'അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു, എനിക്ക് വേണ്ടി ലാലേട്ടന്‍ ഡേറ്റ് പോലും മാറ്റി'; നേരിനെക്കുറിച്ച് ഗണേഷ് കുമാർ
സിനിമാ അഭിനയം അവസാനിപ്പിക്കാമെന്ന് കരുതിയപ്പോഴാണ് മോഹൻലാൽ ചിത്രം 'നേര്' ലേക്ക് അഭിനയിക്കാൻ ജീത്തു ജോസഫ് വിളിച്ചതെന്ന് നിയുക്ത മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാർ. 'ബാന്ദ്ര' എന്ന സിനിമയിൽ അഭിനയിച്ച ശേഷം ഇനി അഭിനയം തന്നെ വേണ്ടെന്ന് വച്ചിരുന്നതായും ഗണേഷ് കുമാർ പറഞ്ഞു.
ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും മന്ത്രിസ്ഥാനങ്ങൾ രാജിവച്ചതിന് പിന്നാലെ, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥ കേട്ടപ്പോൾ 'നേര്' സിനിമയിൽ അഭിനയിക്കാൻ താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഒരു വിദേശ യാത്രയുമായി ബന്ധപ്പെട്ട് തന്റെ ഡേറ്റിൽ പ്രശ്‌നമുള്ളതിനാൽ അഭിനയിക്കാൻ സാധിക്കുമോയെന്ന് അറിയില്ലെന്ന് താൻ സംവിധായകനോട് പറഞ്ഞെന്നും തുടർന്ന് വിവരമറിഞ്ഞ മോഹൻലാൽ ഒരു കന്നട ചിത്രത്തിന്റെ തീയതി തനിക്കു വേണ്ടി മാറ്റി ചിത്രീകരണം നേരത്തെയാക്കുകയായിരുന്നെന്നും ഗണേഷ് കുമാർ പറഞ്ഞു.
നേര് പോലുള്ള നല്ല വേഷങ്ങൾ വന്നാലേ ഇനി അഭിനയിക്കുന്നുള്ളൂ. ഇനി അഭിനയം വേണ്ടെന്നു തീരുമാനിച്ചതായിരുന്നു. 'ബാന്ദ്ര'യിൽ അഭിനയിച്ചു മനസിനു നല്ല വിഷമമായി. അങ്ങനെയിരിക്കുമ്പോഴാണ് ജിത്തു ജോസഫ് എന്നെ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തുമ്പ പോലീസ് എസ് ഐ ആയിട്ടായിരുന്നു കെ ബി ഗണേഷ് കുമാർ ചിത്രത്തിൽ അഭിനയിച്ചത്. അതേസമയം മികച്ച അഭിപ്രായമാണ് നേര് സിനിമയ്ക്ക് ലഭിക്കുന്നത്. 3 ദിവസം കൊണ്ട് ബോക്‌സോഫീസിൽ 10 കോടി രൂപ കേരളത്തിൽ നിന്ന് മാത്രം കളക്ട് ചെയ്തിട്ടുണ്ട്.
ദൃശ്യം, ദൃശ്യം 2, 12ത് മാൻ എന്നീ സിനിമകൾക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിച്ച നേരിൽ അഡ്വ വിജയമോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചത് അഡ്വക്കേറ്റ് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്.
സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേഷ് പ്രഭാകർ, ശ്രീധന്യ, രശ്മി അനിൽ, ഷെഫ് പിള്ള, പ്രശാന്ത് നായർ, ശങ്കർ ഇന്ദുചൂഡൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.