കിങ് ഓഫ് കൊത്തയ്ക്ക് റെക്കോർഡ് പ്രീബുക്കിങ്; 20 ലക്ഷം കടന്നതായി റിപ്പോർട്ട്
അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ ചിത്രം കിങ് ഓഫ് കൊത്ത. കേരളത്തിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് 20 ലക്ഷം കടന്നതായാണ് റിപ്പോർട്ട്. പല പ്രധാന തീയേറ്ററുകളിലും ബുക്കിങ് ഇനിയും ആരംഭിക്കാനിരിക്കെയാണ് കണക്കുകൾ പുറത്തുവരുന്നത്.
ഓഗസ്റ്റ് 24ന് ബിഗ് റിലീസാകാനിരിക്കുന്ന ചിത്രം ബോക്‌സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന് വിദേശത്തുനിന്നും മികച്ച വരുമാനം ലഭിക്കുമെന്നാണ് യുകെ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള പ്രീ-സെയിൽസ് കണക്കുകൾ വ്യക്തമാക്കുന്നത്. ദുൽഖറിന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന ബജറ്റിൽ നിർമിക്കുന്ന ചിത്രമായ കിങ് ഓഫ് കൊത്ത രണ്ടു കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. കൊത്ത എന്ന സ്ഥലത്തെ രാജു എന്ന റൗഡിയുടെ കഥയാണ് ചിത്രം.
ഒരു സമ്പൂർണ്ണ ആക്ഷൻ അഡ്വെഞ്ചറാണ് നവാഗത സംവിധായകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത. ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ്, നൈല ഉഷ, ഷമ്മി തിലകൻ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസും ചേർന്നാണ് നിർമാണം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ചിത്രം പ്രദർശനത്തിനെത്തും. കേരളത്തിൽ മാത്രം ഇരുനൂറിലേറെ സ്ക്രീനുകളിലും, ആഗോളതലത്തിൽ ആയിരത്തിലധികം സ്ക്രീനുകളിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം.