എസ് പി ബാലസുബ്രഹ്‌മണ്യം
എസ് പി ബാലസുബ്രഹ്‌മണ്യം

യേശുദാസും ബാലമുരളീകൃഷ്ണയും ഉണ്ടായിട്ടും എന്തുകൊണ്ട് എസ് പി ബി?

എസ് പി ബി വിടവാങ്ങിയിട്ട് രണ്ടു വര്‍ഷം
Updated on
2 min read

ഡോ ബാലമുരളീകൃഷ്ണയേയും കെ ജെ യേശുദാസിനേയും പോലുള്ള സംഗീതസവ്യസാചികള്‍ വിളിപ്പുറത്തുണ്ടായിട്ടും ''ശങ്കരാഭരണ''ത്തിലെ പാട്ടുകള്‍ ശാസ്ത്രീയസംഗീതജ്ഞാനിയല്ലാത്ത എസ് പി ബാലസുബ്രഹ്‌മണ്യത്തെ കൊണ്ടു പാടിക്കാന്‍ സംവിധായകന്‍ കെ വിശ്വനാഥ് തീരുമാനിച്ചതെന്തുകൊണ്ട് ?

ശങ്കരാഭരണം ഒരു ആശയമായി മനസ്സില്‍ രൂപപ്പെട്ടപ്പോഴേ ഗായകനായി എസ് പി ബിയെ നിശ്ചയിച്ചുകഴിഞ്ഞിരുന്നു വിശ്വനാഥ്- പലരുടെയും നെറ്റി ചുളിയുമെന്നറിഞ്ഞുകൊണ്ട് തന്നെ.

നാല് പതിറ്റാണ്ടായി ശങ്കരാഭരണത്തിന്റെ ശില്‍പ്പി ഉത്തരം പറഞ്ഞു മടുത്ത ചോദ്യമാവണം അത്. എന്നിട്ടും പരിഭവലേശമന്യേ ഹൃദയം തുറന്നു ചിരിച്ചു വിശ്വനാഥ്. ''നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ബാലു പാടിയ പാട്ടുകളില്‍ തന്നെയുണ്ട്. ഇത്ര കാലം ആ പാട്ടുകള്‍ കേട്ടിട്ടും അതു തിരിച്ചറിഞ്ഞില്ലെന്നോ? അത്ഭുതം..''

ശങ്കരാഭരണം ഒരു ആശയമായി മനസ്സില്‍ രൂപപ്പെട്ടപ്പോഴേ ഗായകനായി എസ് പി ബിയെ നിശ്ചയിച്ചുകഴിഞ്ഞിരുന്നു വിശ്വനാഥ്- പലരുടെയും നെറ്റി ചുളിയുമെന്നറിഞ്ഞുകൊണ്ട് തന്നെ. ബാലമുരളീകൃഷ്ണ പാടണം എന്നായിരുന്നു സംഗീത സംവിധായകന്‍ കെ വി മഹാദേവന്റെ ആഗ്രഹം. സിനിമയിലെ നായകന്‍ ലോകം മുഴുവന്‍ ആദരിക്കുന്ന ശാസ്ത്രീയ സംഗീതജ്ഞനാകുമ്പോള്‍ അദ്ദേഹത്തിന് വേണ്ടി പാടുന്നത് ഒരു സാധാരണ പാട്ടുകാരന്‍ ആകരുതല്ലോ. എന്നാല്‍ എസ് പി ബി വെറുമൊരു സാധാരണ ഗായകന്‍ അല്ല എന്ന് മറ്റാരെക്കാള്‍ അറിയാമായിരുന്നു വിശ്വനാഥിന്.

ചെറിയൊരു നാടകീയത ഇല്ലെങ്കില്‍ അത്തരം പാട്ടുകള്‍ ജനകീയമാവില്ല.

''പരിചയസമ്പന്നരായ ശാസ്ത്രീയ സംഗീത വിശാരദന്‍മാരിലൊന്നും കാണാത്ത ചില ഗുണവിശേഷങ്ങളുണ്ട് അയാള്‍ക്ക്. നല്ലൊരു നടനാണ്. അതിലുപരി കഴിവുറ്റ മിമിക്രി ആര്‍ട്ടിസ്റ്റും. ആരുടേയും ശബ്ദവും ഭാവങ്ങളും ചേഷ്ടകളും അതിഗംഭീരമായി അനുകരിക്കും ബാലു. ശിവാജി ഗണേശനെയും എം ജി ആറിനെയും ഒക്കെ ബാലു അനുകരിക്കുന്നത് വിസ്മയത്തോടെ കണ്ടുനിന്നിട്ടുണ്ട് ഞാന്‍. സംവിധായകന്‍ ഉദ്ദേശിക്കുന്ന ഏതു ഭാവവും ശൈലിയും ആലാപനത്തില്‍ കൊണ്ടുവരാന്‍ ഉള്ളിലെ ഈ ശബ്ദാനുകരണ വിദഗ്ദന്‍ അയാളെ സഹായിച്ചിട്ടുണ്ടാകം.''

ശങ്കരാഭരണത്തില്‍ പരമ്പരാഗത ശൈലിയിലുള്ള ശാസ്ത്രീയ സംഗീത കൃതികളല്ല ശങ്കരശാസ്ത്രികള്‍ പാടുന്നതെന്ന് ഓര്‍മ്മിപ്പിക്കുന്നു വിശ്വനാഥ്. ലളിതശാസ്ത്രീയ ഗാനങ്ങളാണ് അവ. ചെറിയൊരു നാടകീയത ഇല്ലെങ്കില്‍ അത്തരം പാട്ടുകള്‍ ജനകീയമാവില്ല. സിനിമയിലെ കഥാമുഹൂര്‍ത്തങ്ങളുടെ വൈകാരിക ഭാവവുമായി ചേര്‍ന്നു നില്‍ക്കുകയും വേണം അവ. ആലാപനത്തില്‍ ഈ നാടകീയത ആവിഷ്‌കരിക്കാന്‍ എസ് പി ബിയോളം കഴിവുള്ളവര്‍ വേറെ ഇല്ല എന്നാണ് എന്റെ വിശ്വാസം.''

മറ്റൊന്നു കൂടി പറഞ്ഞു വിശ്വനാഥ്. ''ബാലുവും ഞാനും തമ്മില്‍ അപൂര്‍വമായ ഒരു ഹൃദയൈക്യമുണ്ട്. ബാലുവിന്റെ കഴിവുകളുടെ വ്യാപ്തി എനിക്ക് നന്നായറിയാം. എന്നിലെ സംവിധായകന് വേണ്ടത് എന്താണെന്ന് അയാള്‍ക്കും. മാത്രമല്ല ബാലു എന്റെ അടുത്ത ബന്ധു കൂടിയാണ്. സഹോദര തുല്യന്‍. കുട്ടിക്കാലം മുതലേ അറിയാം അയാളെ. ലക്ഷ്യത്തിലെത്താന്‍ വേണ്ടി കഠിനമായി അധ്വാനിക്കാന്‍ മടിയില്ലാത്ത കൂട്ടത്തിലാണ്. ശങ്കരാഭരണത്തിലെ പാട്ടുകളുടെ പൂര്‍ണ്ണതക്ക് വേണ്ടി ബാലു സഹിച്ച ത്യാഗങ്ങള്‍ നേരിട്ട് കണ്ടയാള്‍ എന്ന നിലക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാനാകും- - മറ്റാരു പാടിയാലും ആ ഗാനങ്ങള്‍ ഇത്രത്തോളം ശ്രദ്ധിക്കപ്പെടില്ലായിരുന്നു.''

മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും നന്ദി അവാര്‍ഡും ഫിലിംഫെയര്‍ അവാര്‍ഡും ഉള്‍പ്പെടെ ശങ്കരാഭരണം നേടിത്തന്ന കീര്‍ത്തിമുദ്രകള്‍ ഒന്നടങ്കം എസ് പി ബാലസുബ്രഹ്‌മണ്യം സമര്‍പ്പിച്ചിട്ടുള്ളത് ഒരു തിരുവനന്തപുരംകാരനാണ് -- ചാലയില്‍ ജനിച്ചുവളര്‍ന്ന് തമിഴകത്ത് വാദ്യവിന്യാസ വിദഗ്ദനായി പേരെടുത്ത വേലപ്പന്‍ നായര്‍ എന്ന അപ്പുവിന്. ''പുകഴേന്തി'' എന്ന പേരിലാണ് സിനിമാലോകത്ത് അപ്പുവിനു ഖ്യാതി. കെ വി മഹാദേവന്റെ വിശ്വസ്ത സഹായിയായ പുകഴേന്തിയുടെ ആത്മാര്‍ഥമായ ശിക്ഷണം ഇല്ലായിരുന്നെങ്കില്‍ ശങ്കരാഭരണത്തിലെ പാട്ടുകള്‍ പാടി ഫലിപ്പിക്കാന്‍ തനിക്ക് കഴിയില്ലായിരുന്നു എന്ന് വിശ്വസിക്കുന്നു എസ് പി ബി.

''ശങ്കരാഭരണത്തില്‍ പാടാന്‍ ക്ഷണം ലഭിച്ചപ്പോള്‍ ആദ്യം ഒഴിഞ്ഞുമാറാനാണ് ഞാന്‍ ശ്രമിച്ചത്. പിതാവിനെ പോലെ ഞാന്‍ ആദരിക്കുന്ന വിശ്വനാഥ് സാറിന്റെ പടമാണ്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകന്‍. ഈ പടവും ഒരു അവിസ്മരണീയ ദൃശ്യാനുഭവം ആകുമെന്നുറപ്പായിരുന്നു. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത എനിക്ക് പടത്തിലെ പാട്ടുകളോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന കാര്യത്തിലേ ഉണ്ടായിരുന്നുള്ളൂ സംശയം. പാട്ടുകളുടെ നിലവാരമില്ലായ്മ കൊണ്ട് ഒരു ക്ലാസിക് പടം ശ്രദ്ധിക്കപ്പെടാതെ പോയാലോ? അതില്‍പ്പരം ഒരപമാനമുണ്ടോ. സംവിധായകന് മാത്രമല്ല ആ സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും അത് ദുഷ്‌പേരുണ്ടാക്കും. എനിക്കു പകരം മറ്റേതെങ്കിലും പാട്ടുകാരനെ തേടാന്‍ അപേക്ഷിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. വിശ്വനാഥ് സാറിന് എന്റെ കഴിവുകളില്‍ അത്രയും വിശ്വാസമായിരുന്നിരിക്കണം; പുകഴേന്തി മാസ്റ്റര്‍ക്കും.''

logo
The Fourth
www.thefourthnews.in