ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കത്തനാരിന് പാക്കപ്പ്; മറികടന്നത് വലിയ പ്രതിസന്ധികളെന്ന് അണിയറക്കാർ
ഒരു വർഷത്തോളം നീണ്ടുനിന്ന ചിത്രീകരണശേഷം ജയസൂര്യ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാരിന് പാക്കപ്പ്. ഫിലിപ്സ് ആൻ്റ് മങ്കിപ്പെൻ, ഹോം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്താൽ വലിയ മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രത്തിൻ്റെ പ്രധാന ഷെഡ്യൂൾ പൂർത്തിയായതായി അണിയറപ്രവർത്തകർ അറിയിച്ചു. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.
12 ദിവസം നീണ്ട ഇറ്റലിയിലെ ചിത്രീകരണമാണ് ഇനി ബാക്കിയുള്ളത്. ഒരു വർഷത്തോളം നീണ്ടുനിന്ന ചിത്രീകരണ കാലയളവിൽ ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുകയാണ് ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. കേവലം അഭിനേതാവെന്നതിന് അപ്പുറം പ്രാരംഭഘട്ടം മുതൽ ഒപ്പമുണ്ടായിരുന്ന ആളാണ് ജയസൂര്യയെന്നും, മലയാളം സിനിമയില്‍ അപൂർവത്തിൽ അപൂർവം ആയിട്ടാകും ഒരു നടൻ തന്റെ കരിയറിലെ നിർണായക സമയത്ത് ഇത്രയും കാലം ഒരു സിനിമക്ക് വേണ്ടി മാത്രമായി മാറ്റിവെക്കുന്നതെന്നും കൃഷ്ണമൂർത്തി പറയുന്നു.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയുടെ വാക്കുകൾ
വർഷങ്ങൾ നീണ്ട പ്രയാണത്തിനൊടുവിൽ ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് കത്തനാർ അതിന്റെ വലിയൊരു ഘട്ടം പൂർത്തിയാക്കിയിരിക്കുന്നത്. ഇനി ഇറ്റലിയിലെ റോമിൽ 12 ദിവസത്തെ ചിത്രീകരണമാണ് ബാക്കിയുള്ളത്. വലിയൊരു കാലയളവിൽ, എല്ലാ വിധ പ്രതിസന്ധി ഘട്ടത്തിലും ഒന്നായി നിന്ന ഒരു പിടി നല്ല കലാകാരന്മാരുടെ വലിയ മനസ്സിന് നന്ദി.
ഒരു നടൻ ഒരു സിനിമക്കായി തന്റെ കരിയറിലെ നിർണായക സമയത്ത് ഇത്രയും കാലം മാറ്റിവെക്കുന്നത് നമ്മുടെ ഇൻഡസ്ട്രിയിൽ അപൂർവത്തിൽ അപൂർവം ആണ്. കേവലം അഭിനേതാവായി തന്റെ വേഷം അഭിനയിച്ചു മടങ്ങുന്നതിൽ നിന്നും വ്യത്യസ്തമായി സിനിമയുടെ പ്രാരംഭ ചർച്ച മുതൽ വർഷങ്ങളായി സിനിമയുടെ നന്മ മാത്രം മുൻനിർത്തി എല്ലാ കാര്യത്തിലും ക്രിയാത്മകമായി ഇടപെടുകയും, അഭിനേതാവ് എന്നതിനപ്പുറം ഒരു ടെക്‌നിഷ്യൻ എന്ന പോലെ ഒരേ സമയം മാനസികമായും, ശാരീരികമായും കഠിനാധ്വാനം ചെയ്ത ജയസൂര്യക്ക് അദ്ദേഹത്തിന്റെ ആത്മാർപ്പണത്തിന്റെ ഫലം എല്ലാ രീതിയിലും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
ചെയ്യുന്ന ഓരോ സിനിമയിലും തന്റെ ഏറ്റവും മികച്ച എഫർട്ട് ഇടുന്ന നാഷണൽ അവാർഡിലൂടെ സങ്കേതികമായി തന്റെ പ്രാഗൽഭ്യം തെളിയിച്ച പ്രിയപ്പെട്ട ഡയറക്ടർ റോജിൻ തോമസ്, ഇ യാത്രയിൽ ഉടനീളം കൂടെ നിന്ന പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു ചേട്ടൻ, കത്തനാരുടെ ലോകം മികച്ച ദൃശ്യനുഭവമാക്കാൻ തന്റെ എല്ലാവിധ അറിവും കഴിവും ഉപയോഗിച്ച് പരിശ്രമിക്കുന്ന ഡി ഒ പി നീൽ ഡി കുഞ്ഞ, കത്തനാർ എന്ന ലോകം നമുക്ക് മുന്നിൽ തുറന്നിട്ട റൈറ്റർ രാമാനന്ദ്, വരികളിലെ ആ ലോകം യഥാർഥ്യത്തിലേക്ക് അതിന്റെ ഏറ്റവും മികച്ച രീതിയിൽ മാന്ത്രികനെ പോലെ സൃഷ്ട്ടിച്ചു എടുക്കുന്ന പാൻ ഇന്ത്യ ലെവലിൽ വലിയ സിനിമകളുടെ ഭാഗമാകുന്ന പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യുമെർ അനീഷ്, ആർട്ട് ഡയറക്ടർസ് അജി & രാം പ്രസാദ്, ഋഷിലാൽ-സ്റ്റിൽസ് ,റഫീഖ് -മേക്കിങ് വീഡിയോ, P.R.O മാരായ വാഴൂർ ജോസ് & ശബരി, അനിൽ & സൂര്യ യൂണിറ്റ് ടീം, പ്രൊഡക്ഷൻ ബോയ്സ്, ഗോഡ, ഡ്രൈവേഴ്സ്, ജൂനിയർ ആർട്ടിസ്റ് കോർഡിനേറ്റർ നജീബ്, ആയിരകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകൾ തുടങ്ങി സിനിമയുടെ പലപല മേഖലകളിലെ നിരവധിയാളുകൾ. എല്ലാവരോടുമുള്ള ആത്മാർത്ഥമായ നന്ദി ചുരുങ്ങിയ വാക്കുകളിൽ അറിയിക്കുന്നു. മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയർത്തും വിധത്തിലുള്ള ഒരു ചിത്രമാണ് കത്തനാർ എന്ന് ഞങ്ങൾ ഓരോരുത്തരും വിശ്വസിക്കുന്നു.