കണക്ക് ഇഷ്ടമില്ലാതെ ഫാഷൻ ടെക്‌നോളജിയെടുത്തു, ഡെബിറ്റും ക്രെഡിറ്റും അറിയാതെ ബാങ്കില്‍ പണി; സിനിമയിലെത്തിയ കഥപറഞ്ഞ് ലോകേഷ്
വെറും നാല് സിനിമകൾ, ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഹൃദയം കവർന്ന സംവിധായകന്‍ ലോകേഷ് കനകരാജിന് പക്ഷേ തന്റെ ഭാവിയെ കുറിച്ച് പദ്ധതികളുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. ലിയോ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് തമിഴിലെ പ്രമുഖ അവതാരകനായ ഗോപിനാഥിന് നൽകിയ അഭിമുഖത്തിലാണ് ലോകേഷ് താൻ സിനിമയിൽ എത്തിയ കഥ പറഞ്ഞത്. തനിക്ക് തന്റെ കുട്ടിക്കാലത്തോ കോളേജ് കാലത്തോ എന്താവണമെന്നോ ആരാവണമെന്നോ അറിയില്ലായിരുന്നെന്ന് പറയുകയാണ് ലോകേഷ്. തന്റെ അച്ഛൻ ഒരു ബസ് കണ്ടക്ടറായിരുന്നു. 9ാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു പലചരക്ക് കട തുടങ്ങിയതോടെയാണ് തന്റെ കുടുംബം മെച്ചപ്പെടാൻ തുടങ്ങിയതെന്നും ലോകേഷ് കനകരാജ് പറയുന്നു.
സ്‌ക്കൂൾ കാലഘട്ടത്തിലോ കോളേജിലോ താൻ അഭിനയിക്കാനോ കലയുമായി ബന്ധപ്പെട്ട് മറ്റു രംഗങ്ങളിലോ പ്രവർത്തിച്ചിട്ടില്ലെന്നും ലോകേഷ് പറയുന്നു. എന്താണ് പഠിക്കേണ്ടത് എന്തിനാണ് പോകേണ്ടത് എന്നുള്ള ഒരു ധാരണ തനിക്ക് ഇല്ലായിരുന്നു. കണക്ക് പഠിക്കാനില്ലാത്ത ഒരു ഡിഗ്രി ചെയ്യുന്നതിനായി ആദ്യം വിസ്‌കോം ഡിഗ്രി നോക്കി. എന്നാൽ സീറ്റ് ഇല്ലാതിരുന്നതിനാൽ പിന്നീട് ഫാഷൻ ടെക്‌നോളജി കോഴ്‌സിന് ചേർന്നെന്നും ലോകേഷ് പറഞ്ഞു.
ഫാഷൻ ടെക്‌നോളജി പിന്നീട് എംബിഎ പിന്നെ ബാങ്കിങ് തനിക്ക് ഈ കണക്ഷൻ മനസിലാവുന്നില്ല എന്ന ഗോപിനാഥിന്റെ ചോദ്യത്തിന് തനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നെന്നും എക്‌സ്‌പോഷർ കുറവായിരുന്നെന്നും ലോകേഷ് പറഞ്ഞു. പഠിക്കുന്ന കാലത്ത് എല്ലാവരും ഒരു ഫാഷനായി എംബിഎ എടുക്കുമായിരുന്നു ഇത് കണ്ട് താനും എംബിഎ എടുത്തു. പിന്നീട് ഡെബിറ്റും ക്രെഡിറ്റുമറിയാത്ത താൻ ബാങ്കിൽ ജോയിൻ ചെയ്തതെന്നും ലോകേഷ് ചിരിയോടെ പറഞ്ഞു.
പിന്നീടാണ് താൻ ഒരു ഷോർട് ഫിലിം ചെയ്തത്. ഓഫീസിൽ എല്ലാവരും കളിയാക്കുന്ന അനിരുദ്ധ് എന്ന് പേരുള്ള തടിച്ച ഒരു പയ്യൻ ഉണ്ടായിരുന്നു. എല്ലാവരും നിന്നെ കളിയാക്കുകയല്ലെ വാ നീയാണ് സിനിമയിലെ നായകൻ എന്ന് പറഞ്ഞുകൊണ്ട് അവനെ നായകനാക്കി സിനിമയെടുക്കുകയായിരുന്നെന്നും ലോകേഷ് പറഞ്ഞു. ഈ ചിത്രത്തിന് അവാർഡ് ലഭിച്ചു. ജീവിതത്തിൽ ആദ്യമായിട്ടാണ് തനിക്ക് ഒരു കൈയ്യടി ലഭിച്ചതെന്നും ലോകേഷ് പറയുന്നു.
പിന്നീട് ചില ഷോർട് ഫിലിമുകളും പരസ്യങ്ങളും എടുത്തു. ഇങ്ങനെയാണ് താൻ സിനിമ പഠിക്കുകയും സിനിമയിൽ എത്തിയതെന്നും ലോകേഷ് കനകരാജ് അഭിമുഖത്തിൽ പറഞ്ഞു. താൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ മാനഗരത്തിലെ നായകൻ കൂറെയൊക്കെ താൻ തന്നെയാണെന്നും ലോകേഷ് പറഞ്ഞു.
അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ റെക്കോർഡ് കളക്ഷനാണ് ലോകവ്യാപകമായി സ്വന്തമാക്കുന്നത്. പടം റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് 470 കോടിയോളം രൂപ ചിത്രം സ്വന്തമാക്കി.