പുരുഷനിർമിതിയുടെ ചട്ടക്കൂടിനെ വെല്ലുവിളിച്ച കെജിയുടെ സ്ത്രീകൾ
രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിന്നും മാറിനിൽക്കുന്ന വ്യക്തിത്വം. എന്നിട്ടും മലയാള സിനിമയിലെ മാസ്റ്റര്‍ ക്രാഫ്‌റ്റ്സ്മാന്‍ എന്ന് ഇന്നും അറിയപ്പെടുന്നുണ്ടെങ്കിൽ അയാളുടെ പേരാണ് കുളക്കാട്ടില്‍ ഗിവര്‍ഗീസ് ജോര്‍ജ് എന്ന കെ ജി ജോര്‍ജ്. മലയാള സിനിമകൾക്ക് ക്ലാസിക് പട്ടം നേടിക്കൊടുത്തതിൽ കെ ജി ജോർജിന്റെ അതുല്യമായ സംഭാവനയെ വിസ്മരിക്കാൻ കഴിയുന്നതല്ല. പ്രമേയം കൈകാര്യം ചെയ്യുന്ന രീതിയിൽ കെ ജി ജോർജിന്റെ സിനിമകളിൽ നിന്നും നാം ഇന്നു കാണുന്ന തലത്തിലേക്ക് മലയാള സിനിമ എറെ മുന്നോട്ടു വന്നോ എന്നു ചോദിച്ചാൽ സംശയമാണ്. ഒരു തുറന്ന സമൂഹത്തിനുളളിൽ വച്ച് സ്ത്രീയുടെ ലൈംഗിക സങ്കൽപ്പങ്ങളെക്കുറിച്ചും അവരുടെ സ്വത്വബോധത്തെക്കുറിച്ചുമുളള അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലത്തുതന്നെ അതേക്കുറിച്ചുളള ചർച്ചകൾക്ക് തന്റെ സിനിമകളിലൂടെ തുടക്കമിട്ട സംവിധായകനും എഴുത്തുകാരനും കൂടിയാണ് കെ ജി ജോർജ്.
മലയാളി ഇന്നും ചര്‍ച്ച ചെയ്യാന്‍ പോലും മടിക്കുന്ന വിവാഹപൂര്‍വ്വ സ്ത്രീ –പുരുഷ ബന്ധത്തെയായിരുന്നു എഴുപതുകളുടെ മധ്യത്തില്‍ കെ ജി ജോര്‍ജ് വെള്ളിത്തിരയില്‍ എത്തിച്ച സ്വപ്നാടനത്തിന്റെ പ്രമേയം.
ഒരു പാട്ടിലൂടെ ഒരു നദിക്ക് അപ്പുറവും ഇപ്പുറവും നിൽക്കുന്ന കാമുക - കാമുകി ബന്ധങ്ങളെ ചിത്രീകരിച്ചുകൊണ്ട് മലയാള പ്രേക്ഷകരെ അനുഭൂതി സൃഷ്ടിച്ചിരുന്ന വെള്ളിത്തിരയിലേക്കാണ് കെ ജി ജോർജ് അടിയന്തരാവസ്ഥാ കാലത്തിനു പിന്നാലെ സ്വപ്നാടനവുമായി എത്തുന്നത്. മലയാളി അതുവരെ കണ്ടിരുന്ന സാമ്പ്രദായിക രീതികളിൽ നിന്നും ഏറെ വ്യത്യസ്തമായ സംവിധാന ശൈലി സ്വീകരിച്ചു കൊണ്ടായിരുന്നു സ്വപ്നാടനത്തെ കെ ജി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. മലയാളി ഇന്നും ചര്‍ച്ച ചെയ്യാന്‍ പോലും മടിക്കുന്ന വിവാഹപൂര്‍വ്വ സ്ത്രീ –പുരുഷ ബന്ധത്തെയായിരുന്നു എഴുപതുകളുടെ മധ്യത്തില്‍ കെ ജി ജോര്‍ജ് വെള്ളിത്തിരയില്‍ എത്തിച്ച സ്വപ്നാടനത്തിന്റെ പ്രമേയം. ഇന്നും മലയാളിയുടെ ചിന്താധാരയിൽ പോലും കാര്യമായ മാറ്റങ്ങൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നത് മറ്റൊരു കാര്യം. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രത്തിന് മികച്ച ചിത്രത്തിനുളള സംസ്ഥാന - ദേശീയ ചലച്ചിത്രപുരസ്കാരവും ലഭിച്ചിരുന്നു.
സമൂഹം പടുത്തുയർത്തിയ സദാചാരമൂല്യങ്ങളെ തിരസ്കരിക്കുകയും പുതിയ ഒന്നിനെ മാറ്റി സ്ഥാപിക്കാനുമാണ് കെ ജി ജോർജ് തന്റെ സിനിമകളിലൂടെ നിരന്തരം ശ്രമിച്ചുപോന്നിരുന്നത്. ആന്തരിക സംഘർഷങ്ങളെ അടിച്ചമർത്തി ജീവിക്കുന്ന മനുഷ്യന്റെ മാനസികതലങ്ങളെ കണ്ടെത്തുകയായിരുന്നു കെജിയുടെ സ്വപ്നാടനം മുതൽ ഇലവങ്കോട് ദേശം വരെയുള്ള സിനിമകൾ. യാഥാര്‍ഥ്യത്തിന്റെ മുഖത്തോട് അടുത്തു നില്‍ക്കുന്നവയായിരുന്നു ആ സിനിമകളൊക്കെയും. പകരം വയ്ക്കാനില്ലാത്ത എക്കാലത്തെയും മികച്ച ക്രൈം ത്രില്ലര്‍ യവനികയും, നടി ശോഭയുടെ ജീവിതവും മരണവും അസാമാന്യ മികവോടെ ഒപ്പിയ ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്കും, ഇന്നും പകരംവയ്ക്കാനാവാത്ത ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലവും മലയാളികൾ ആവർത്തിച്ചു കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളാണ്. സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾക്കൊപ്പം തന്നെ മാനസികമായും ശാരീരികമായും മനുഷ്യൻ അനുഭവിക്കുന്ന പ്രശ്നങ്ങളെ അഡ്രസ് ചെയ്യാൻ കെ ജി ശ്രമിച്ചുവെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും.
മലയാള സിനിമ അതുവരെ ചെയ്തു പോന്നിരുന്ന സെമി പോണ്‍ സിനിമകളിൽ നിന്നും സ്ത്രീയുടെ കാമനകളെക്കുറിച്ചുളള ചർച്ചകൾക്കാണ് ഇരകളിലൂടെ കെ ജി തുടക്കമിട്ടത്.
കെ ജിയുടെ സ്ത്രീ കഥാപാത്ര സൃഷ്ടികൾ ആ കാലത്തെ മറ്റു സംവിധായകരിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തിയതായിരുന്നു. വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകളോ അല്ലെങ്കിൽ കന്യകാ സങ്കൽപ്പമോ നിറഞ്ഞുനിന്നിരുന്ന സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചുളള സമൂഹത്തിന്റെ കാഴ്ചപ്പാടിനെ പൊളിച്ചടുക്കുകയായിരുന്നു തന്റെ ഓരോ സിനിമകളിലൂടെയും കെ ജി ചെയ്തത്. നിത്യ ജീവിതത്തിൽ നാം കാണുന്ന നന്മയുടെയും തിന്മയുടെയും അംശങ്ങളുള്ള പച്ചയായ സ്ത്രീ ജീവിതത്തെയാണ് കെ ജി വെളളിത്തിരയിൽ അടയാളപ്പെടുത്തിയത്. മലയാള സിനിമയിൽ പൊതുവെ തുറന്നു ചർച്ച ചെയ്യാൻ മടിയുള്ള വിഷയമാണ് സ്ത്രീ ലൈംഗികത. മലയാള സിനിമ അതുവരെ ചെയ്തു പോന്നിരുന്ന സെമി പോണ്‍ സിനിമകളിൽ നിന്നും സ്ത്രീയുടെ കാമനകളെക്കുറിച്ചുളള ചർച്ചകൾക്കാണ് ഇരകളിലൂടെ കെ ജി തുടക്കമിട്ടത്. ഇരകളിലെ ആനിയ്ക്ക് ഭർത്താവിൽ നിന്ന് അവളാഗ്രഹിക്കുന്ന സംതൃപ്തി ലഭിക്കാതെ വരുമ്പോൾ മറ്റു ബന്ധങ്ങൾ തേടിപ്പോകുന്നത് എഴുപതുകളുടെ മധ്യത്തിലാണ് കെ ജി ചിത്രീകരിച്ചതെന്ന് നാം ഓർക്കണം. എന്നാൽ, കെ ജി തുടങ്ങിവച്ചതിനു അപ്പുറം ലൈംഗികത സംബന്ധിച്ചുളള സ്വത്വപ്രശ്നങ്ങളെ അടയാളപ്പെടുത്തുന്നതിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ മലയാള സിനിമയ്ക്കോ നമ്മുടെ സമൂഹത്തിനോ ഉണ്ടായിട്ടില്ല എന്നു വേണം പറയാൻ.
അടിയന്തരാവസ്ഥാ കാലത്തെ രാഷ്ട്രീയച്ചൂടിൽ നിന്നും മനുഷ്യൻ അനുഭവിക്കുന്ന പ്രശ്നങ്ങളെ വലിയ ക്യാൻവാസിൽ അടയാളപ്പെടുത്തിയപ്പോൾ കെ ജിയുടെ സ്ത്രീകഥാപാത്രങ്ങൾ നാമിന്നു കാണുന്ന പോസ്റ്റ് മോഡേൺ കാലത്തിനു മുന്പേ സഞ്ചരിച്ചവരായിരുന്നു. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ ഇണക്കി സ്ത്രീ വിമോചനത്തെ പ്രമേയമാക്കിയവയായിരുന്നു ആദാമിന്റെ വാരിയെല്ല്. കേരളത്തിലെ ഉപരിവർഗ ക്രിസ്ത്യൻ കുടുംബത്തിൽപ്പെട്ട ആലീസ്, അവരുടെ വീട്ടിലെ വേലക്കാരി ദലിത് സ്ത്രീയായ അമ്മിണി, ഏജീസ് ഓഫീസ് ജീവനക്കാരിയായ വാസന്തി എന്നീ സ്ത്രീകളുടെ ദുരിതപൂർണ്ണമായ ജീവിതത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. പുരുഷാധിപത്യത്തിന്റേയും അധികാര ചട്ടക്കൂടിന്റെയും കുരുക്കിൽപ്പെട്ടുലകയും അവന്റെ കാമനകൾക്ക് ഇരകളാവുകയും ചെയ്യുന്ന സ്ത്രീകളാണ് ആലീസും വാസന്തിയും. അമ്മിണിയാകട്ടെ പീഡനങ്ങൾക്കൊപ്പം ബലാത്സംഗത്തിനുകൂടി ഇരയാകേണ്ടി വരികയാണ്. എന്നാൽ ഇവർ ആ ദുരിതപൂർണമായ ജീവിതത്തെ മറികടക്കുന്നത് വളരെ വ്യത്യസ്തമായാണ്.
മദ്യത്തിലും പിന്നീട് പല പുരുഷന്മാരിലുമായി ജീവിതത്തിന്റെ ആസക്തി മാറുന്നതാണ് ആലീസിലൂടെ കെ ജി കാട്ടിത്തരുന്നത്. വിവാഹാനന്തര പ്രണയത്തിലും മകളുടെ ഒളിച്ചോട്ടത്തിലും മനംനൊന്ത് ഒടുവിൽ ആലീസ് ആത്മഹത്യ ചെയ്യുകയാണ്. വാസന്തിക്ക് ആകട്ടെ ചിത്തഭ്രമം പിടിപെടുകയാണ്. ലോകക്ലാസിക്കുകളെക്കുറിച്ചും സയൻസിലുമുളള കെ ജിയുടെ ബോധ്യവും കാഴ്ചപ്പാടും വ്യക്തമാക്കുന്നതാണ് ആദാമിന്റെ വാരിയെല്ല് എന്ന ചിത്രം. വാസന്തിയുടെ സ്വപ്‌നങ്ങൾ മനഃശാസ്ത്രകാഴ്ചപ്പാടിൽ ചിത്രീകരിക്കുന്നതിലൂടെ തന്നെ കെജിയുടെ ബ്രില്യൺസ് പ്രേക്ഷകന് മനസിലാകും. ആലീസിന്റെ ഭർത്താവിനാൽ ഗർഭിണിയാവുകയും തുടർന്ന് പ്രസവിക്കുകയും കുട്ടിയെ അനാഥാലയത്തിന്റെ മുന്നിൽ ഉപേക്ഷിക്കുകയും പിന്നീട് റെസ്‌ക്യൂ ഹോമിൽ അന്തേവാസിയായി ജീവിക്കുകയും ചെയ്യുന്ന അമ്മിണിയിൽ ദളിത് സ്ത്രീയുടെ ചെറുത്തുനിൽപിന്റെ രാഷ്ട്രീയത്തെയാണ് കെ ജി പറയാൻ ശ്രമിച്ചത്. ഓരോ സിനിമകളിലും മാറിയ കാലത്തിനു അനുസരിച്ചുളള മാറ്റങ്ങളോടെയാണ് കെ ജി തന്റെ സിനിമകളിലെ പ്രമേയം കൈകാര്യം ചെയ്തിരുന്നത്.
എഴുപതുകൾ വരെ മലയാളികൾ പതിവ് കണ്ടുപരിചയിച്ച സിനിമാപ്രമേയത്തിൽ നിന്നുമുളള മോചനം സാധ്യമാക്കിയത് കെ ജി ജോർജ് ആയിരുന്നു. സ്വപ്നാടനം മുതൽ വളരെ ബോധപൂർവം തന്നെ കെ ജി തന്റെ സിനിമകൾക്ക് പുതിയൊരു ദൃശ്യഭാഷ ഒരുക്കിയിരുന്നു. കെ ജിയുടെ സിനിമകളിലെ ക്യാമറ സഞ്ചരിച്ചത് മലയാളികൾ അതുവരെ പുറത്തുപറയാൻ മടിച്ചതും മനുഷ്യർ സഞ്ചരിച്ച പുതിയ തീരങ്ങളിലേക്കുമായിരുന്നു. പ്രേക്ഷകർ അതുവരെ കണ്ടിരുന്ന ഗ്രാമത്തിന്‍റെ വിശുദ്ധി എന്ന സങ്കല്പം പൊള്ളയാണെന്നും കെജി കോലങ്ങളിലൂടെ വ്യക്തമാക്കി. അതുകൊണ്ടുതന്നെ അവിഹിത ഗർഭവുമായി വന്നെത്തുന്ന നായിക പതിവ് ഗ്രാമസങ്കൽപ്പങ്ങളിലെ ആത്മഹത്യ ചെയ്യുന്നതിൽ നിന്നും മാറി ഗർഭഛിദ്രം നടത്തുകയും പിന്നീട് വിവാഹിതയായി പോവുന്നതുമാണ് കെജി ചിത്രീകരിച്ചത്. ഇത്തരത്തിൽ പുരോഗമന കേരളത്തിലെ സ്ത്രീജീവിതം എങ്ങനെയാണ് മാറേണ്ടത് എന്നതിനെക്കുറിച്ചുളള കൃത്യമായ കാഴ്ചപ്പാട് അദ്ദേഹത്തിനു ഉണ്ടായിരുന്നുവെന്നത് വെളിവാക്കുന്നതാണ് കെജിയുടെ ഓരോ സിനിമകളും.
അധികാരം നിലനിർത്തുന്നതിനായി സ്ത്രീ ദേവതായണെന്ന പുരുഷന്റെ സ്ത്രീയെക്കുറിച്ചുളള നിർവചനത്തെ പൊളിക്കുകയും പുരുഷനെപ്പോലെ തന്നെ സ്ത്രീയും രക്തവും മജ്ജയും മാംസവുമുളള മനുഷ്യരാണെന്നും കെജി തന്റെ വളരെ ചുരുക്കം സിനിമകളിലൂടെ പറഞ്ഞുവച്ചു.
ഇരുപതോളം സിനികൾ സംവിധാനം ചെയ്തു കൊണ്ടു മലയാളസിനിമയിലും മലയാളിയുടെ പൊതുബോധത്തിലും ഏറെ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കെജി തുടക്കമിട്ടത്. അദ്ദേഹത്തിന്റെ സിനിമകൾ ഒരു പക്ഷേ പുതുതലമുറയിൽപ്പെട്ടവർ അധികം കണ്ടിരിക്കാൻ സാധ്യത ഉണ്ടാകില്ല. ഒരുപക്ഷെ പത്മരാജൻ സിനിമകൾ വരെ ഇന്നത്തെ തലമുറ കണ്ടിരിക്കുമ്പോഴും കെജിയെ വിസ്മരിച്ചു പോകുന്നതാണ് പലപ്പോഴും കാണാറുളളത്. എന്നാൽ, ഭരതനും പത്മരാജനും മുന്നോട്ട് കൊണ്ടുവന്ന ചലച്ചിത്രധാരയ്ക്ക് തുടക്കമിട്ടത് കെജിയായിരുന്നു. അത് പിന്തുടരുകയായിരുന്നു ഇരുവരും. അത്രമാത്രം മനേഹരമായ സൃഷ്ടികളായിരുന്നു അദ്ദേഹത്തിന്റെ ഓരോ സ്ത്രീ കഥാപാത്രങ്ങളും.
സമൂഹത്തിന്റെ പൊതുബോധത്തെ പൊളിച്ചടുക്കിയ സ്ത്രീകഥാപാത്രങ്ങളായിരുന്നു കെജിയുടേത്. എന്തും സഹിക്കാനുളള ദൈവത്തിന്റെ സൃഷ്ടിയണ് സ്ത്രീ എന്ന സമൂഹത്തിന്റെ സങ്കൽപ്പത്തെയാണ് കെജി തച്ചുടച്ചത്. അധികാരം നിലനിർത്തുന്നതിനായി സ്ത്രീ ദേവതായണെന്ന പുരുഷന്റെ സ്ത്രീയെക്കുറിച്ചുളള നിർവചനത്തെ പൊളിക്കുകയും പുരുഷനെപ്പോലെ തന്നെ സ്ത്രീയും രക്തവും മജ്ജയും മാംസവുമുളള മനുഷ്യരാണെന്നും കെജി തന്റെ വളരെ ചുരുക്കം സിനിമകളിലൂടെ പറഞ്ഞുവച്ചു. അവിടെ പുരുഷന്റെ ലൈംഗിക സങ്കൽപ്പങ്ങളെപ്പോലെ തന്നെ സ്ത്രീക്കും അവളുടേതായ ലൈംഗിക വിചാരങ്ങളുണ്ടെന്ന് അടക്കമുളള സ്വത്വ പ്രശ്നങ്ങളെ അദ്ദേഹം പൊതുസമൂഹത്തിനു മുന്നിൽ മടികൂടാതെ വിളിച്ചുപറഞ്ഞു. ചുരുക്കത്തിൽ, പുരുഷൻ നിർമ്മിച്ചുവെച്ച കുടുംബത്തിന്റെയും സമൂഹത്തിന്റെയും അധികാര ചട്ടക്കൂട്ടിനുളളിൽ നിന്നും സ്ത്രീയെ പുറത്തുകൊണ്ടുവരുന്നതിനായുളള ശ്രമങ്ങളായിരുന്നു കെജിയുടെ ഓരോ സിനിമകളും.