ചന്ദ്രൻ ടു ഭൂമി; അരനൂറ്റാണ്ട് മുമ്പേ സഞ്ചരിച്ച ഇന്ത്യൻ സിനിമയുടെ ഭാവന
ചാന്ദ്രദൗത്യത്തിൽ പിഴയ്ക്കാതെ വിജയം കണ്ട ഇന്ത്യയ്ക്ക് ഇത് അഭിമാന നേട്ടം. കാരണം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് എന്ന വെല്ലുവിളി മുമ്പ് നേരിട്ട് വിജയിച്ചത് റഷ്യയും അമേരിക്കയും ചൈനയും മാത്രം. പാളിച്ചകളിലും അതിജീവിക്കാനുളള നുറുങ്ങുവിദ്യകളും അതിലേറെ പ്രതീക്ഷയും കൊണ്ടായിരുന്നു ഇത്തവണത്തെ ചാന്ദ്രയാത്ര. ചന്ദ്രനും മറ്റു ഗ്രഹങ്ങളും ബഹിരാകാശവും പ്രപഞ്ചമാകമാനവും എന്നും ഭൂമിയെന്ന ചെറുഗ്രഹത്തിലെ ഇരുകാലികളായ മനുഷ്വജീവികളിലെ കൗതുക സങ്കല്പങ്ങളായിരുന്നു. സങ്കല്പിച്ചുകൂട്ടിയതത്രയും വിഡ്ഢിത്തമാണെന്നിരുന്നാലും മനുഷ്വ ഭാവനകൾ തുടർന്നുകൊണ്ടേ ഇരുന്നു. 62 വർഷം മുമ്പേ ഇന്ത്യ ഭാവനയിൽ കണ്ട ഒരു സിനിമാക്കഥയിൽ ചാന്ദ്രദൗത്യസ്വപ്നങ്ങൾക്ക് പങ്കുണ്ടായിരുന്നു. അരനൂറ്റാണ്ടിനുമുമ്പേ ബഹിരാകാശത്തേയ്ക്ക് സഞ്ചരിച്ച കാലൈഅരസി എന്ന തമിഴ് ചിത്രം സാങ്കേതികപരമായി ഏറെ ദൂരം മുന്നോട്ട് സഞ്ചരിച്ച ഇന്നത്തെ കാലത്തിന് ഒരു അത്ഭുതം തന്നെയാണ്.
1963ൽ എംജിആർ നായകനായി എത്തിയ തമിഴ് സയൻസ് ഫിക്ഷനാണ് കാലൈഅരസി. ക്ലോണിങ്, ടൈം ട്രാവൽ, ബഹിരാകാശയാത്ര, പറക്കും തളിക എന്നിങ്ങനെ ചില അമാനുഷിക കാര്യങ്ങൾ ഉൾപ്പെടുന്ന, വലിയ സാങ്കേതിക വിദ്യ ആവശ്യമായി വരുന്ന, ഇന്നും ഇന്ത്യൻ സിനിമ തൊടാൻ മടിക്കുന്ന പ്രമേയമായിരുന്നു കാലൈഅരസിയുടേത്. എം ജി ആറും എം എൻ നമ്പ്യാരുമായിരുന്നു പ്രധാന കഥാപാത്രങ്ങളായി വന്നത്. വർഷങ്ങൾക്കു മുമ്പേ ബഹിരാകാശ യാത്രയുടെ അനുഭവം പ്രേക്ഷകരിലേയ്ക്ക് എത്തിച്ചുകൊടുത്ത സിനിമ.
1961, ഏപ്രിൽ 12, ബഹിരാകാശ യാത്ര നടത്തിയ ആദ്യ മനുഷ്യൻ യൂറി ഗഗാറിൻ വാർത്തകളിൽ നിറഞ്ഞ സമയം. ഒരുപക്ഷെ ഈ വാർത്തയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാവണം സംവിധായകൻ എ കാശിലിംഗം ബഹിരാകാശയാത്രയും അന്യഗ്രഹ ജീവികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു സിനിമ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അന്യഗ്രഹ ജീവികൾ ഭൂമിയിലെത്തുന്നു എന്ന ആശയത്തിൽ ഇന്ത്യയിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു കാലൈഅരസി. തമിഴ് സയൻസ് ഫിക്ഷന്റെ ആദ്യ ഉദാഹരണങ്ങളിലൊന്നായി പറയാവുന്ന ചിത്രം. വില്യം ബെർക്ക് സംവിധാനം ചെയ്ത് എം എൻ നമ്പ്യാർ അഭിനയിച്ച് 1952ൽ പുറത്തിറങ്ങിയ കാട് എന്ന ചിത്രമാണ് ആദ്യ ഇന്ത്യൻ അമേരിക്കൻ സയൻസ് ഫിക്ഷൻ സിനിമയായി പറയപ്പെടുന്നത്. പക്ഷെ കാലൈഅരസിയാണ് ഭൂമിയിൽ അല്ലാത്തൊരു ജീവിതം എന്ന പ്രമേയം ആധാരമാക്കി തയ്യാറാക്കിയ ആദ്യ ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രം.
തമിഴ്നാട്ടിലെ ഒരു ചെറുഗ്രാമത്തിൽ താമസമാക്കിയ മോഹൻ എന്ന കർഷകനായാണ് ചിത്രത്തിലെ നായകൻ എംജിആർ എത്തുന്നത്. സഹോദരിയും അമ്മയുമടങ്ങുന്ന ചെറുകുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സ് മോഹനാണ്. നായിക ഭാനുമതിയായി വരുന്നത് നടി വാണിയാണ്. ഭൂമിയിലെ ഈ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു നടക്കുന്ന ചില സംഭവങ്ങൾക്കൊപ്പം സമാന്തരമായി മറ്റൊരു ഗ്രഹത്തിൽ (ചന്ദ്രനിലെന്ന് ഭാവന) നിന്നുളള ദൃശ്യങ്ങളും സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. പറക്കും തളിക, ബഹിരാകാശ പേടകം എന്നൊക്കെ സൂചിപ്പിക്കുന്ന വാഹനത്തിൽ ഇരുന്ന് സംസാരിക്കുന്ന രണ്ടുപേർ. അതിലൊരാൾ എം എൻ നമ്പ്യാരാണ്. കൂടെ ഉള്ള ആളുമായി നമ്പ്യാർ കാര്യമായെന്തോ സംഭാഷണത്തിലാണ്. ഇരുവരെയും മറ്റേതോ ഗ്രഹത്തിലെ താമസക്കാരായ അന്യഗ്രഹ ജീവികളായാണ് സിനിമ പരിചയപ്പെടുത്തുന്നത്. 'എന്ത മണ്ഡലത്ത്ക്ക് പോകിറേൻ' എന്ന് ചോദിക്കുന്ന സഹയാത്രികനോട് 'ഭൂമണ്ഡലത്ത്ക്ക്' എന്ന് നമ്പ്യാർ ഉത്തരവും പറയുന്നുണ്ട്.
മെറ്റൽ കൊണ്ടുളള കിരീടവും പടച്ചട്ടയുമടങ്ങുന്ന രാജഭടന്മാരോട് ഉപമിക്കാവുന്ന വേഷമാണ് അന്യഗ്രഹജീവികൾക്ക് സംവിധായകൻ കൊടുത്തിരുന്നത്. ഇവർ സഞ്ചരിക്കുന്ന പേടകം സഞ്ചാരത്തിലാണെന്ന തോന്നലുണ്ടാക്കാൻ സദാസമയം ഇളകിമറിയുന്നുണ്ട്. പേടകത്തിനുളളിൽ നിന്നല്ലാതെ പുറത്തുനിന്നുളള ദൃശ്യങ്ങളും സിനിമയിലുണ്ട്. വ്യാഴവും ശനിയും കടന്ന് ഭൂമിയിലേക്കുളള സഞ്ചാരത്തിലാണ് നമ്പ്യാരുടെ പേടകമെന്ന് ദൂരദൃശ്യങ്ങളിൽ നിന്ന് സിനിമ വ്യക്തമാക്കിത്തരുന്നുണ്ട്. കൂടാതെ ബഹിരാകാശത്താണ് എന്ന തോന്നൽ ജനിപ്പിക്കാനായി മനുഷ്യർക്ക് പരിചിതമല്ലാത്ത ചില ശബ്ദങ്ങളും ഇടയ്ക്ക് കേൾക്കാം. നായിക ഭാനുമതി നല്ലൊരു നർത്തകിയും കലാകാരിയുമാണ്. ഇവരുടെ നൃത്തത്തിൽ ആകൃഷ്ടരായ അന്യഗ്രഹ ജീവികൾ ഇവരെ ഭൂമിയിൽ നിന്ന് കടത്തിക്കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങളുടെ ഗ്രഹത്തിൽ നിന്നും യാത്ര തിരിച്ചിരിക്കുന്നത്. ഭാനുമതിയെ വിട്ടുകൊടുക്കാതെ അന്യഗ്രഹജീവികളോട് പൊരുതുന്ന നായകന്റെ ധീരത പതിവ് പ്രണയകഥകളിൽ നിന്നും വ്യത്യസ്ഥമല്ല. എങ്കിലും ഒരു ബഹിരാകാശ ഭാവനയ്ക്ക് ആറു പതിറ്റാണ്ടിന് മുമ്പേ നമ്മൾ ഇന്ത്യക്കാർ തെറ്റല്ലാത്ത രൂപം കൊടുത്തിരുന്നു എന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യം തന്നെയാണ്.
അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം സ്വന്തമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. ചരിത്രം ഇത്രയുമൊക്കെ പറയുമ്പോഴും ഇന്നും മനുഷ്വൻ ചന്ദ്രനിൽ കാലുകുത്തിയിരുന്നു എന്ന് വിശ്വസിക്കാനാവാത്ത ഒരു പറ്റം മനുഷ്വരുണ്ട്. അവർക്കിടയിൽ അന്യഗ്രഹജീവികൾ ഭൂമിയിലെത്തി എന്ന് വളരെ പണ്ടേ സങ്കല്പിച്ചിരുന്ന ചില സിനിമാക്കാരുമുണ്ടെന്ന് ചുരുക്കം.