ഇവന്‍ മാത്യു ദേവസി; സമൂഹഭയമെന്ന പുറംചട്ടയില്‍ 'കാതല്‍' മൂടിവയ്ക്കപ്പെട്ടവന്‍

മാത്യു ദേവസി എന്ന മമ്മൂട്ടി കഥാപാത്രം ഒരു വ്യക്തിയല്ല. ചുറ്റുപാടിനോടുളള ഭയത്താല്‍, അടിമപ്പെടലാല്‍ സ്വന്തം സ്വത്വം വെളിപ്പെടുത്താനാവാതെ വീര്‍പ്പുമുട്ടുന്ന ഒരു സമൂഹത്തിന്റെ പ്രതീകമാണ്.

സിനിമയ്ക്ക് രാഷ്ട്രീയം സംസാരിക്കേണ്ടതിന്റെ ആവശ്യകത എന്തെന്ന് ചിലപ്പോഴെങ്കിലും സംശയിക്കുന്നവര്‍ക്കുളള ഉത്തരമാകുന്നു ജിയോ ബേബിയുടെ കാതല്‍. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ രൂപപ്പെട്ട മാത്യു ദേവസി എന്ന മമ്മൂട്ടി കഥാപാത്രം ഒരു വ്യക്തിയല്ല. ചുറ്റുപാടിനോടുളള ഭയത്താല്‍, അടിമപ്പെടലാല്‍ സ്വന്തം സ്വത്വം വെളിപ്പെടുത്താനാവാതെ വീര്‍പ്പുമുട്ടുന്ന ഒരു സമൂഹത്തിന്റെ പ്രതീകമാണ്. 'കാതല്‍ ദ കോര്‍' മനുഷ്യനുളളിലെ സ്വത്വവും, അവന്‍ ആകൃഷ്ടനാവുന്ന ഇണയോടുളള 'കാതലും', സഹജീവികളോടുളള കരുതലും ഭയവും നിര്‍വികാരതയുമെല്ലാം ഒരുപോലെ വെളിവാക്കിത്തരുന്ന ചിത്രം.

തമ്മില്‍ ചേരേണ്ട വിധം ചേരാനാവാതെ അടഞ്ഞ ചുവരിനുളളില്‍ 20 കൊല്ലക്കാലം ശ്വാസം മുട്ടി ജീവിച്ചുതീര്‍ക്കുന്ന രണ്ടുപേര്‍. മാത്യു ദേവസിയും ഓമനയും. അവര്‍ കടന്നുപോകുന്ന വഴിയുടെ മധുരമില്ലായ്മ തന്നെയാണ് കാതലില്‍ ഉടനീളം പ്രേക്ഷകനും അനുഭവിക്കുന്ന വീര്‍പ്പുമുട്ടല്‍. അവിടെ അല്‍പം വേഗതക്കുറവും നിശബ്ദതയുമൊക്കെ കടന്നുവന്നേക്കാം.

സമൂഹത്തിന് മുന്നില്‍ സാമാന്യം നിലയും വിലയുമുളള ഒരു സത്യക്രിസ്ത്യാനി എന്ന പുറംചട്ടയാണ് മാത്യുവിനെ തന്റെ സ്വത്വത്തില്‍ നിന്ന് അടര്‍ത്തിമാറ്റുന്നൊരു ഘടകം. പല സന്ദര്‍ഭങ്ങളിലും ചുറ്റുപാടിനോട് പ്രതികരിക്കാനാവാതെ നിര്‍വികാരതയോടെയാണ് മാത്യു പ്രതികരിക്കുന്നത്. മാത്യുവിന്റേയും ഓമനയുടേയും ജീവിതത്തിന് തീയേറ്ററിലെത്തിയ ഓരോ പ്രേക്ഷകന്റേയും കണ്ണു നനക്കാനായെങ്കില്‍ അവിടെയാണ് കാതല്‍ എന്ന സിനിമ കാമ്പുള്ളതാവുന്നത്.

ചില സിനിമകള്‍ അതിന്റെ സാങ്കേതിക മേന്മ കൊണ്ട് ആശയത്തിലെ പോരാമകളെ കവച്ചുവെച്ച് കയ്യടിവാങ്ങിയേക്കാം. ചിലത് മറിച്ചും. അപ്രകാരം പ്രമേയത്തിന് കിട്ടുന്ന സ്വീകാര്യതയില്‍ മറ്റു പോരായ്മകള്‍ തളളിക്കളയാല്‍ സാധ്യതയുള്ളൊരു പടമായി കാതലും മാറുന്നു. പറയാന്‍ കരുതിയ വിഷയം അതിന്റെ അങ്ങേയറ്റം തീവ്രതയോടെ എഴുതാനായി, സംവിധാനം ചെയ്യാനായി, അഭിനയിച്ച് ഫലിപ്പിക്കാനായി. ആദ്യ പകുതിയില്‍ സ്വന്തമായി ഒരു അഭിപ്രായമില്ലാതെ ശബ്ദം നഷ്ടപ്പെട്ട വ്യക്തിയാണ് മമ്മൂട്ടിയുടെ മാത്യു ദേവസി. ആ ശബ്ദം അയാള്‍ വീണ്ടെടുക്കുന്നതും മറുത്തൊരു ചോദ്യം ചോദിക്കാന്‍ ആദ്യമായി തയാറാവുന്നതും സ്വന്തം അച്ഛനോടാണ്. സ്വത്വത്തില്‍ നിന്ന് സംസാരിച്ചു തുടങ്ങുന്ന ആ നിമിഷം മുതലാണ് മാത്യുവിലൂടെ മമ്മൂട്ടി ജീവിച്ചു തുടങ്ങുന്നത്. മാത്യുവിനെ തന്നിലേക്കെടുക്കാന്‍ ഒരു നടനെന്ന നിലയില്‍ മമ്മൂട്ടി തയ്യാറായി എന്നതുതന്നെ വലിയ കാര്യം. ആരെയും വികാരഭരിതരാക്കുന്ന അസാമാന്യ പ്രകടനം കാഴ്ചവെക്കാന്‍ മമ്മൂട്ടിക്ക് ആയത് മാത്യു എന്ന വ്യക്തിയെ കുറിച്ചുളള വ്യക്തമായ ധാരണയാണ്. ആ ധാരണയില്‍ നിന്നുകൊണ്ട് നമുക്കയാളെ മനസിലാക്കിത്തരാനും മമ്മൂട്ടിക്ക് അനായാസം കഴിഞ്ഞു.

മലയാളം അതിന്റെ സ്വാഭാവിക ഒഴുക്കില്‍ അവതരിപ്പിക്കാനാവാതെ ബുദ്ധിമുട്ടുന്നുണ്ട് ഓമനയുടെ റോളില്‍ നില്‍ക്കുമ്പോള്‍ ജ്യോതിക. സംഭാഷണങ്ങളില്‍ ഉടനീളവും ഇടയിലെ ബൈബിള്‍ വായനയില്‍ പോലും അസ്ഥാനത്ത് വാചകങ്ങളെ മുറിക്കാന്‍ അവര്‍ നിര്‍ബന്ധിതയാവുന്നതും ഈ ഒഴുക്കില്ലായ്മ കൊണ്ടാണ്. ആ ഒരു പോരായ്മ നില്‍ക്കുമ്പോഴും ഓമനയെന്ന കഥാപാത്രത്തെ ജ്യോതിക വല്ലാതെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വേണം മനസിലാക്കാന്‍. അഭിനയത്തില്‍ തെല്ലും പോരായ്മകളില്ല. ചിലയിടങ്ങളില്‍ കണ്ണുകള്‍ കൊണ്ട് മാത്രം അവര്‍ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങളില്‍ ഭാഷയെ കടത്തിവെച്ചുളള ആശയവിനിമയം സാധ്യമാവുന്നുണ്ട്. മമ്മൂട്ടിക്ക് തോളൊപ്പമെന്ന് അവകാശപ്പെടാനാവുന്നതാണ് ക്ലൈമാക്‌സിനോട് അടുക്കുന്ന വൈകാരിക രംഗങ്ങളിലെ പ്രകടനം.

എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം തങ്കച്ചനെ അവതരിപ്പിച്ച സുധി കോഴിക്കോടിന്റേതാണ്. മലയാള സിനിമ ഇതുവരെ പരിചരിച്ച പോലല്ല ആ വ്യക്തിയെ ജിയോ ബേബി കാതലിലൂടെ പരിചയപ്പെടുത്തിയിട്ടുളളത്. ആത്മവിശ്വാസക്കുറവോടെയുളള ചില ഒളിനോട്ടങ്ങളാണ് തങ്കന്റെ പ്രധാന ഭാവം. അധികമൊന്നും തന്നെപ്പറ്റി അയാള്‍ പറയുന്നില്ലെങ്കിലും അതുമതി അയാളെ നമുക്ക് മനസിലാകാന്‍. മാത്യുവിന്റെ ചാച്ചനായെത്തിയ ആര്‍ എസ് പണിക്കരുടേതും പലയിടത്തും നിര്‍വികാര ഭാവമാണ്. അതൊരു പക്ഷെ സ്വന്തം പിഴവുകള്‍ തിരിച്ചറിയുമ്പോഴുളള ഉറഞ്ഞ ഭാവമായിരിക്കാം. പക്ഷെ ക്ലൈമാക്‌സില്‍ അയാള്‍ തിരുത്തുന്നുണ്ട്. കാതല്‍ കൊണ്ട് സമൂഹം ആവശ്യപ്പെടുന്ന തിരുത്തും അതാണ്. മുത്തുമണിയുടേയും ചിന്നു ചാന്ദിനിയുടേയും വക്കീല്‍ വേഷങ്ങള്‍ തിരക്കഥയോടും സിനിമയുടെ ആശയത്തോടും നീതി പുലര്‍ത്തുംവിധം മികച്ചതാണ്. സാലു കെ തോമസിന്റെ ഛായാഗ്രഹണം പതിവ് ജിയോ ബേബി ചിത്രങ്ങളുടെ സ്വാഭാവികത കൊണ്ടുവരാന്‍ സഹായമായിട്ടുണ്ട്. ചില ഫ്രെയ്മുകള്‍ ഗംഭീരമാണ്. മാത്യൂസ് പുളിക്കന്റെ സംഗീതം ക്രിസ്തീയ പശ്ചാത്തലത്തിന് അനുയോജ്യമായിരുന്നു. വൈകാരിക രംഗങ്ങളില്‍ പല ഇടത്തും കണ്ണു നനഞ്ഞത് സംഗീതം വേണ്ടവിധം ഇഴചേര്‍ന്നതു കൊണ്ടുകൂടായാണ്. ബാക്കി കഥാപാത്രങ്ങള്‍ക്കൊപ്പം മറ്റ് സാങ്കേതിക വശങ്ങളും വലിയ പിഴവുകളില്ലാതെ നില്‍ക്കുന്നു. ഒരു ക്വീര്‍ സൗഹൃദ സമൂഹത്തിനുളള സാധ്യത വരും നാളുകളില്‍ ഇവിടുണ്ട് എന്ന പ്രതീക്ഷ തന്നുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. അങ്ങനെ തീര്‍ക്കാം എന്ന തീരുമാനവും വിപ്ലവകരമാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in