സിദ്ധിഖ് ഇനി ഓര്‍മയുടെ തിരശീലയില്‍; ഖബറടക്കം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ
മലയാളികൾക്ക് ചിരിപ്പൂരമൊരുക്കിയ സംവിധായകൻ സിദ്ധിഖ് ഇനി ഓര്‍മയുടെ തിരശീലയില്‍. മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ പൂര്‍ണ ഔദ്യേഗിക ബഹുമതികളോടെ ഖബറടക്കി. രാവിലെ ഒന്‍പത് മുതല്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് ശേഷം കാക്കനാട് മനക്കക്കടവിലെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകീട്ട് ആറോടെയായിയിരുന്നു ഖബറടക്കം.
ചലച്ചിത്രമേഖലയിലെ പ്രമുഖരടക്കം നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മമ്മൂട്ടി, സംവിധായകനും നടനുമായ ലാൽ, സംവിധായകന്‍ ഫാസില്‍, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, രമേഷ് പിഷാരടി, ദുൽഖർ സൽമാൻ, ദിലീപ്, സായ് കുമാർ, ബിന്ദു പണിക്കർ തുടങ്ങി നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. രാവിലെ എട്ടര മുതലായിരുന്നു കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനം ആരംഭിച്ചത്. ലാല്‍, വിനീത്, ജയറാം, കെ എസ് പ്രസാദ്, ടൊവിനോ തോമസ്, മിഥുന്‍ രമേശ് തുടങ്ങിയവര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ തന്നെയെത്തിയിരുന്നു.
1986 ല്‍ പുറത്തിറങ്ങിയ 'പപ്പന്‍ പ്രിയപ്പെട്ട പപ്പൻ' എന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ധിഖ് സിനിമാ രംഗത്തെത്തുന്നത്. കൊച്ചിന്‍ കലാഭവന്റെ പ്രൊഫഷണല്‍ മിമിക്രി ട്രൂപ്പിന്റെ ഭാഗമായി മിമിക്രി അവതരിപ്പിച്ചിരുന്ന കാലത്ത് സംവിധായകന്‍ ഫാസിലുമായുള്ള കണ്ടുമുട്ടലാണ് സിദ്ധിഖിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ഫാസിലിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിദ്ധിഖ് സിനിമാ ജീവിതം തുടങ്ങിയത്.
സുഹൃത്ത് ലാലിനൊപ്പം ചേര്‍ന്ന് സിദ്ധിഖ്-ലാല്‍ എന്ന കുട്ടുകെട്ടില്‍ റാംജിറാവു സ്പീക്കിങ്ങിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ഇന്‍ ഹരിഹര്‍നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ തുടര്‍ന്ന് ഈ കൂട്ടുകെട്ടിന്റെ ഭാഗമായി തിരശീലയില്‍ എത്തി. 2020ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറാണ് സിദ്ധിഖ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.