ചിരിപ്പിക്കാൻ നിവിൻ, ത്രില്ലടിപ്പിക്കാൻ ദുൽഖർ, തീപാറിക്കാൻ ഷെയ്ൻ നിഗവും കൂട്ടരും; ഓണം കളറാകുമെന്ന പ്രതീക്ഷയിൽ പ്രേക്ഷകർ
മലയാളത്തിൽ നിന്ന് ഇക്കുറി മൂന്ന് ചിത്രങ്ങളാണ് ഓണം റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാന്റെ അഭിലാഷ് ജോഷി ചിത്രം കിങ് ഓഫ് കൊത്ത, നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന രാമചന്ദ്രബോസ് ആന്റ് കോ , ഷെയ്ൻ നിഗം, ആന്റണി വർഗീസ് (പെപ്പെ), നീരജ് മാധവ്, എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന മൾട്ടിസ്റ്റാർ ചിത്രം ആർഡിഎക്സ് എന്നിവയാണ് ഓണം റിലീസുകൾ . ഇതിൽ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് നവാഗത സംവിധായകരാണ്. മൂന്നും യുവതാര ചിത്രങ്ങളാണ് എന്നതാണ് മറ്റൊരു പ്രത്യേകത
കിങ് ഓഫ് കൊത്ത
ഓണം റിലീസുകളിൽ നിന്ന് ആദ്യം തീയേറ്ററുകളിലെത്തുന്ന കൊത്തയുടെ പ്രദർശനം വ്യാഴാഴ്ച ആരംഭിക്കും. ഈ വർഷം ആദ്യമെത്തുന്ന ദുൽഖർ ചിത്രം, സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷിന്റെ അരങ്ങേറ്റ ചിത്രം, കൾട്ട് ക്ലാസിക് വിഭാഗത്തിലേക്കുയരാനിടയുള്ള ആദ്യ ഡി ക്യൂ ചിത്രമെന്ന നിലയിലൊക്കെ പ്രതീക്ഷയുടെ ഹൈപ്പിലാണ് കിങ് ഓഫ് കൊത്ത എത്തുന്നത്. ചിത്രത്തിന് ലഭിക്കുന്ന ഹൈപ്പിൽ പേടിയുണ്ടെന്ന ദുൽഖറിന്റെ വാക്കുകളോ ആദ്യ ചിത്രമെന്ന പരിഗണന ലഭിക്കുന്നില്ലെന്ന സംവിധായകൻ അഭിലാഷിന്റെ പരാതിയോ കൊത്തയുടെ ഹൈപ്പിന് കോട്ടം വരുത്തിയിട്ടില്ല. പ്രീ ബുക്കിങ്ങിലടക്കം ഇത് പ്രതിഫലിക്കുന്നുമുണ്ട്.
പൊറിഞ്ചുമറിയം ജോസ് , പാപ്പൻ എന്നീ ചിത്രങ്ങളിൽ ജോഷിയുടെ സഹസംവിധായകനായി പ്രവർത്തിച്ച അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊത്ത
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന കൊത്ത കേരളത്തിൽ മാത്രം ഇരുനൂറിലേറെ സ്ക്രീനുകളിലും, ആഗോളതലത്തിൽ ആയിരത്തിലധികം സ്ക്രീനുകളിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം.
രാമചന്ദ്രബോസ് ആൻഡ് കോ
തുറമുഖത്തിന് പിന്നാലെ ഈ വർഷം റിലീസിനെത്തുന്ന രണ്ടാമത്തെ നിവിൻ പോളി ചിത്രമാണ് രാമചന്ദ്രബോസ് ആൻഡ് കോ. ഹനീഫ് അദേനിയാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കൂട്ടാളികളുമൊത്ത് രാമചന്ദ്രബോസ് നടത്തുന്ന കവർച്ച പ്രമേയമാക്കുന്ന ചിത്രം കോമഡിക്ക് പ്രധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.
വലിയ പ്രമോഷനൊന്നുമില്ലാതെ എത്തുന്ന ചിത്രം ജൂഡ് ആന്തണി ജോസഫിന്റെ 2018 മാതൃകയിൽ മൗത്ത് പബ്ലിസിറ്റിക്കൊണ്ട് ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ മമിതാ ബൈജു, വിനയ് ഫോർട്ട് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും
ആർഡിഎക്സ്
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ആർഡിഎക്സ്. ആർഡിഎക്സും രാമചന്ദ്ര ബോസിനൊപ്പം വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും.
ചിത്രീകരണത്തിനിടെ സെറ്റിലുണ്ടായ പ്രശ്നങ്ങളെ തുടർന്നുണ്ടായ വിവാദങ്ങളാണ് ആർഡിഎക്സ് എന്ന ചിത്രത്തെ ആദ്യം പ്രേക്ഷകരിലേക്കെത്തിച്ചത്. മൾട്ടിസ്റ്റാർ ചിത്രത്തിൽ ഷെയ്ന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞ് പോയെന്നായിരുന്നു പരാതി. അവരെക്കാൾ പ്രാധാന്യം ലഭിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഷെയ്ൻ ഷൂട്ട് തടസപ്പെടുത്തി. ഫെഫ്ക പ്രതിനിധികളെത്തി ചർച്ച നടത്തിയാണ് ഷൂട്ടിങ് പുനരാരംഭിച്ചത്. തുടർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്ക പ്രതിനിധികളും തമ്മിൽ നടത്തിയ സംയുക്തയോഗത്തിൽ ഷെയ്നോട് നിസഹരണവും പ്രഖ്യാപിച്ചിരുന്നു
സൂപ്പർസ്റ്റാർ ചിത്രങ്ങളോ സൂപ്പർ സംവിധായക ചിത്രങ്ങളോ ഇല്ലെങ്കിലും, നവാഗത സംവിധായകരുടെ വ്യത്യസ്ത ജോണറിലുള്ള ചിത്രങ്ങളിലും പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് പ്രേക്ഷകർ. ഒപ്പം രജനീകാന്തിന്റെ മാസ് ആക്ഷൻ ത്രില്ലർ ജയിലറും തീയേറ്ററുകളിലുണ്ട്.