'വിധിക്കാനോ വിലയിരുത്താനോ ഞാനില്ല'; 'എമർജൻസി' സംവിധാനം ചെയ്യാൻ പ്രേരിപ്പിച്ചത് ഇന്ദിര ഗാന്ധിയുടെ ജീവചരിത്രമെന്ന് കങ്കണ
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും വിവാദപരമായ 'അടിയന്തരാവസ്ഥ' കാലത്തെ സിനിമയാക്കുകയെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നുവെന്ന് നടിയും നിർമാതാവും പാർലമെൻ്റ് അംഗവുമായ കങ്കണ റണൗട്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലും നയതന്ത്രത്തിലും ഭാഗമാകുന്നതിന് വളരെ മുമ്പുതന്നെ രാജ്യത്തിൻ്റെ ഭരണഘടന എങ്ങനെ വികസിച്ചുവന്നു എന്നതറിയാൻ വളരെ താൽപ്പര്യം തോന്നിയിരുന്നു. അടിയന്തരാവസ്ഥയെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കാനുള്ള ആഗ്രഹമുണ്ടായത് ഇന്ദിരാഗാന്ധിയുടെ ജീവചരിത്രം വായിച്ചശേഷമാണെന്നും അതിലെ ചില വരികൾ തന്നെ ആഴത്തിൽ സ്വാധീനിച്ചെന്നും കങ്കണ പറയുന്നു.
1975 മുതൽ 1977 വരെയുള്ള 21 മാസത്തെ അടിയന്തരാവസ്ഥയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തുടനീളം നടപ്പിലാക്കിയ കാര്യങ്ങളാണ് കങ്കണ തന്റെ ചിത്രത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. വ്യാപകമായ പത്ര സെൻസർഷിപ്പ്, പൗരാവകാശ നിയന്ത്രണങ്ങൾ, രാഷ്ട്രീയ എതിരാളികളുടെ തടവ് എന്നിവയാൽ അടയാളപ്പെടുത്തിയ കാലത്തെ എമർജൻസി എന്ന പേരിൽ സിനിമയാക്കുകയാണ് കങ്കണ.
''ഞാൻ 86ൽ ജനിച്ച വ്യക്തിയാണ്, എൻ്റെ പ്രായത്തിലുള്ള ആളുകൾക്ക് എഴുപതുകളിലെ ആ വികാരം മനസിലാകണമെന്നില്ല. പക്ഷേ ഞാനത് മനസ്സിലാക്കാൻ ശ്രമിച്ചു. കൂടുതൽ വായിക്കാൻ ശ്രമിച്ചു. അപ്പോൾ സ്വയം തോന്നി, എനിക്കെന്തുകൊണ്ട് ഈ വിഷയത്തിൽ ഒരു സിനിമ ചെയ്തുകൂടാ?'' കങ്കണ പറഞ്ഞു.
''ചിത്രം അന്നത്തെ സംഭവങ്ങളുടെ കാലക്രമത്തിലുള്ള പുനരാഖ്യാനം മാത്രമല്ല, അധികാര വിനിയോഗത്തിന്റെയും അതിൻ്റെ അനന്തരഫലങ്ങളുടെയും ആഴത്തിലുള്ളൊരു പരിശോധന കൂടിയാണ്. വിധിക്കാനോ വിലയിരുത്താനോ ഞാനില്ല. അന്നെന്തൊക്കെയാണോ നടന്നത്, അതെല്ലാം സിനിമയിൽ നിങ്ങൾക്ക് കാണാം. അടിയന്തരാവസ്ഥയെ അത്രയധികം സത്യസന്ധമായിത്തന്നെ ഈ സിനിമ പറയും. സിനിമ കാണുമ്പോൾ ജനങ്ങൾക്ക് മനസ്സിലാകും എന്താണ് അടിയന്തരാവസ്ഥ കാലഘട്ടമെന്നും അതിലേക്ക് നയിച്ചത് എന്താണെന്നും ഒടുവിൽ സംഭവിച്ചത് എന്താണെന്നും,” കങ്കണ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് കങ്കണ സംവിധായികയുടെ വേഷമിടുന്നത്. കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു മുമ്പ് സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിൽ കൃഷ് ജഗര്‍ലമുഡിയും സംവിധാന സഹായിയായി കങ്കണയോടൊപ്പമുണ്ടായിരുന്നു.
കങ്കണ റണൗട് ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന ചിത്രമാണ് എമര്‍ജൻസി. ചിത്രം സെപ്‍റ്റംബര്‍ ആറിനാണ് പ്രദർശനത്തിനെത്തുക. ഇന്ദിരാ ഗാന്ധിയായി വേഷമിടുന്ന കങ്കണ തന്നെതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. പല കാരണങ്ങളാൽ റിലീസ് മാറ്റിവെച്ച ചിത്രത്തിന്റെ ട്രെയിലര്‍ ഓഗസ്റ്റ് 14ന് പുറത്തുവിടുമെന്നാണ് ഒടുവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
മണികര്‍ണിക ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ സഞ്‍ജയ് ഗാന്ധിയായി വേഷമിടുന്നത് മലയാളി താരം വൈശാഖ് നായരാണ്. ടെറ്റ്സുവോ നഗാത്തയാണ് ഛായാഗ്രാഹണം. റിതേഷ് ഷാ തിരക്കഥ എഴുതുമ്പോള്‍ തന്‍വി കേസരി പശുമാര്‍ഥിയുടേതാണ് സംഭാഷണം.