വ്യാജന്മാരെ സൂക്ഷിച്ചോ! 'ഗുരുവായൂരമ്പല നടയിലിന്റെ' പൈറേറ്റഡ് കോപ്പിയില്‍ അന്വേഷണം ആരംഭിച്ച് പോലീസ്
തീയേറ്ററുകളില്‍ വമ്പന്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന പൃഥ്വിരാജ് സുകുമാരന്‍- ബേസില്‍ ജോസഫ് ചിത്രം 'ഗുരുവായൂരമ്പല നടയില്‍' സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്‌ക്കുന്നതിനെതിരെ കേസെടുത്ത് പോലീസ്. സിനിമയുടെ വ്യാജപതിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പിന്നാലെയാണ് കേരള പോലീസിന്റെ സൈബര്‍ വിഭാഗം അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കേസെടുത്ത കാര്യം പൃഥ്വിരാജ് തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വ്യക്തമാക്കിയത്. ''പൈറ്റേറ്റഡ് കോപ്പി, സിനിമയുടെ പ്രധാന ഭാഗങ്ങള്‍ എന്നിവ കൈവശം വെയ്ക്കുന്നവര്‍ക്കും പങ്കുവെവയ്‌ക്കുന്നവര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഈ സിനിമ നിര്‍മിക്കുന്നതിനുവേണ്ടി വന്ന കഠിനാധ്വാനവും സര്‍ഗാത്മകതയും സംരക്ഷിക്കാന്‍ കൂടെ നില്‍ക്കുക, സഹകരിക്കുക,'' അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്ററില്‍ പറയുന്നു.
മേയ് 16ന് തിയറ്ററിലിറങ്ങിയ ഉടനെ സിനിമയുടെ വ്യാജ പതിപ്പും പ്രചരിക്കുകയായിരുന്നു. സിനിമയുടെ മുഴുവന്‍ പതിപ്പും ട്രെയിനിലിരുന്നു കാണുന്ന പ്രേക്ഷകന്റെ വീഡിയോയും വൈറലായിരുന്നു. അതേസമയം സിനിമ പുറത്തിറങ്ങി അഞ്ചാം നാള്‍ തന്നെ 50 കോടി ക്ലബ്ലില്‍ ഇടം പിടിച്ചിരിക്കുകയാണ്. മലയാളത്തില്‍ ഈ വര്‍ഷം ഒരു ദിവസം ഏറ്റവുമധികം ഹൗസ് ഫുള്‍ ഷോകള്‍ നേടിയ ചിത്രമെന്ന നേട്ടവും ഗുരുവായൂരമ്പല നടയില്‍ സ്വന്തമാക്കി.
'ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ വിപിന്‍ ദാസാണ് ഗുരുവായൂരമ്പല നടയില്‍ ഒരുക്കിയിരിക്കുന്നത്.
ബേസിലിനെയും പൃഥ്വിയെയും കൂടാതെ നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെയു, ബൈജു, രമേശ് കോട്ടയം, അജു വര്‍ഗീസ്, അരവിന്ദ് ആകാശ്, ജോയ്‌മോന്‍, അഖില്‍ കാവാലിയൂര്‍, അശ്വിന്‍ വിജയന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം.