അവാർഡ് വിവാദം: ഒന്നുകിൽ ആരോപണങ്ങൾ നിഷേധിക്കുക, അല്ലങ്കിൽ തെറ്റ് സമ്മതിച്ച് സ്ഥാനമൊഴിയുക; രഞ്ജിത്തിനെതിരെ വിനയൻ

അവാർഡ് വിവാദം: ഒന്നുകിൽ ആരോപണങ്ങൾ നിഷേധിക്കുക, അല്ലങ്കിൽ തെറ്റ് സമ്മതിച്ച് സ്ഥാനമൊഴിയുക; രഞ്ജിത്തിനെതിരെ വിനയൻ

ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും ഉന്നയിച്ച ആരോപണങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്
Updated on
3 min read

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പ്രതികരിക്കാത്തതിനെ വിമർശിച്ച് സംവിധായകൻ വിനയൻ. ജൂറി അംഗങ്ങളുടെ ആരോപണങ്ങൾ ഒന്നുകിൽ രഞ്ജിത്ത് നിഷേധിക്കണം, അല്ലങ്കിൽ തെറ്റ് സമ്മതിച്ച് സ്ഥാനമൊഴിയണമെന്നാണ് വിനയൻ ആവശ്യപ്പെട്ടത്. ആരോപണങ്ങൾ രഞ്ജിത്ത് നിഷേധിച്ചാൽ പിന്നെ മറുപടി പറയേണ്ടത് ആരോപണമുന്നയിച്ചവരാണ്. മറിച്ച് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് അധികാര ദുർവിനിയോഗവും സ്വജന പക്ഷപാതവും ചട്ട വിരുദ്ധവുമാണെന്നും വിനയൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

അവാർഡ് വിവാദം: ഒന്നുകിൽ ആരോപണങ്ങൾ നിഷേധിക്കുക, അല്ലങ്കിൽ തെറ്റ് സമ്മതിച്ച് സ്ഥാനമൊഴിയുക; രഞ്ജിത്തിനെതിരെ വിനയൻ
'പത്തൊമ്പതാം നൂറ്റാണ്ട് ചവറ് സിനിമയെന്ന് പറഞ്ഞു'; രഞ്ജിത്തിനെതിരായ നേമം പുഷ്പരാജിന്റെ ശബ്ദരേഖ പുറത്ത്

സർക്കാർ ഖജനാവിൽ നിന്നു പണം മുടക്കി എല്ലാവിധ സൗകര്യങ്ങളും തന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന പദവിയിൽ ഇരിക്കുന്ന ആളാണ് രഞ്ജിത്ത്. സംസ്ഥാന അവാർഡ് നിർണയത്തിൽ ചെയർമാൻ പദവി ദുരുപയോഗം ചെയ്തുവെന്ന് ജൂറി അംഗങ്ങൾ തന്നെ പറയുന്ന സാഹചര്യത്തിൽ രഞ്ജിത്ത് മറുപടി പറയാതെ ഒളിച്ചോടിയിട്ടു കാര്യമുണ്ടോ എന്ന് വിനയൻ ചോദിക്കുന്നു. ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും ഉന്നയിച്ച ആരോപണങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അവാർഡ് വിവാദം: ഒന്നുകിൽ ആരോപണങ്ങൾ നിഷേധിക്കുക, അല്ലങ്കിൽ തെറ്റ് സമ്മതിച്ച് സ്ഥാനമൊഴിയുക; രഞ്ജിത്തിനെതിരെ വിനയൻ
അവാർഡ് നിർണയത്തിൽ നിഴലിച്ചത് വ്യക്തി വിരോധം ; അന്തിമ പട്ടികയിലെത്തിയ ചിത്രങ്ങൾ പുറത്തുവിടണമെന്ന് എം എ നിഷാദ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ചലച്ചിത്ര അവാർഡ് വിവാദങ്ങളോട് പ്രതികരിക്കാതെ അക്കാദമി ചെയർമാൻ ഒഴിഞ്ഞുമാറുന്നു എന്നാണ് ഇന്നത്തെ പത്രങ്ങൾ എഴുതിയിരിക്കുന്നത്..

ഒരു വ്യക്തി എന്ന നിലയിലോ? ചലച്ചിത്രകാരൻ എന്ന നിലയിലോ താങ്കൾക്ക് പ്രതികരിക്കേണ്ട ബാദ്ധ്യത ഇല്ലായിരിക്കാം..പക്ഷേ സർക്കാർ ഖജനാവിൽ നിന്നു പണം മുടക്കി എല്ലാ വിധ സൗകര്യങ്ങളും തന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന പദവിയിൽ ഇരിക്കുന്ന താങ്കൾ ആ കസേരയിൽ ഇരിക്കുന്നിടത്തോളം കാലം സംസ്ഥാന അവാർഡ് നിർണ്ണയത്തിൽ ചെയർമാൻ പദവി ദുരുപയോഗം ചെയ്തു എന്ന് ഒന്നു രണ്ടു ജൂറി മെമ്പർമാർ തന്നെ പറയുമ്പോൾ മറുപടി പറയാതെ ഒളിച്ചോടിയിട്ടു കാര്യമുണ്ടോ?

ജൂറി മെമ്പർമാരായ ശ്രീ നേമം പുഷ്പരാജും ശ്രീമതി ജെൻസി ഗ്രിഗറിയും പറയുന്ന കാര്യങ്ങൾ ഒന്നുകിൽ താങ്കൾ നിഷേധിക്കണം അല്ലങ്കിൽ തെറ്റുപറ്റി എന്നു സമ്മതിച്ച് സ്ഥാനം ഒഴിയണം.. അവർ പറയുന്ന പ്രധാന കാര്യങ്ങൾ ഒന്നു കൂടി താങ്കളുടെ ശ്രദ്ധയിൽ പെടുത്തുകയാണ്..

1) അവാർഡിനായി ജുറിയെ നിയമിച്ചു കഴിഞ്ഞാൽ പിന്നെ അക്കാദമി ചെയർമാന് അവർ തരുന്ന അവാർഡ് ജേതാക്കളുടെ ലിസ്റ്റ് സാംസ്കാരിക മന്ത്രിയുമായി ചേർന്ന് പ്രഖ്യാപിക്കുക എന്ന ചുമതലയേ ഉള്ളു.. ശ്രീ രഞ്ജിത് ചട്ടം ലംഘിച്ച് അവാർഡ് നിർണ്ണയ ചർച്ചയിൽ ചില അഭിപ്രായങ്ങൾ പറഞ്ഞു എന്ന് നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും പറയുന്നു അതു ശരിയാണോ? അങ്ങനെ നടന്നിട്ടുണ്ടോ?

2) മത്സരത്തിനു വന്ന ഒരു സിനിമയായ പത്തൊൻപതാം നുറ്റാണ്ട് ചവറു സിനിമ ആണന്നും അതൊന്നും സെലക്ട് ചെയ്യല്ലന്നും ശ്രി നേമം പുഷ്പ രാജിനോടും ശ്രീ ശ്രീകുമാരൻ തമ്പി എഴുതിയതുൾപ്പടെ ചിലപാട്ടുകൾ ചവറു പാട്ടുകളാണന്ന് ശ്രീമതി ജെൻസിയോടും താങ്കൾ പറഞ്ഞതായി അവർ പറയുന്നു... ആ വിവരം ശരിയാണോ?

3) ജൂറി അവാർഡ് നിർണ്ണയത്തിനായി ചിത്രങ്ങൾ കാണുമ്പോൾ മന്ത്രിയോ മുഖ്യമന്ത്രിയോ പോലും അതിലിരിക്കാൻ പറ്റില്ല എന്ന ചട്ടമൊക്കെ ലംഘിച്ച് അക്കാദമി ചെയർമാൻ അക്കൂട്ടത്തിൽ കയറി ഇരുന്ന് ചിത്രങ്ങൾ കണ്ടെന്നും അഭിപ്രായം പറഞ്ഞെന്നും ഇതേ ജൂറി അംഗങ്ങൾ പറയുന്നു... താങ്കൾ അങ്ങനെ ചെയ്തിട്ടുണ്ടോ?

4) പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയുടെ കലാസംവിധാനത്തെ കുറിച്ച് അതു കൊള്ളത്തില്ല എന്നു താങ്കളും കൊള്ളാം എന്നു നേമം പുഷ്പരാജും തമ്മിൽ തർക്കവും വാദപ്രതിവാദവും ഉണ്ടായെന്നും ഒരു കലാ സംവിധായകനായ തന്നേ പഠിപ്പിക്കാൻ വരെണ്ട എന്ന് ശ്രീ പുഷ്പരാജ് രഞ്ജിത്തിനോടു പറയേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു അങ്ങനൊരു തർക്കം ഉണ്ടായന്നുള്ളത് സത്യമാണോ?

5) താങ്കളുടെ ശ്രദ്ധയിൽ പെടാതെ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയ്ക് സംഗീതത്തിനും പാട്ടിനും ഡബ്ബിംഗിനും ഉൾപ്പടെ മുന്ന് അവർഡ് കിട്ടിയപ്പോൾ.. ആ വിവരം അറിഞ്ഞ താങ്കൾ ക്ഷുഭിതനായെന്നും റൂമിലേക്കു പോയ ജൂറി അംഗങ്ങളേയും ജൂറി ചെയർമാനെയും തിരിച്ചു വിളിപ്പിച്ച് ആ അവാർഡുകൾ പുനർ ചിന്തിക്കാൻ പറഞ്ഞുവെന്നും ഒടുവിൽ പാട്ടിൻെറ അവാർഡിൽ തീരുമാനമെടുത്ത ജെൻസി ഗ്രിഗറി കരഞ്ഞുകൊണ്ട് ജൂറി ചെയർമാൻ ഗൗതം ഘോഷിനോട് ഈ നടപടി ശരീയല്ല എന്നു പറയുകയും ഒടുവിൽ ആ തീരുമാനങ്ങൾ മാറ്റേണ്ടതില്ല എന്ന് ജൂറി ചെയർമാൻ പറഞ്ഞുവെന്നും ശ്രീ നേമം പുഷ്പരാജ് വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നു.. ഇതിൻെറ ഒക്കെ പിന്നിൽ രഞ്ജിത് ആയിരുന്നു എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.. ശരിയാണോ ഈ വിവരങ്ങൾ..?

ഇത്രയും കാര്യങ്ങൾ ശ്രീ രഞ്ജിത് നിഷേധിച്ചാൽ പ്രശ്നം തീർന്നു.. ബാക്കി കാര്യങ്ങൾക്ക് നേമം പുഷ്പരാജും ജെൻസി ഗ്രീഗറിയുമാണ് മറുപടി പറയേണ്ടത്.. പ്രത്യേകിച്ച് താങ്കളിതൊന്നും ചെയ്തിട്ടില്ലങ്കിൽ ശ്രീ നേമം പുഷ്പരാജ് എന്നോടും കേരളത്തിലെ ജനങ്ങളോടും മറുപടി പറയാൻ ബാദ്ധ്യസ്തനാണല്ലോ? അതദ്ദേഹം ചെയ്യുമായിരിക്കും.. അതല്ല ഇതിലേതിലെങ്കിലും അക്കാദമി ചെയർമാൻ എന്ന നിലയിൽ താങ്കൾ ഇടപെട്ടിട്ടുണ്ടങ്കിൽ ആ സ്ഥാനം രാജിവച്ചൊഴിയുക തന്നെ വേണം.. കാരണം അത് അധികാര ദുർവിനിയോഗമാണ്..സ്വജന പക്ഷപാതമാണ്.. ചട്ട വിരുദ്ധമാണു. മലയാള സിനിമയ്ക് ഒത്തിരി സംഭാവനകൾ നൽകിയിട്ടുള്ള താങ്കൾ.. സാംസ്കാരിക മന്ത്രി പോലും മലയാള സിനിമയുടെ ഇതിഹാസം എന്നു വിശേഷിപ്പിച്ച ശ്രീ രഞ്ജിത് ഇനിയും ഒഴിഞ്ഞു മാറാതെ കൃത്യമായ മറുപടി പറഞ്ഞ് ഈ ആരോപണങ്ങളുടെ പുകമറയിൽ നിന്ന് പുറത്തു വരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..

അതല്ലങ്കിൽ ഈ വർഷം പ്രഖ്യാപിച്ച അവാർഡുകൾ മൊത്തം സംശയത്തിൻെറ നിഴലിലാകും. താങ്കൾക്കിത്രയും വലിയൊരു പദവി തന്ന സർക്കാരും വിഷമ വൃത്തത്തിലാകും.

അവാർഡ് വിവാദം: ഒന്നുകിൽ ആരോപണങ്ങൾ നിഷേധിക്കുക, അല്ലങ്കിൽ തെറ്റ് സമ്മതിച്ച് സ്ഥാനമൊഴിയുക; രഞ്ജിത്തിനെതിരെ വിനയൻ
'ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ ഇത്തരം ആരോപണം ആദ്യം'; രഞ്ജിത്ത് സ്ഥാനമൊഴിയണമെന്ന് ആവശ്യം

ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ഇടപെട്ടെന്നും ജൂറി അംഗങ്ങളെ സമ്മർദ്ദത്തിലാക്കി പല പുരസ്കാരങ്ങളും മാറ്റിയെന്നുമാണ് ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണം. ചട്ടം ലംഘിച്ച് പുരസ്കാര നിർണയത്തിൽ ഇടപെട്ട രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി നൽകിയിരുന്നു. ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും ഇക്കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്ന ഓഡിയോ വിനയൻ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. അതേസമയം പുരസ്കാര നിർണയത്തിൽ ബാഹ്യ ഇടപെടലോ സ്വാധീനമോ സമ്മർദമോ ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ചലച്ചിത്ര അക്കാദമി.

logo
The Fourth
www.thefourthnews.in