'നിലയ്ക്കാത്ത മണിനാദം'; കലാഭവൻ മണിയുടെ ഓർമകള്‍ക്ക് ഏഴുവർഷം

'നിലയ്ക്കാത്ത മണിനാദം'; കലാഭവൻ മണിയുടെ ഓർമകള്‍ക്ക് ഏഴുവർഷം

'അക്ഷരം' എന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് മണി ചലച്ചിത്രലോകത്തേക്ക് എത്തുന്നത്.
Updated on
2 min read

മരിക്കാത്ത ഓർമകളും ഗാനങ്ങളും സമ്മാനിച്ച് ആറടി മണ്ണിൽ ഉറങ്ങുകയാണ് ആ അതുല്യ കലാകാരൻ. മലയാളികളുടെ സ്വന്തം കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഏഴുവര്‍ഷം പിന്നിടുന്നു. ഉത്സവ പറമ്പുകളിലും ഗാനമേളകളിലും ഒഴിച്ചു കൂടാനാകാത്ത ശബ്ദമായി മാറിയ മണിയുടെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ വിടവ് മറ്റൊരു കലാകാരനും നികത്താൻ സാധിക്കില്ലെന്നുറപ്പാണ്.

നടനും മിമിക്രി ആർട്ടിസ്റ്റും നാടൻ പാട്ടുകാരനുമായി മലയാളികളുടെ വീട്ടിലെ ഒരംഗമായി ജീവിക്കുകയായിരുന്നു കലാഭവൻ മണി. വർഷം ഏഴ് ആയെങ്കിലും മണിയുടെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നും സ്വന്തം നാടായ ചാലക്കുടിയിലെ ജനങ്ങൾ ഇന്നും മോചിതരായിട്ടില്ല. അത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു നാട്ടുകാർക്ക് മണിച്ചേട്ടന്‍.

സിനിമാ ലോകത്തിൽ ചുവടു വെക്കുന്നതിന് മുൻപ് പല വേഷങ്ങൾ ചെയ്തായിരുന്നു മണി കുടുംബം പുലർത്തിയിരുന്നത്. പാടിയ പാട്ടുകളെല്ലാം തന്നെ മണിയുടെ ജീവിതവുമായിരുന്നു. ജീവിക്കാനായി പല തൊഴിലുകളും അദ്ദേഹം ചെയ്തു. അങ്ങനെ ചാലക്കുടിക്കാരുടെ സ്വന്തം ഓട്ടോക്കാരനായും മാറി.

സല്ലാപത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷമാണ് മണിയിലെ അഭിനേതാവിന് ഏറെ ശ്രദ്ധനേടിക്കൊടുത്തത്.

കലാഭവൻ മിമിക്സ് ട്രൂപ്പിൽ എത്തുന്നതോടെയാണ് മണിയുടെ അഭിനയജീവിതത്തിൽ മാറ്റങ്ങൾക്ക് തുടക്കമാകുന്നത്. ജയറാം, ദിലീപ്, നാദിർഷാ, സലിം കുമാർ അടക്കമുളള താരങ്ങൾക്കൊപ്പം പ്രവർത്തിച്ച മണി 1995-ൽ സിബി മലയിൽ സംവിധാനം ചെയ്ത 'അക്ഷരം' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നത്. ഓട്ടോറിക്ഷ ഡ്രൈവറായിട്ടായിരുന്നു വേഷം.

ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർ ദാസ് സംവിധാനം ചെയ്ത 'സല്ലാപ'ത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷമാണ് മണിയിലെ അഭിനേതാവിന് ഏറെ ശ്രദ്ധനേടിക്കൊടുത്തത്. തുടർന്ന് നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്നു. കാഴ്ച സിനിമയ്ക്ക് കൈതപ്രത്തിന്റെ വരികൾക്ക് മണി പാടിയപ്പോൾ അത് മലയാളികൾ ഏറ്റുപാടുകയാണുണ്ടായത്. 'കുട്ടനാടൻ കായലിലെ കെട്ടുവള്ളം തുഴയുമ്പൊൾ പാട്ടൊന്നു പാടെടി കാക്ക കറുമ്പീ' എന്ന് ഒരു വട്ടം എങ്കിലും പാടാത്ത മലയാളികൾ ഉണ്ടാകില്ല.

വിനയന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ രാമുവിനെ കണ്ണീരോടെയല്ലാതെ ഓർക്കാൻ കഴിയില്ല. സ്വതസിദ്ധമായ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തിയ മണിക്കൊപ്പം ഓരോ മലയാളികളും കരയുകയായിരുന്നു.

ചിത്രത്തിൽ 'കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി' എന്ന ​ഗാനത്തിലൂടെ മണിയിലെ പ്രതിഭയെ സിനിമാ ലോകം തിരിച്ചറിഞ്ഞു. ഇതിലെ അഭിനയത്തിനാണ് മണിയെ തേടി ദേശീയ- സംസ്ഥാന തലത്തിൽ പ്രത്യേക ജൂറി പുരസ്കാരവും എത്തിയത്.

2001ൽ തിയേറ്ററുകളിലെത്തിയ 'കരിമാടികുട്ടനി'ലെ അഭിനയത്തിലൂടെ മണി മലയാള സിനിമയിൽ തന്റെ ഇടം ഉറപ്പിച്ചു. 'കാ കാ കാക്കക്കറുമ്പി' എന്ന ​ഗാനവും 'കൈ കൊട്ടു പെണ്ണേ' എന്ന പാട്ടും മണിയുടെ ശബ്ദത്തിലൂടെ മലയാളികൾ കേട്ടു.

തമിഴിൽ വിക്രം നായകനായെത്തിയ 'ജെമിനി' എന്ന ചിത്രത്തിലൂടെ വില്ലൻ വേഷം ചെയ്തും മണി തന്റെയുളളിലെ അഭിനയ മികവിനെ പ്രേക്ഷകർക്ക് കാട്ടിക്കൊടുത്തു. തുടർന്ന് വേൽ, അന്ന്യൻ, എന്തിരൻ, ആണ്ടവൻ അടക്കമുളള സിനിമകളിൽ തന്റെ സാന്നിധ്യം അറിയിച്ചു.

ഏത് വേഷവും അനായാസം കൈകാര്യം ചെയ്ത ആ നടൻ നാടൻപാട്ടിന്റെ രാജകുമാരൻ കൂടിയായിരുന്നു. കണ്ണിമാങ്ങാ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ, മിന്നാ മിന്നുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാണ് എങ്ങോട്ടാണ് ഈ തിടുക്കം, വരത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ, ആ പരലീ പരല് പരലീ പൂവാലി പരല് പരല്, അമ്മായീടെ മോളെ ഞാൻ നിക്കാഹ് ചെയ്തി ട്ടാകെ കുഴപ്പത്തിലായ്, ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി , പകലു മുഴുവൻ പണിയെടുത്തു കിട്ടണ കാശിനു കള്ളു കുടിച്ചു എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ ഇങ്ങനെ പോകുന്നു ആ നിര.

സിനിമയുടെ നിറമുളള ലോകത്ത് വന്നപ്പോഴും എന്നും സാധാരണക്കാർക്കൊപ്പം നിലകൊണ്ട താരമായിരുന്നു മണി. സ്റ്റേജ് ഷോകളിലൂടെ തന്റെ പ്രതിഭയെ പുറത്തെടുത്തപ്പോൾ മണിയുടെ തമാശകൾ കേട്ട് ചിരിച്ചവർ, മണിയുടെ ​ഹ‍‍ൃദയം തൊടുന്ന നാടൻ പാട്ടുകൾ കേട്ടു കണ്ണ് നിറയുന്നതും നാം കണ്ടു. 'ഉമ്മായി കുച്ചാണ്ടി പാണൻ കത്തണുമ്മാ വാഴല പൊട്ടിച്ച് പാപ്പൊണ്ടാക്കണുമ്മാ' എന്ന ഒറ്റ പാട്ടിലൂടെ മണി തന്റെ ജീവിതത്തെ അടയാളപ്പെടുത്തി. മണിയുടെ മരണത്തിൽ നി​ഗൂഢതകൾ ബാക്കി നിൽക്കുമ്പോഴും ആ പ്രതിഭ ഓരോ മലയാളിയുടെയും മനസ്സിൽ ഇന്നും നിറഞ്ഞ് നിൽക്കുകയാണ്.

logo
The Fourth
www.thefourthnews.in