട്ടി അറിയിക്കാതെ അവസാന നിമിഷം പരിപാടി റദ്ദാക്കി. തന്റെ പരാമർശങ്ങൾ കോളേജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണെന്ന് പറഞ്ഞുകൊണ്ടാണ് നടപടി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജിയോ പറഞ്ഞു.

ഫിലിം ക്ലബ് ഡിസംബർ അഞ്ചിന് സംഘടിപ്പിച്ച സിനിമ ചർച്ചയിലേക്കാണ് ജിയോ ബേബിയെ ക്ഷണിച്ചത്. ഇതിൽ പങ്കെടുക്കാനായി അഞ്ചിന് രാവിലെ കോഴിക്കോട്ട് എത്തിയപ്പോഴാണ് പരിപാടി റദ്ദാക്കിയ വിവരം പ്രോഗ്രാം കോഡിനേറ്റ് ചെയ്ത അധ്യാപിക അറിയിച്ചത്. അവർക്കും ഈ വിഷയത്തിൽ വേദനയുണ്ടായിരുന്നു. എന്നാൽ എന്തുകാരണം കൊണ്ടാണ് പരിപാടി റദ്ദാക്കിയതിന് വ്യക്തമായ കാരണം പറഞ്ഞില്ല.

'അവരുടെ പ്രശ്നം എന്റെ ധാർമിക മൂല്യങ്ങൾ, അപമാനിതനായി, നിയമനടപടി സ്വീകരിക്കും'; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി
ചാന്തുപൊട്ട് ചെയ്ത ക്രൂരതയ്ക്ക് 'പ്രായശ്ചിത്തം' ചെയ്യുന്ന കാതൽ

സോഷ്യൽ മീഡിയയിൽ വരെ പോസ്റ്റർ റിലീസ് ചെയ്തിരുന്ന പരിപാടി പെട്ടെന്ന് റദ്ദാക്കിയത് എന്താണെന്ന് ചോദിച്ചുകൊണ്ട് പ്രിൻസിപ്പലിന് പ്രിൻസിപ്പലിന് മെയിൽ അയച്ചെങ്കിലും മറുപടി ഉണ്ടായില്ല. വാട്‌സ്ആപ്പ് സന്ദേശത്തിനും പ്രതികരണമുണ്ടായില്ല.

ഇതിനിടെ വിഷയവുമായി ബന്ധപ്പെട്ട് ഫാറൂഖ് കോളേജ് സ്റ്റുഡൻസ് യൂണിയന്റെ കത്ത് ഫോർവേർഡ് ചെയ്ത് തനിക്ക് ലഭിച്ചു. ''ഫാറൂഖ് കോളേജിൽ പ്രവർത്തിച്ചുവരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ, കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണ്. അതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് വിദ്യാർത്ഥി യൂണിയൻ സഹകരിക്കുന്നതല്ല,'', എന്നായിരുന്നു അതിൽ പറയുന്നത്.

ജിയോ ബേബി
ജിയോ ബേബി

തന്റെ ധാർമിക മൂല്യങ്ങൾ പ്രശ്‌നമാണെന്നാണ് സ്റ്റുഡന്റ്സ് യൂണിയൻ പറയുന്നത്. മാനേജ്‌മെന്റ് എന്തുകൊണ്ടാണ് പരിപാടി റദ്ദാക്കിയതെന്ന് അറിയേണ്ടതുണ്ട്. ഈ പരിപാടിക്ക് വേണ്ടി ഒരുദിവസത്തോളം യാത്ര ചെയ്തിട്ടുണ്ട്. അതിനേക്കാൾ ഉപരി താൻ അപമാനിതനായിട്ടുണ്ട്. അതിനുള്ള ഉത്തരം ലഭിക്കണം. ഇതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കും.

ഇത്തരം വിദ്യാർത്ഥി യൂണിയൻ എന്ത് ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ജിയോ ബേബി ചോദിച്ചു. സംഭവത്തിൽ പ്രതികരണം തേടി ഫാറൂഖ് കോളേജ് യൂണിയൻ ഭാരവാഹികളെ ദ ഫോർത്ത് ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല.

സ്വവർഗ പ്രണയം ചർച്ച ചെയ്യുന്ന കാതൽ എന്ന ചിത്രം ചർച്ചയായതോടെയാണ് ഫറൂഖ് കോളേജ് ഫിലിം ക്ലബ് ജിയോ ബേബിയെ അതിഥിയായി ക്ഷണിക്കുകയും പരിപാടി സംഘടിപ്പിക്കുകയും ചെയ്തത്.

logo
The Fourth
www.thefourthnews.in