'വേട്ടൈയനു'വേണ്ടി വഴി മാറുന്നു; പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ച് ടീം 'കങ്കുവ'

'വേട്ടൈയനു'വേണ്ടി വഴി മാറുന്നു; പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ച് ടീം 'കങ്കുവ'

തീരുമാനം രജിനികാന്ത് ചിത്രം 'വേട്ടയ്യനു'മായുളള ക്ലാഷ് റിലീസ് ഒഴിവാക്കാന്‍‌
Updated on
1 min read

ഒക്ടോബര്‍ 10 ന് തിയറ്ററുകളില്‍ എത്താനിരുന്ന സൂര്യയുടെ ബി​ഗ് ബജറ്റ് ചിത്രം 'കങ്കുവ'യുടെ റിലീസ് തീയതി മാറ്റി. രജിനികാന്ത് ചിത്രം 'വേട്ടൈയനു'മായുളള ക്ലാഷ് റിലീസ് ഒഴിവാക്കാനാണു തീരുമാനം. ചിത്രം തീയറ്ററിൽ കാണാൻ ഇനി അടുത്ത മാസം വരെ കാത്തിരിക്കേണ്ടി വരും. നവംബര്‍ 14 ആണ് പുതുക്കിയ റിലീസ് തീയതി.

'മെയ്യഴകന്‍' എന്ന സിനിമയുടെ ഓഡിയോ ലേഞ്ച് വേദിയില്‍ വെച്ചായിരുന്നു രജിനി ചിത്രത്തിനുവേണ്ടി 'കങ്കുവ'യുടെ റിലീസ് തീയതി മാറ്റുകയാണെന്ന് സൂര്യ പ്രഖ്യാപിച്ചിരുന്നത്.

'ഒക്ടോബര്‍ 10ന് വേട്ടൈയൻ വരികയാണ്. ഞാന്‍ ജനിക്കുന്ന സമയത്ത് സിനിമയില്‍ വന്നയാളാണ് രജിനി സർ. കഴിഞ്ഞ 50 വര്‍ഷമായി നമ്മുടെ തമിഴ് സിനിമയുടെ അടയാളമാണ് അദ്ദേഹം. ഒക്ടോബര്‍ 10 ന് പ്രദ്ര‍ർശനത്തിനെത്തുന്ന അദ്ദേഹത്തിന്‍റെ ചിത്രത്തിനായി ഞാൻ വഴിമാറുന്നു. നിങ്ങളും എനിക്കൊപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ സ്നേഹബഹുമാനങ്ങള്‍ എപ്പോഴും വേണം. തമിഴ് സിനിമയ്ക്ക് ഒരു സ്പെഷല്‍ സിനിമ കൊടുക്കണമെന്നാഗ്രഹിച്ച് കഴിഞ്ഞ രണ്ടര വര്‍ഷത്തിലധികമായി ആയിരത്തിലധികം ആളുകൾ രാപ്പകലില്ലാതെ അധ്വാനിച്ച് ഉണ്ടായ സിനിമയാണ് കങ്കുവ. ആ അധ്വാനം പാഴാവരുതെന്നാണ് ആ​ഗ്രഹം,'' എന്നായിരുന്നു സൂര്യയുടെ വാക്കുകള്‍.

ഏറെക്കാലത്തിനുശേഷം തിയേറ്ററിലെത്തുന്ന സൂര്യ ചിത്രമാണ് 'കങ്കുവ'. 2022 ല്‍ പുറത്തിറങ്ങിയ 'എതര്‍ക്കും തുനിന്തവന്‍' എന്ന ചിത്രത്തിലാണ് അവസാനമായി സൂര്യ പ്രധാന കഥാപാത്രമായി എത്തിയത്. സൂര്യയുടെ കരിയറിലെതന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രം കൂടിയാണിത്. ഫാന്‍റസി ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശിവയ്ക്കൊപ്പം ആദി നാരായണയും മദന്‍ ഗാര്‍ഗിയും ചേര്‍ന്നാണ്. സ്റ്റുഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, വി സംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി, അബ്ദുള്ള അല്‍ സാജിദ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മാണം.

logo
The Fourth
www.thefourthnews.in