മികച്ച നടൻ മമ്മൂട്ടി, നടി ദേവി വര്‍മയോ ഗ്രേസ് ആന്റണിയോ? സാധ്യത പട്ടിക ഇങ്ങനെ; പ്രഖ്യാപനം വൈകിട്ട്
2022 ലെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വൈകിട്ട് പ്രഖ്യാപിക്കും. മൂന്ന് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്, ഭീഷ്മ പര്‍വം, പുഴു എന്നീ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ അഭിനയം കാഴ്ച വച്ച മമ്മുട്ടിക്കാണ് ഇത്തവണത്തെ മികച്ച നടനുള്ള പുരസ്‌കാരമെന്നാണ് സൂചന.
ന്നാ താൻ കേസ് കൊട് , അറിയിപ്പ് എന്നീ ചിത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ, അദൃശ്യ ജാലകങ്ങളിലൂടെ ടോവീനോ തോമസ്, മലയൻ കുഞ്ഞിലൂടെ ഫഹദ് ഫാസിൽ എന്നിവരാണ് നടൻമാരുടെ പട്ടികയിൽ അന്തിമഘട്ടത്തിലെത്തിയത്
സൗദി വെള്ളക്കയിലെ ഉമ്മയുടെ നിസാഹായാവസ്ഥ തന്മയത്വത്തോടെ സ്‌ക്രീനില്‍ അവതരിപ്പിച്ച ദേവി വര്‍മയും റോഷാക്കിലെ പ്രകടത്തിലൂടെ ഗ്രേസ് ആന്റണിയും മികച്ച നടിമാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് . നന്‍പകല്‍ നേരത്തിലൂടെ പ്രക്ഷേകരെ വിസ്മയിപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരിയും അറിയിപ്പിലൂടെ മഹേഷ് നാരായണനും അദൃശ്യ ജാലകങ്ങളിലൂടെ ഡോ ബിജുവും മികച്ച സംവിധായകരാകാനുള്ള മത്സരത്തിലാണ് . മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ്, മജുവിന്റെ അപ്പൻ എന്നിവയാണ് മികച്ച ചിത്രത്തിനുള്ള സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയും അവസാന പട്ടികയിലുണ്ട്.
ഭീഷ്മ പര്‍വത്തിലൂടെ 'ഇവിടെയാരാരും കരയുകില്ല' എന്ന ഗാനത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സുഷിന്‍ ശ്യാം മികച്ച സംഗീത സംവിധായകനായേക്കും. റോഷാക്കിലെ അഭിനയത്തിന് ബിന്ദു പണിക്കര്‍ സ്വഭാവ നടിയായി തിരഞ്ഞെടുക്കപ്പെട്ടേക്കും. ആര്‍ട്ടിക്കിള്‍ 19(എ) സംവിധാനം ചെയ്ത ഇന്ദു വിഎസ് ആണ് മികച്ച നവാഗത സംവിധായകയ്ക്കുള്ള അവസാന പട്ടികയിലുള്ളത്.
പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത 'ജയ ജയ ജയ ജയ ഹേ' ആയിരിക്കും ജനപ്രിയ സിനിമയെന്നാണ് സൂചന. 154 ചിത്രങ്ങളാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്. 42 ചിത്രങ്ങളായിരുന്നു അവസാന റൗണ്ടിലെ ചിത്രങ്ങളില്‍ ഇടം പിടിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ജൂറി സിനിമ വിലയിരുത്തിയത്. ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷാണ് ജൂറി ചെയര്‍മാന്‍.