'പാര്‍ത്ഥിപന്‍ നല്ലവനാ, കെട്ടവനാ'?... ലോകേഷ് യൂണിവേഴ്‌സിലേക്ക് വിജയ് ചിത്രം  ലിയോയും

'പാര്‍ത്ഥിപന്‍ നല്ലവനാ, കെട്ടവനാ'?... ലോകേഷ് യൂണിവേഴ്‌സിലേക്ക് വിജയ് ചിത്രം ലിയോയും

എല്‍സിയുവില്‍ നിന്നുള്ള ചിത്രത്തെ യൂണിവേഴ്സുമായി ലോകേഷ് കണക്ട് ചെയ്യുന്നത് എങ്ങനെയാണ്, ഇതാണ് ലിയോയുടെ സസ്പെന്‍സ്.
Updated on
2 min read

'അമിത പ്രതീക്ഷകളില്ലാതെ ക്ലീന്‍ മൈന്‍ഡ് സെറ്റില്‍ ലിയോ കാണാന്‍ പോയാല്‍ നിങ്ങള്‍ സാറ്റിസ്‌ഫൈഡ് ആകാതെ പോവില്ല ഇത് എന്റെ വാക്കാണ്', ലിയോ പ്രൊമോഷന്‍ അഭിമുഖത്തിലെ ഈ വാക്കുകളോട് ലോകേഷ് നീതി പുലര്‍ത്തി എന്ന് തന്നെ പറയാം. ചെറിയ ചില പോരായ്മകള്‍ ഉള്ളപ്പോഴും ക്ലീന്‍ എന്റര്‍ടെയ്നര്‍ തന്നെയാണ് ചിത്രം.

പഞ്ച് ഡയലോഗോ മാസ് എന്‍ട്രിയോ ഇല്ലെങ്കിലും ഇന്‍ ആന്‍ഡ് ഔട്ട് വിജയ് ചിത്രം തന്നെയാണ് ലിയോ. പ്രമേയത്തിലേക്ക് വന്നാല്‍ ഹോളിവുഡ് ചിത്രം എ ഹിസ്റ്ററി ഓഫ് വയലന്‍സ് തന്നെയാണ് പ്ലോട്ട്. ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന പാര്‍ത്ഥിപനും ഭാര്യ സത്യയും മക്കളായ സിദ്ധു, ചിന്തു, (വിജയ്, തൃഷ, മാത്യു, ഇയല്‍) സന്തുഷ്ട കുടുംബം . ആനിമല്‍ റെസ്‌ക്യൂവറും കോഫി ഷോപ്പ് ഉടമയുമാണ് പാര്‍ത്ഥിപന്‍. അയാളുടെ കോഫി ഷോപ്പിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ പാര്‍ത്ഥിപനെ ലോകത്തിന് കാണിച്ചു കൊടുക്കുന്നു. ഇതോടെ പാര്‍ത്ഥിപന്‍ യഥാര്‍ത്ഥത്തില്‍ ലിയോയാണെന്ന വാദവുമായി ആന്റണി ദാസും ( സഞ്ജയ് ദത്ത്) ഹാരോള്‍ഡ് ദാസും (അര്‍ജുന്‍) എത്തുന്നു. പുകയില ബിസിനസ് നടത്തുന്ന സഹോദരങ്ങളാണ് ആന്റണിയും ഹാരോള്‍ഡും. പാര്‍ത്ഥിപനില്‍ സംശയം തോന്നുന്ന ഭാര്യ സത്യയും അയാളുടെ ഭൂതകാലം തേടിയിറങ്ങുന്നതോടെ ത്രില്ലിങ് ആയ ആദ്യ പകുതി അവസാനിക്കുന്നു.

കുടുംബസുഹൃത്തും ഫോറസ്റ്റ് റേഞ്ച് ഓഫീസറായ ജോഷിയുടേയും (ഗൗതം വാസുദേവ് മേനോന്‍) ഭാര്യയുടേയും (പ്രിയ ആനന്ദ്) സഹായത്തോടെയാണ് സത്യയുടെ അന്വേഷണം. പാര്‍ത്ഥിപനും ലിയോയും ഒരാളാണോ? ആന്റണിയും ഹാരോള്‍ഡും എന്തിനാണ് ലിയോയെ തേടുന്നത്? എല്‍സിയുവില്‍ നിന്നുള്ള ചിത്രത്തെ യൂണിവേഴ്സുമായി ലോകേഷ് കണക്ട് ചെയ്യുന്നത് എങ്ങനെയാണ്, ഇതാണ് ലിയോയുടെ സസ്പെന്‍സ്.

കുടുംബത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയാറാകുന്ന പാര്‍ത്ഥിപനെ, വിജയ് എന്ന താരത്തില്‍ നിന്ന് വേറിട്ട് നിര്‍ത്താന്‍ ഒരു പരിധി വരെ ലോകേഷിന് സാധിച്ചിട്ടുണ്ട്. അപ്പോഴും ഹിസ്റ്ററി ഓഫ് വയലന്‍സ് കാണാത്തവര്‍ക്ക് ലിയോ പുതുമയുള്ള പ്രമേയമാണെങ്കിലും കഥയറിയുന്നവര്‍ക്ക് പ്ലോട്ട് തുടക്കത്തില്‍ തന്നെ മനസിലാകുമെന്നത് ഒരു പോരായ്മയാണ്. ലോകേഷിന്റെ മേക്കിങ്ങും എല്‍സിയു കണക്ഷനും മാത്രമാണ് അങ്ങനെയുള്ളവരെ രണ്ടാംപകുതിയിലും പിടിച്ചിരുത്തുക. അര്‍ജുന്‍ സര്‍ജയും സഞ്ജയ് ദത്തും ബാബു ആന്റണിയും ലഭിച്ച വേഷങ്ങള്‍ മികച്ചതാക്കിയെങ്കിലും മാസ് കാണിക്കാനുള്ള സ്പേയ്സ് ഇവര്‍ക്ക് ആര്‍ക്കും കിട്ടിയിട്ടില്ല. പതിനാല് വര്‍ഷത്തിന് ശേഷം വിജയും തൃഷയും ഒരുമിക്കുമ്പോള്‍ ഓണ്‍ സ്‌ക്രീന്‍ കോമ്പോ മനോഹരമാക്കാന്‍ ഇരുവര്‍ക്കുമായിട്ടുണ്ട്. മാത്യുവിന്റെ സിദ്ധുവും ചിത്രത്തിലുടനീളമുണ്ട്.

അന്‍പറിവിന്റെ ആക്ഷന്‍ കൊറിയോഗ്രാഫിയും ഹൈനയെ വച്ചുള്ള ഫൈറ്റ് സീക്വന്‍സും മികച്ച് നില്‍ക്കുമ്പോഴും വിഎഫ്എക്സ് ഉപയോഗിച്ചുള്ള കാര്‍ ചെയ്സിങ്ങില്‍ അവിശ്വസനീയത മുഴച്ചു നില്‍ക്കുന്നുണ്ട്. ചിത്രത്തില്‍ അനിരുദ്ധിന്റെ മാസ് ബിജിഎം പ്രതീക്ഷിച്ച് പോകുന്നവര്‍ക്കും നിരാശരാകേണ്ടി വരും. 'നാന്‍ റെഡി താന്‍ വരവാ' എന്ന ഗാനം സെന്‍സര്‍ കട്ടുകളോടെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നന്‍പനും ബീസ്റ്റിനും ശേഷം മനോജ് പരമഹംസ ക്യാമറ ചെയ്യുന്ന വിജയ് ചിത്രമെന്ന നിലയിലും വലിയ പുതുമകളില്ല.

ഹോളിവുഡ് ചിത്രത്തിന്റെ കഥയെ ആധാരമാക്കിയാണെങ്കിലും വിജയ് യെ പോലെ ഒരു താരത്തെ സ്വന്തം സ്‌റ്റൈലില്‍ സിനിമയിലേക്ക് കൊണ്ടുവരുന്നതില്‍ ലോകേഷ് വിജയിച്ചിട്ടുണ്ട്. വിക്രത്തിന് പിന്നാലെ എത്തുന്ന ചിത്രമെന്ന നിലയില്‍ ലിയോയ്ക്ക് ലഭിച്ച ഹൈപ്പിനോടും ലോകേഷ് ഒരു പരിധി വരെ നീതി പുലര്‍ത്തിയിട്ടുണ്ട്. അപ്പോഴും ഇതുവരെയുള്ള ലോകേഷ് ചിത്രങ്ങളില്‍ വിക്രത്തിന്‌റെ തട്ടുതാണുതന്നെയിരിക്കും. തമിഴിലെ യുവനിര സംവിധായകരില്‍ നിന്ന് മണിരത്നം-ഷങ്കര്‍ നിരയിലേക്ക് ധൈര്യമായി കസേര വലിച്ചിട്ടിരിക്കാനുള്ള കഴിവും മികവുമുള്ള സംവിധായകനായി ലോകേഷ് തീരും എന്ന കാര്യത്തിലും സംശയമില്ല.

logo
The Fourth
www.thefourthnews.in