കത്തനാരും അജയന്റെ രണ്ടാം മോഷണവും ബറോസും; 2024- ലേക്ക് മലയാളത്തിന്റെ ബ്രഹ്‌മാണ്ഡസിനിമകള്‍
മലയാള സിനിമ ഏറെ പ്രതീക്ഷകളോടെ കാണുന്ന വർഷമാണ് 2024. കോവിഡിന് ശേഷമുണ്ടായ മന്ദഗതികളും സിനിമാനിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥയും മാറി മലയാള സിനിമ അതിന്റെ പരമാവധി ശക്തിയോടെ തിരിച്ചുവരുന്ന വര്‍ഷങ്ങളായിരുന്നു 2023 ഉം 24 ഉം. മലയാള സിനിമ ഇന്നുവരെ കണ്ടതില്‍വച്ച് ഏറ്റവും വലിയ ചിത്രങ്ങള്‍ വരുന്ന വര്‍ഷം കൂടിയാണ് 2024.
വെര്‍ച്വല്‍ പ്രൊഡക്ഷനും, 3 ഡി സാങ്കേതികവിദ്യയുമെല്ലാം സമന്വയിപ്പിച്ച് മലയാള സിനിമ ഇന്നുവരെ കാണാത്ത രീതിയിലുള്ള മേക്കിങും ബഡ്ജറ്റും ഉപയോഗിച്ചുകൊണ്ട് സാങ്കേതിക വിദ്യയിലും നിര്‍മാണ രീതിയിലും പുതിയ പരീക്ഷണങ്ങളുമായി മലയാള സിനിമയുടെ ഭാവിതന്നെ മാറ്റാന്‍ കഴിയുന്ന മൂന്ന് സിനിമകളാണ് 2024 ല്‍ പ്രേക്ഷകര്‍ പ്രധാനമായും കാത്തിരിക്കുന്നത്.
മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, ഹോം എന്ന സിനിമയ്ക്ക് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍, ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന അജയന്‍ രണ്ടാം മോഷണം എന്നീ ചിത്രങ്ങളാണ് അവ.
ബറോസ് - സംവിധാനം മോഹന്‍ലാല്‍
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്നു എന്നതിലൂടെതന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ് ബറോസ്. 3 ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ചിത്രം ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി'ഗാമാസ് ട്രഷര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ജിജോ പുന്നൂസാണ് ചിത്രത്തിന്റെ പ്രാഥമിക തിരക്കഥ എഴുതിയിരിക്കുന്നത്.
ഫാന്റസി ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനാവുന്നത്. നിധി കാക്കുന്ന ഭൂതമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുക.
സന്തോഷ് ശിവന്‍ ആണ് ചിത്രത്തിന് ഛായാഗ്രഹം നിര്‍വഹിക്കുന്നത്. മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം , സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം 2024 മാര്‍ച്ചില്‍ തീയേറ്ററുകളില്‍ എത്തും.
അജയന്‍ രണ്ടാം മോഷണം - മൂന്ന് വ്യത്യസ്ത റോളുകളില്‍ ടൊവിനോ തോമസ്
ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത റോളുകളില്‍ എത്തുന്നുവെന്നതാണ് അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത കാലഘട്ടത്തിലെ മൂന്ന് കഥാപാത്രങ്ങളായിട്ടാണ് ടൊവിനോ എത്തുന്നത്.
ഫാന്റസി പീരീഡ് ഴോണറില്‍ ഒരുങ്ങുന്ന ചിത്രം നവാഗതനായ ജിതിന്‍ ലാല്‍ ആണ് സംവിധാനം ചെയ്യുന്നത്. പൂര്‍ണമായും 3ഡിയില്‍ ചിത്രീകരിച്ച സിനിമ അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. മാജിക് ഫ്രെയിംസ് ,യുജിഎം പ്രൊഡക്ഷന്‍സ്, എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ്, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
തമിഴില്‍ 'കന' തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ദീപു പ്രദീപ് ആണ് ചിത്രത്തിന്റെ തിരക്കഥ. ജോമോന്‍ ടി. ജോണ്‍ ആണ് ഛായാഗ്രാഹണം. ഇന്ത്യയില്‍ ആദ്യമായി ആരി അലക്‌സ സൂപ്പര്‍ 35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണിതെന്ന പ്രത്യേക കൂടി അജയന്റെ രണ്ടാം മോഷണത്തിനുണ്ട്.
ഭയപ്പെടുത്താന്‍ ഇതുവരെ കാണാത്ത കത്തനാരുമായി ജയസൂര്യ
മൂന്ന് വര്‍ഷത്തോളം മറ്റൊരു സിനിമയും ഏറ്റെടുക്കാതെ ഒരു നടന്‍ പൂര്‍ണമായി ഒരു സിനിമയ്ക്ക് വേണ്ടി മാറ്റിവയ്ക്കുക. ഹോളിവുഡ് സിനിമകളില്‍ കണ്ടുവരുന്ന വെര്‍ച്വല്‍ പ്രൊഡക്ഷന്‍ രീതിയില്‍ ചിത്രീകരിക്കുകയും ഈ ചിത്രീകരണത്തിനായി ഇന്ത്യയിലെതന്നെ ആദ്യത്തെ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്യുക. മലയാള സിനിമയ്ക്ക് സ്വപ്‌ന തുല്യമായ കാര്യങ്ങളാണ് കത്തനാര്‍ എന്ന ചിത്രത്തിലൂടെ സംഭവിക്കുന്നത്.
ജയസൂര്യയുടെ കരിയറിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണ് കത്തനാര്‍. പീരിയോഡിക് ഫാന്റസി ഹൊറര്‍ ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസ് ആണ്. നിരവധി നാളത്തെ ഗവേഷണത്തിനൊടുവില്‍ ഡോ. ആര്‍ രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അനുഷ്‌ക ഷെട്ടി ആദ്യമായി മലയാളത്തില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം സിനിമാസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2024 ല്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.
വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി ഉപയോഗിച്ച് 45,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു കസ്റ്റം-ബില്‍ഡ് സ്റ്റുഡിയോയിലാണ് കത്തനാരിന്റെ ചിത്രീകരണം പൂര്‍ണമായി നടന്നത്.
മലയാളത്തിനൊപ്പം ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി, കന്നഡ, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്തോനേഷ്യന്‍, ജാപ്പനീസ് തുടങ്ങി 17 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.