'കല്‍ക്കി 2898 എഡി'ക്ക് ഉടൻ ഒടിടി റിലീസില്ല; പിന്നിട്ടത് 555 കോടി
പ്രഭാസിന്റെ കല്‍ക്കി ആഗോളതലത്തില്‍ 555 കോടി രൂപയില്‍ അധികം നേടിയതായി റിപ്പോര്‍ട്ട്. കുറഞ്ഞ സമയം കൊണ്ട് 1000 കോടി ക്ലബില്‍ എത്തുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. അതിനാല്‍ ചിത്രത്തിന്റെ ഒടിടി റിലീസ് വൈകിപ്പിക്കാൻ നിര്‍മാതാക്കള്‍ ആലോചിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത്. ഹിന്ദി പതിപ്പിന്റെ റൈറ്റ്സ് നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ജൂലൈ മാസം അവസാനത്തോടെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ രണ്ടാം ആഴ്‍ചയിലേക്ക് ഒടിടി റിലീസ് മാറ്റിവയ്‍ക്കാൻ നിര്‍മാതാക്കള്‍ ചര്‍ച്ച തുടങ്ങി എന്നാണ് ഏറ്റവും പുതിയ വിവരം.
ചിത്രത്തിലെ രഹസ്യസ്വഭാവമുളള വിവരങ്ങൾ പരസ്യമാക്കരുതെന്ന അഭ്യര്‍ഥനയുമായി നിർമാതാക്കൾ രംഗത്ത് എത്തിയിരുന്നു. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുതെന്നും സിനിമയെ നമുക്ക് വിലമതിക്കാം എന്നുമായിരുന്നു പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നത്. സിനിമാ പ്രേക്ഷകരുടെ കാഴ്ചാനുഭവം നശിപ്പിക്കാതെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാമെന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് കല്‍ക്കി 2898 എഡി. പ്രഭാസ് നായകനായ ചിത്രത്തിൽ ദീപിക പദുക്കോണിനും കമല്‍ഹാസനുമൊപ്പം അമിതാഭ് ബച്ചനും എത്തുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്ന കല്‍ക്കി 2898 എഡിയുടെ കഥ അവസാനിപ്പിക്കുന്നത് 2898 എഡിയിലായിരിക്കുമെന്നാണ് സംവിധായകൻ നാഗ് അശ്വിൻ വെളിപ്പെടുത്തിയിരുന്നത്. ചിത്രം വലിയ പ്രേക്ഷക അഭിപ്രായത്തോടെ മുന്നേറുകയാണ്.