തിയേറ്റർ സന്ദർശനത്തിനിടെ ലോകേഷ് കനകരാജിന്റെ കാലിന് പരുക്ക്; പ്രമോഷന്‍ റദ്ദാക്കി ചെന്നൈയ്ക്ക് മടങ്ങി
വിജയ് ചിത്രം ലിയോയുടെ വിജയം ആഘോഷിക്കുന്നതിനായി കേരളത്തിലെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന്റെ കാലിന് പരുക്കേറ്റു. പാലക്കാട് തിയേറ്റർ സന്ദർശനത്തിനിടെ ആരാധകരുടെ തിരക്കിൽപ്പെട്ടാണ് കാലിന് പരുക്കേറ്റത്. ഇതോടെ മുൻകൂട്ടി നിശ്ചയിച്ചിരുന്ന കേരളത്തിലെ മറ്റു തിയേറ്ററുകളിലെ സന്ദർശനം റദ്ദാക്കി ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി.
പാലക്കാട് അരോമ തിയേറ്റർ സന്ദർശിച്ച ലോകേഷിനെ കാണാൻ വൻജനാവലിയായിരുന്നു എത്തിയത്. ആരാധകരുടെ തിരക്കിനിടയിൽപ്പെട്ട് ലോകേഷിന്റെ കാലിന് പരുക്കേൽക്കുകയായിരുന്നു. തിരക്ക് വർധിച്ചതോടെ ആൾകൂട്ടത്തെ നിയന്ത്രിക്കുന്നതിന് പോലീസിന് ലാത്തി വീശേണ്ടി വന്നു.
തൃശൂർ രാഗം തിയേറ്റർ, കൊച്ചി കവിത തിയേറ്റർ എന്നിവിടങ്ങളായിരുന്നു ലോകേഷ് ഇന്ന് സന്ദർശിക്കേണ്ടിയിരുന്ന മറ്റു തിയേറ്ററുകൾ. കൊച്ചിയിൽ നടത്താനിരുന്ന വാർത്താസമ്മേളനവും റദ്ദാക്കി. വാർത്താസമ്മേളനം മറ്റൊരു ദിവസം നടത്താനായി കേരളത്തിലെത്തുമെന്ന് ലോകേഷ് എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. കേരളത്തിന്റെ സ്‌നേഹത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും ലോകേഷ് എക്‌സിൽ കുറിച്ചു.
കളക്ഷൻ റെക്കോർഡുമായി ബോക്‌സോഫീസിൽ കുതിക്കുകയാണ് ലിയോ. കഴിഞ്ഞ ദിവസം അമേരിക്കൻ മാഗസിനായ വെറൈറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആഗോള ബോക്‌സ് ഓഫീസിൽ ലിയനാർഡോ ഡികാപ്രിയോ ചിത്രം കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവർ മൂണിനെ ലിയോ പിന്നിലാക്കിയിരുന്നു.
ലിയോ അഞ്ചു ദിവസം കൊണ്ട് 400 കോടിയോളം രൂപ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. വിജയ് - തൃഷ ജോഡികൾ ഒരിടവേളക്കുശേഷം ഒന്നിച്ച ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ട്നർ. ഡി.ഒ.പി മനോജ് പരമഹംസ, ആക്ഷൻ അൻപറിവ് , എഡിറ്റിങ് ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.