'കെന്നഡി' വിക്രമിന് വേണ്ടി എഴുതിയത്; പ്രതികരിച്ചില്ലെന്ന അനുരാഗ് കശ്യപിന്റെ വിമർശനത്തിന് മറുപടി പറഞ്ഞ് വിക്രം
'കെന്നഡി' എന്ന ചിത്രവുമായി ബന്ധപ്പട്ട അനുരാഗ് കശ്യപിന്റെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് വിക്രം. ആശയവിനിമയത്തിലുണ്ടായ പാളിച്ചയും ചില തെറ്റിദ്ധാരണകളുമാണുണ്ടായതെന്ന് വിക്രം ട്വീറ്റ് ചെയ്തു. കെന്നഡി എന്ന ചിത്രം വിക്രത്തിന് വേണ്ടി എഴുതിയതായിരുന്നുവെന്നും എന്നാൽ അതുമായി ബന്ധപ്പെട്ട ചർച്ചകളോട് താരം പ്രതികരിച്ചില്ലെന്നുമായിരുന്നു അനുരാഗ് കശ്യപിന്റെ ആരോപണം.
വിക്രത്തിനു വേണ്ടി എഴുതിയ സിനിമയായിരുന്ന കെന്നഡി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വിക്രത്തെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നായിരുന്നു സംവിധായകൻ അനുരാഗ് കശ്യപിന്റെ ആരോപണം. 76 മത് കാൻ ഫിലിം ഫെസ്റ്റിവലിലെ മിഡ് നൈറ്റ് ഷോയിൽ കെന്നഡിയുടെ ആദ്യ പ്രദർശനം നടക്കാനിരിക്കെ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് മനസു തുറന്നത്. പിന്നാലെ സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുകയും വലിയ ചർച്ചയാവുകയും ചെയ്തു.
സോഷ്യൽ മീഡിയ ചർച്ചകൾ വിവാദമായതോടെയാണ് സംഭവിച്ചത് എന്താണെന്ന് വിശദീകരിച്ച് വിക്രം ട്വീറ്റ് ചെയ്തത് . ഏകദേശം ഒരു വർഷം മുൻപ് സംഭവിച്ച കാര്യമാണ്. മറ്റൊരു നടനിൽ നിന്നാണ് കെന്നഡിക്കായി അനുരാഗ് കശ്യപ് ബന്ധപ്പെട്ടതായും തിരിച്ചു പ്രതികരിച്ചില്ല എന്നുമുള്ള വിവരങ്ങൾ അറിയുന്നത്. അറിഞ്ഞപ്പോൾ തന്നെ അനുരാഗിനെ തിരിച്ച് വിളിച്ചു. അനുരാഗിന്റെ മെയിലോ സന്ദേശങ്ങളോ ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. അതിനും രണ്ട് വർഷം മുൻപ് മാറ്റിയ നമ്പറിലായിരിക്കാം അനുരാഗ് വിളിച്ചത്, മെയിൽ ഐഡി മാറ്റിയ കാര്യവും അനുരാഗിനെ അറിയിച്ചിരുന്നു.
സോഷ്യൽ മീഡിയയിലുള്ള സുഹൃത്തുകൾക്കും ആരാധകർക്കും വേണ്ടിയാണ് ഇക്കാര്യ വിശദമാക്കുന്നതെന്നും വിക്രം കുറിച്ചു
വിക്രത്തിന്റെ മറുപടി സത്യമാണെന്ന് അനുരാഗ് കശ്യപും ട്വീറ്റ് ചെയ്തു. 'മറ്റൊരു നടനിൽ നിന്നാണ് ഞാൻ വിളിച്ച കാര്യം വിക്രം അറിഞ്ഞത്. അപ്പോൾ തന്നെ അദ്ദേഹം തിരിച്ചുവിളിച്ചിരുന്നു'. വാട്സ് ആപ് നമ്പർ മാറിയതിനാലാണ് സന്ദേശം ലഭിക്കാതെ പോയതെന്ന് മനസിലായെന്നും അനുരാഗ് കുറിച്ചു .
കെന്നഡി ജോൺ വിക്ടർ എന്നാണ് വിക്രത്തിന്റെ യഥാർത്ഥ പേര്. അതിനാൽത്തന്നെ ചിത്രത്തിന്റെ രചനയുടെ സമയം മുതൽ വിക്രമായിരുന്നു തന്റെ മനസിലെന്നും രാഹുൽ ഭട്ട് പിന്നീടാണ് ചിത്രത്തിലേക്കെത്തിയതെന്നും കശ്യപ് പറഞ്ഞു.
രാഹുൽ ഭട്ട്, സണ്ണി ലിയോണി എന്നിവരാണ് കെന്നഡിയിൽ പ്രധാന വേഷത്തിലെത്തുന്നത്. മരിച്ചെന്ന് ലോകം വിശ്വസിച്ച ഉറക്കം നഷ്ടപ്പെട്ട ഒരു പോലീസ്‌കാരനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത്. ക്രൈം ത്രില്ലർ സിനിമകളുടെ സംവിധായകനായ അനുരാഗ് കശ്യപിന്റെ ശക്തമായ തിരിച്ചു വരവ് കൂടിയായിരിക്കും ഈ ചിത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പൊന്നിയൻ സെൽവൻ 2 യിലെ ആദിത്യ കരികാലനു ശേഷം പാ രഞ്ജിത്തിന്റെ തമിഴ് ചിത്രം തങ്കലാന്റെ വരവിനായി കാത്തിരിക്കുകയാണ് വിക്രം ആരാധകർ.