'മെയ്യഴകനി'ൽ പ്രേക്ഷകരെ ഇമോഷണലാക്കി കമൽഹാസന്റെ ശബ്ദം; ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ പിന്നണി പാടി ഉലകനായകൻ
മെയ്യഴകനിൽ പ്രേക്ഷകരെ ഇമോഷണലാക്കി കമൽഹാസന്റെ ശബ്ദം. ചിത്രത്തിന് വേണ്ടി കമൽഹാസൻ ആലപിച്ച ഗാനം തീയറ്ററിൽ ഗംഭീര അനുഭവമെന്ന് പ്രേക്ഷകർ. ചിത്രത്തിലെ ആറ് ഗാനങ്ങളിൽ രണ്ടെണ്ണം പാടിയിരിക്കുന്നത് കമൽഹാസനാണ്. 'യാരോ ഇവൻ യാരോ' എന്ന് തുടങ്ങുന്ന ഗാനം ഉമ ദേവി രചനയിൽ ഗോവിന്ദ് വസന്തയാണ് കമ്പോസ് ചെയ്തിരിക്കുന്നത്. വിജയ് നരേനൊപ്പം 'പോരേൻ നാൻ പോരേൻ' എന്ന ഗാനവും കമൽഹാസൻ പാടിയിട്ടുണ്ട്.
കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിൽ എത്തിയ 'മെയ്യഴകൻ' തീയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് ഇത്. സെപ്റ്റംബർ 27-നായിരുന്നു ചിത്രത്തിന്റെ തീയറ്റർ റിലീസ്. 96 എന്ന ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ സി പ്രേംകുമാറിന്‍റെ കരിയറിലെ രണ്ടാമത്തെ ചിത്രം കൂടിയാണ് മെയ്യഴകന്‍. 96 ലെ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ ഗോവിന്ദ് വസന്ത തന്നെയാണ് മെയ്യഴകന്‍റെയും സംഗീത സംവിധായകന്‍. പ്രേം കുമാർ തന്റെ രണ്ടാം ചിത്രവുമായി എത്തുമ്പോൾ വീണ്ടും ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുകയാണ് സംഗീത സംവിധായകൻ. സെപ്റ്റംബർ ആദ്യ വാരം ചെന്നൈയിൽ വെച്ചു നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ചിത്രത്തിൻ്റെ സൗണ്ട് ട്രാക്ക് നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
2ഡി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മഹേന്ദിരന്‍ ജയരാജു, എഡിറ്റിങ് ആര്‍ ഗോവിന്ദരാജ്, കലാസംവിധാനം അയ്യപ്പന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ശുഭശ്രീ കാര്‍ത്തിക് വിജയ്, സഹനിര്‍മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദര പാണ്ഡ്യന്‍, ട്രെയ്‍ലര്‍ എഡിറ്റ് എസ് കാര്‍ത്തിക്.