'ട്രോളുകൾ കളക്ഷനെ ബാധിച്ചിട്ടില്ല, കങ്കുവ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്'; വരും ഷോകളിൽ ശബ്ദം മൈനസ് രണ്ട് ആയി കുറയ്ക്കുമെന്നും നിർമാതാവ്
ആകെ അലർച്ച മാത്രമെന്ന പ്രേക്ഷക പരാതിയിൽ പരിഹാരം തേടി കങ്കുവയുടെ നിർമാതാവ് കെ ഇ ജ്ഞാനവേൽ രാജ. ഇനി വരുന്ന ഷോകളിൽ ശബ്ദം കുറയ്ക്കുമെന്നാണ് നിർമാതാവ് നൽകുന്ന വാഗ്ദാനം. എല്ലാ വലിയ സിനിമകൾക്കു നേരെയും 'ആന്റി ഫാൻസ്' ഉയർത്തുന്ന വിമർശനങ്ങൾ പോലെ മാത്രമേ കങ്കുവയ്ക്കു നേരെ ഉയരുന്ന ട്രോളുകളെയും കാണാനാവൂ, ചിത്രത്തിന് ഇതുവരെ പ്രതീക്ഷിച്ചതിലേറെ തീയേറ്റർ കളക്ഷൻ നേടാനായിട്ടുണ്ടെന്നും സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുകയാണെന്നും നിർമാതാവ് അവകാശപ്പെട്ടു.
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങൾ ഉയർന്നിരുന്നു. അസഹ്യമായ ശബ്ദമാണെന്നും തലവേദനിക്കുന്നുവെന്നും കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെട്ടതോടെ ട്രോളുകളും സജീവമായി. പിന്നാലെയാണ് ഓസ്കര് ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടിയും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് പ്രതികണവുമായി എത്തിയത്. പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ലെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞത്. ഇത്തരം വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ശബ്ദം കുറയ്ക്കണമെന്ന് കെ ഇ ജ്ഞാനവേൽ രാജ തീയറ്ററുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയുടെ ശബ്ദം മൈനസ് രണ്ട് ആയി കുറയ്ക്കണമെന്നാണ് നിലവിൽ തീയറ്ററുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. ശനിയാഴ്ച മുതൽ പുതിയ സൗണ്ട് ക്വാളിറ്റിയിലാകും സിനിമയെത്തുകയെന്നും ജ്ഞാനവേൽ രാജ അറിയിച്ചു. തെലുങ്ക് ഓൺലൈൻ മാധ്യമമായ ആകാശവാണിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദൃശ്യാനുഭവവുമായി ബന്ധപ്പെട്ട് മറ്റുപരാതികളൊന്നും ലഭിക്കാത്തതിനാൽ മറ്റ് മാറ്റങ്ങളൊന്നും സിനിമയിൽ വരുത്തില്ലെന്നും നിർമാതാവ് അറിയിച്ചു. കങ്കുവയ്ക്ക് കിട്ടുന്ന നല്ല പ്രേക്ഷക പ്രതികരണത്തിൽ സന്തോഷമുണ്ട്. ആദ്യഭാഗത്തേക്കാൾ വലിയ കാൻവാസിലാണ് കങ്കുവയുടെ രണ്ടാം ഭാഗം ഒരുക്കുക. അജിത്തിനൊപ്പമുള്ള ചിത്രം പൂർത്തിയായാലുടൻ കങ്കുവ രണ്ടാം ഭാഗത്തിന്റെ ജോലികൾ സംവിധായകൻ ശിവ ആരംഭിക്കും. ചിത്രത്തിന് വലിയ ഓപ്പണിങ് കളക്ഷൻ പ്രതീക്ഷിക്കുന്നതായും ജ്ഞാനവേൽ രാജ അറിയിച്ചു.