സേവന വേതന കരാർ നിർബന്ധമാക്കി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; കരാർ ഇല്ലാത്ത പക്ഷം തർക്കങ്ങളിൽ ഇടപെടില്ല

സേവന വേതന കരാർ നിർബന്ധമാക്കി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; കരാർ ഇല്ലാത്ത പക്ഷം തർക്കങ്ങളിൽ ഇടപെടില്ല

ഒക്ടോബർ ഒന്ന് മുതൽ ഇത് നടപ്പിലാക്കണമെന്ന് കാണിച്ചുകൊണ്ടാണ് അമ്മയ്‌ക്കും ഫെഫ്കയ്‌ക്കും നിർമാതാക്കൾ കത്തയച്ചിട്ടുളളത്
Updated on
1 min read

സിനിമയിൽ സേവന, വേതന കരാർ നിർബന്ധമാക്കി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നിർമാതാക്കൾ ചേർന്ന് എഎംഎംഎയ്ക്കും ഫെഫ്കയ്ക്കും കത്തയച്ചു. അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവർ സേവന, വേതന കരാർ ഒപ്പിട്ടശേഷമേ സിനിമയുടെ ഭാ​ഗമാവാൻ പാടുളളൂവെന്നാണ് നിർദേശം. ഒക്ടോബർ ഒന്ന് മുതൽ ഇത് നടപ്പാക്കണമെന്ന് അമ്മയ്‌ക്കും ഫെഫ്കയ്‌ക്കും അയച്ച കത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം പറ്റുന്നവർ മുദ്രപത്രത്തിൽ തയാറാക്കുന്ന കരാറിൽ ഒപ്പിടണമെന്നും കരാറിന് പുറത്ത് പ്രതിഫലം നൽകില്ലെന്നും നിർമാതാക്കൾ അറിയിച്ചു. ഒരു ലക്ഷം രൂപവരെ പ്രതിഫലം പറ്റുന്നവർ നിർമാണക്കമ്പനിയുടെ ലെറ്റർ ഹെഡ്ഡിൽ കരാർ നൽകേണ്ടിവരും. സേവന, വേതന കരാറില്ലാത്ത തൊഴിൽ തർക്കത്തിൽ ഇനി ഇടപെടില്ലന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കത്തിൽ പറയുന്നു.

സേവന വേതന കരാർ നിർബന്ധമാക്കി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; കരാർ ഇല്ലാത്ത പക്ഷം തർക്കങ്ങളിൽ ഇടപെടില്ല
ആശയരൂപീകരണത്തിന് കൈമാറിയ കത്ത് ചോർന്നു, ചിത്രങ്ങൾ സഹിതം വാർത്തകൾ വന്നത് തെറ്റിദ്ധാരണ പരത്തി; പുതിയ സംഘടനാ രൂപീകരണത്തിൽ വിശദീകരണവുമായി ആഷിഖ് അബു

കത്തിന്റെ പൂർണരൂപം

നിലവിലെ സാഹചര്യത്തിൽ സിനിമകളിൽ തൊഴിലിൽ എർപ്പെടുന്ന എല്ലാവരുടെയും കൃത്യമായ കരാറിൻ്റെ അടിസ്ഥാനത്തിൽ മാത്രം സിനിമകൾ ആരംഭിക്കാനാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനം. കോപ്പി റൈറ്റ് പ്രകാരം നടപ്പിലാക്കേണ്ട കരാറുകളുടെ കരട് താങ്കളുടെ സംഘടനക്ക് ലഭ്യമാക്കിയതിനാൽ അതിന്മേൽ വേറിട്ടുള്ള എന്തെങ്കിലും അഭിപ്രായം അറിയിക്കാൻ ഉണ്ടെങ്കിൽ 25.09.2024 നുള്ളിൽ കത്ത്‌ മുഖേന ഞങ്ങളെ അറിയിക്കണം എന്ന് താൽപ്പര്യപ്പെടുന്നു.

01.10.2024 മുതൽ തുടങ്ങുന്ന എല്ലാ സിനിമകളിലും തൊഴിലുകളിൽ ഏർപ്പെടുന്ന അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് നിർബന്ധമായും സേവന, വേതന കരാറിന്റെ അടിസ്ഥാനത്തിൽ മാത്രമെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ്റെ കീഴിൽ രജിസ്റ്റർ ചെയ്യുന്ന ചിത്രങ്ങൾക്ക് ചിത്രീകരണത്തിന് അനുമതി നൽകുകയുള്ളൂ എന്ന് അറിയിക്കുന്നു.

കൃത്യമായ സേവന, വേതന കരാറുകൾ ഇല്ലാത്ത തൊഴിൽ തർക്കത്തിന്മേൽ ഒരുകാരണവശാലും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇനിമേൽ ഇടപെടുന്നതല്ല എന്നും അറിയിക്കുന്നു.

logo
The Fourth
www.thefourthnews.in