'മലയാളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം'; 'സി സ്പേസ്' നാളെ പ്രേക്ഷകരിലേക്ക്
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിക്കാന്‍ കേരളം. സി സ്പേസ് എന്ന പേര് നൽകിയിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോം നാളെ തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രേക്ഷകർക്ക് സമ്മാനിക്കും. സി സ്പേസിന്റെ വരവോടു കൂടി ഡിജിറ്റൽ വിനോദ മേഖലയിൽ തരംഗമാകാനുള്ള തയ്യാറെടുപ്പിലാണ് കേരളം. സിനിമ വ്യവസായ രംഗത്ത് സ്വതന്ത്ര സിനിമകൾക്കും കലാമൂല്യമുള്ള സിനിമകൾക്കും ഇടം നൽകുന്നതാകും പുതിയ പ്ലാറ്റ്‍ഫോം. ഇതിലൂടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധിക വരുമാനം ഉറപ്പാക്കുകയെന്ന ലക്ഷ്യവുമുണ്ട്.
സാംസ്കാരിക വകുപ്പിന് കീഴില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് സി സ്പേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുഴുവൻ സാങ്കേതിക നിലവാരത്തോടെ തന്നെ കുറഞ്ഞ ചെലവിൽ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് സി സ്പേസിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം നവംബറിൽ സി സ്പേസ് അവതരിപ്പിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇവ സംബന്ധിച്ചുള്ള വിവരങ്ങൾ ഉണ്ടായില്ല.
സർക്കാരും സാംസ്‌കാരിക വകുപ്പും 'ചരിത്രം കുറിയ്ക്കുകയാണ്' എന്ന രേഖപ്പെടുത്തിയാണ് സി സ്പേസിന്റെ ഉദ്ഘാടന വിവരം മന്ത്രി സജി ചെറിയാൻ ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചത്.
ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒടിടി മേഖലയിലെ വർധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്‌പേസിലൂടെ സാധ്യമാക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്‌ഡിസി) ചെയർമാനുമായ ഷാജി എൻ കരുൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ പ്ലാറ്റ്ഫോമുകളിലേക്കുള ഉള്ളടക്കം തിരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി കെഎസ്എഫ്‌ഡിസി നേതൃത്വത്തിൽ സംസ്ഥാനത്തെ സാംസ്കാരിക രംഗത്തെ പ്രമുഖരായ ബെന്യാമിൻ, ഒവി ഉഷ, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി എന്നിവരുൾപ്പെടെ 60 അംഗങ്ങൾ ഉൾപ്പെടുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലേക്ക് സമർപ്പിക്കുന്ന എല്ലാ ഉള്ളടക്കവും ഈ സമിതിയിൽ നിന്നുള്ള മൂന്ന് അംഗങ്ങൾ വിലയിരുത്തും. സിനിമകളുടെയും ഡോക്യുമെന്ററികളുടെയും ഉള്ളടക്കം വിലയിരുത്തിയ ശേഷം മാത്രമേ സി സ്പേസിൽ പ്രദർശിപ്പിക്കുകയുള്ളൂ.
35 ഫീച്ചർ ഫിലിമുകളും ആറ് ഡോക്യുമെൻ്ററികളും ഒരു ഷോർട്ട് ഫിലിമും ഉൾപ്പെടെ 42 സിനിമകളാണ് സിഎസ്‌പേസിൻ്റെ ആദ്യ ഘട്ടത്തിനായി സമിതി അംഗങ്ങൾ ഇതുവരെ തിരഞ്ഞെടുത്തതെന്നാണ് ഷാജി എൻ കരുൺ അറിയിക്കുന്നത്. ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയതോ പ്രമുഖ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചതോ ആയ സിനിമകളും ഇതോടൊപ്പം പ്രദർശിപ്പിക്കും. നിഷിദ്ധോ, ബി 32 മുതൽ 44 വരെ എന്നി ചിത്രങ്ങളായിരിക്കും സി സ്പേസിൽ പ്രീമിയർ ചെയ്യുന്നത്.
തിരഞ്ഞെടുക്കുന്ന സിനിമകൾക്ക് മാത്രം പണം നല്‍കുന്ന രീതിയാണ് ഇതിലുണ്ടാവുക. തിയറ്റർ റിലീസിന് ശേഷമായിരിക്കും സിനിമകൾ സി സ്പേസ് ഒടിടിയിലേക്ക് എത്തുക. അതുകൊണ്ടു തന്നെ ഈ സംവിധാനം സംസ്ഥാനത്തെ തിയറ്റർ വ്യവസായത്തെ യാതൊരു രീതിയിലും ബാധിക്കില്ല. പ്രേക്ഷകന്റെ ഇഷ്‌ടപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് മാത്രം തുക നൽകുന്ന 'പേ പെർ വ്യൂ’ സൗകര്യമായതിനാൽ ഇതിലേക്ക് സിനിമ നൽകുന്ന ഓരോ നിർമാതാവിനും പിന്നീടുള്ള വർഷങ്ങളിൽ ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുമെന്നതും ശ്രദ്ധേയമാണ്.
പേ പെർ വ്യൂ അടിസ്ഥാനത്തിൽ 75 രൂപയാണ് ഒരു ഫീച്ചർ സിനിമ കാണാനുള്ള തുക. ചെറിയ ഉള്ളടക്കങ്ങൾ കാണാൻ ഇതിലും കുറഞ്ഞ വിലയ്ക്ക് സാധിക്കും. ഈടാക്കുന്ന തുകയുടെ പകുതി തുക ഉള്ളടക്ക ദാതാവിന് ലഭിക്കും. മാർച്ച് ഏഴ് മുതൽ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും പ്രേക്ഷകർക്ക് സി സ്പേസ് ആപ്പ് ഡൗൺലോഡ് ചെയ്യാനാകും.
കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്‌കാരം നേടിയതുമായ ചിത്രങ്ങൾ സി സ്പേസ് ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിനായിരിക്കും മുൻഗണന. ഹ്രസ്വ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയും സി സ്പേസിലൂടെ കാണാൻ സാധിക്കും.