ഹിഗ്വിറ്റ വിവാദത്തില്‍ ഫിലിം ചേംബര്‍ ഇടപെടല്‍; സിനിമയ്ക്ക് പേര് ഉപയോഗിക്കില്ലെന്ന് ഉറപ്പുകിട്ടിയതായി എന്‍ എസ് മാധവന്‍
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി പ്രഖ്യാപിച്ച 'ഹിഗ്വിറ്റ' സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെട്ട് ഫിലിം ചേംബര്‍. ചിത്രത്തിന് 'ഹിഗ്വിറ്റ' എന്ന പേര് നല്‍കരുതെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് ഫിലിം ചേംബര്‍ നിര്‍ദേശം നല്‍കി. ഹിഗ്വിറ്റ' എന്‍ എസ് മാധവന്റെ പ്രശസ്തമായ ചെറുകഥയാണെന്നും പേര് നല്‍കണമെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് അനുമതി വാങ്ങണമെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി. എന്‍ എസ് മാധവന്റെ കത്തിന് പിന്നാലെയാണ് ഫിലിം ചേംബര്‍ ഇടപെടല്‍.
ഫിലിം ചേംബര്‍ നിര്‍ദേശത്തിന് പിന്നാലെ ഇടപെടലിന് നന്ദിപറഞ്ഞ് എന്‍എസ് മാധവനും രംഗത്തെത്തി. സിനിമയ്ക്ക് പേര് ഉപയോഗിക്കില്ലെന്ന് ഉറപ്പുകിട്ടിയതായി എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ഹേമന്ത് നായര്‍ പ്രഖ്യാപിച്ച സിനിമയ്ക്ക് എല്ലാ ആശംസകളും നേരുന്നതായും എന്‍ എസ് മാധവന്‍ ട്വീറ്റില്‍ അറിയിച്ചു.
'ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി ഇടപെട്ട, എല്ലാ പിന്തുണയും നല്‍കിയ കേരള ഫിലിം ചേംബറിനോട് നന്ദി അറിയിക്കുകയാണ്. യുവസംവിധായകന്‍ ഹേമന്ത് നായര്‍ക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും വിജയാശംസകള്‍ നേരുന്നു. സൂരജ്-ധ്യാന്‍ ചിത്രം കാണാന്‍ ആളുകള്‍ ഒഴുകിയെത്തട്ടെ'. എന്നായിരുന്നു ട്വീറ്റ്.
എൻഎസ് മാധവൻ നിയപരമായി നേരിട്ടാൽ ഒപ്പം നിൽക്കാതെ വഴിയില്ലെന്നാണ് ഫിലിം ചേംബർ നിലപാട്. പേരിൽ മാത്രമല്ല സിനിമയുടെ കഥയ്ക്കും ചെറുകഥായോട് സമയമുള്ളതായി എൻ എസ് മാധവൻ അയച്ച കത്തിൽ പറയുന്നതായി ഫിലിം ചേംബർ വൈസ് പ്രസിഡന്റ് അനിൽ തോമസ് പറഞ്ഞു. 2019ലാണ് ഹിഗ്വിറ്റ എന്ന സിനിമ ചേമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വർഷാവർഷം പുതുക്കൽ നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഹിഗ്വിറ്റ എന്ന പേരില്‍ താനൊരുക്കുന്ന ചിത്രത്തിന് എന്‍ എസ് മാധവന്റെ കഥയുമായി ബന്ധമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകന്‍ ഹേമന്ത് ജി നായര്‍ പ്രതികരിച്ചത്. വിവാദം തെറ്റിദ്ധാരണ മൂലമാണ് എന്നും, എഴുത്തുകാരനെ നേരില്‍ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹിഗ്വിറ്റ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വന്നതിന് പിന്നാലെ എന്‍എസ് മാധവന്‍ നടത്തിയ പ്രതികരണത്തോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഹിഗ്വിറ്റ എന്ന പേരില്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ ഹിഗ്വിറ്റ എന്ന തന്റെ പ്രശസ്തമായ കഥയുടെ പേരിനു മേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നു എന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത്. ''ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദുഃഖകരമാണ്..' എന്നായിരുന്നു എന്‍എസ് മാധവന്‍ ട്വിറ്ററിലൂടെ നടത്തിയ പ്രതികരണം.
സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നവംബര്‍ 28നാണ് പുറത്തുവിട്ടത്. ശശി തരൂര്‍ എംപിയാണ് തന്റെ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. സെക്കന്റ് ഹാഫ് പ്രൊഡക്ഷന്റെ ബാനറില്‍ ബോബി തര്യനും സജിത്ത് അമ്മയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫുട്ബോളും രാഷ്ട്രീയവും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് ഹേമന്ത് ജി നായരാണ്.