നിശ്ചയദാര്‍ഢ്യത്തിന്റെ മറ്റൊരു പേര് 'മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി'

മക്കൾ സെൽവൻ എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന വിജയ ഗുരുനാഥ സേതുപതി കാളിമുത്തു.. ആ പേരിന് ഇന്ന് നിശ്ചയദാർഢ്യം എന്നുകൂടി അർഥമുണ്ട്

1994 അന്നത്തെ ഒരു പതിനാറ് വയസുകാരന് കമൽഹാസൻ നായകനാവുന്ന ഒരു സിനിമയിൽ അഭിനയിക്കാനായി ഒഡീഷനിൽ പങ്കെടുത്തു. എല്ലാം ശരിയായെങ്കിലും ഉയരമില്ലെന്ന് പറഞ്ഞ് ആ പയ്യന് സിനിമയിൽ അവസരം കിട്ടിയില്ല. 28 വർഷങ്ങൾക്കുശേഷം അതേ കമൽഹാസന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രത്തിൽ പ്രധാന വില്ലനായി അന്നത്തെ ആ പതിനാറുകാരന്‍ അഭിനയിച്ചു...

ഒരിക്കൽ തള്ളിക്കളഞ്ഞ അതേ സിനിമാമേഖലയിൽ തന്റെ വ്യക്തി മുദ്രപതിപ്പിച്ച ആ താരം ഇന്ത്യൻ സിനിമയിലെതന്നെ എണ്ണം പറഞ്ഞ താരങ്ങളിൽ ഒന്നായി. ഒടുവിൽ അയാളുടെ അമ്പതാം ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്... മഹാരാജ, മക്കൾ സെൽവൻ എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന വിജയ ഗുരുനാഥ സേതുപതി കാളിമുത്തു... ആ പേരിന് ഇന്ന് നിശ്ചയദാർഢ്യം എന്നുകൂടി അർഥമുണ്ട്.

നിശ്ചയദാര്‍ഢ്യത്തിന്റെ മറ്റൊരു പേര് 'മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി'
ഇന്ത്യ നടപ്പാക്കിയ ചരിത്ര ദൗത്യം; മേജർ രവിയുടെ പുതിയ ചിത്രം 'ഓപ്പറേഷൻ റാഹത്ത്' എന്തായിരുന്നു

തമിഴ്‌നാട്ടിലെ രാജപാളയത്ത് സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ഒരു കുടുംബത്തിലാണ് വിജയ് സേതുപതി ജനിക്കുന്നത്. ഒരു മിഡിൽ ക്ലാസ് കുടുംബത്തിലെ ഏല്ലാം അരക്ഷിതാവസ്ഥയിലും വളർന്ന വിജയ്, പഠനത്തിലോ പാഠ്യേതര വിഷയങ്ങളിലോ അത്ര മികവൊന്നും പുലർത്തിയിരുന്നില്ല. വിജയ് സേതുപതിയുടെ തന്നെ വാക്കുകൾ കടം കൊള്ളുകയാണെങ്കിൽ 'ഇതാണോ അതാണോ ശരിയെന്ന് ഉറപ്പില്ലാത്ത എപ്പോഴും സംശയത്തോടെ ജീവിക്കുന്ന ഒരു മിഡിൽ ക്ലാസ് പയ്യൻ.

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിജയ് സേതുപതിയുടെ കുടുംബം ചെന്നൈയിലേക്ക് താമസം മാറുന്നത്. ഈ സമയത്താണ് നാമ്മവർ എന്ന ചിത്രത്തിന്റെ ഒഡീഷനിൽ വിജയ് സേതുപതി പങ്കെടുക്കുന്നത്. എന്നാൽ ഉയരമില്ലെന്ന് പറഞ്ഞ് വിജയ് സേതുപതിക്ക് ചിത്രത്തിൽ അവസരം ലഭിച്ചില്ല. മൂന്ന് സഹോദരങ്ങളായിരുന്നു വിജയ് സേതുപതിക്ക് ഉണ്ടായിരുന്നത്. ജീവിതം മുന്നോട്ട് നിങ്ങുന്നതിനിടെ സെയിൽസ്മാനായും ഒരു ഹോട്ടലിൽ ക്യാഷറായും ഫോൺ ബൂത്ത് ഓപ്പറേറ്ററുമായെല്ലാം സേതുപതി ജോലിയെടുത്തു. ഇതിനിടെ തോറൈപക്കത്തെ ധനരാജ് ബൈദ് ജെയിൻ കോളേജിൽ നിന്ന് വിജയ് സേതുപതി ബികോം ബിരുദം സ്വന്തമാക്കി.

തുടർന്ന് ഒരു സിമന്റ് കടയിൽ അക്കൗണ്ടന്റായി ജോലിക്ക് ചേർന്നു. ഏതൊരു മിഡിൽ ക്ലാസ് യുവാവിനെപോലെയും കുടുംബവും ഭാവിയുമെല്ലാം ചോദ്യ ചിഹ്നമായി മാറിയപ്പോൾ ഗൾഫിലേക്ക് ജോലിക്കായി പോയി. അവിടെയും സിനിമാസ്വപ്‌നങ്ങൾ വിജയ് സേതുപതി വിട്ടിരുന്നില്ല. ഒഴിവ് സമയങ്ങളിൽ എല്ലാം സിനിമകൾ കാണാൻ വിജയ് സേതുപതി ഉപയോഗിച്ചു.

നിശ്ചയദാര്‍ഢ്യത്തിന്റെ മറ്റൊരു പേര് 'മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി'
വിജയ് സേതുപതിയുടെ മഹാരാജ, അജിത്തിന്റെ മങ്കാത്ത, വിജയ്‌യുടെ സുറ; കോളിവുഡ് താരങ്ങളുടെ അമ്പതാം ചിത്രങ്ങൾ

ഇതിനിടെയാണ് ഓൺലൈനിൽ ഒരു മലയാളി പെൺകുട്ടിയുമായി പരിചയത്തിലാവുന്നതും ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയും ചെയ്തത്. കൊല്ലം സ്വദേശിയായ ജെസിയായിരുന്നു ആ പെൺകുട്ടി. 2003 ലാണ് വിജയ് സേതുപതി ദുബായിലെ ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചുവരുന്നത്. ഇതിനിടെ ചെറിയ ചില ബിസിനസുകളും ജോലികളും ചെയ്‌തെങ്കിലും അഭിനയം തന്നെയായിരുന്നു സേതുപതിയുടെ മനസിലുണ്ടായിരുന്നത്. ഇതിനിടെ പല പ്രൊഡക്ഷൻ ഹൗസുകളെയും വിജയ് സേതുപതി സമീപിച്ചു, ചിലർ പിന്നെ വരാൻ പറഞ്ഞു, ചിലർ നിറത്തിന്റെയും രൂപത്തിന്റെയും പേര് പറഞ്ഞ് അപമാനിച്ചു വിട്ടു. ഇതിനിടെയാണ് സംവിധായകൻ ബാലു മഹേന്ദ്ര വളരെ ഫോട്ടോജെനിക് ആയ മുഖമാണ് വിജയ് സേതുപതിയുടേതെന്ന് അഭിപ്രായം പറഞ്ഞത്. മുന്നോട്ടുള്ള പോക്കിന് വലിയ പ്രചോദനമായിരുന്നു ഇത്.

ഇതിനിടെ 2004 ൽ എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിൽ ജൂനിയർ ആർടിസ്റ്റായി അവസരം ലഭിച്ചു. പിന്നീട് ഒരവസരം ലഭിക്കുന്നതിന് രണ്ട് വർഷമാണ് വിജയ് സേതുപതിക്ക് കാത്തിരിക്കേണ്ടി വന്നത്. 2006 ൽ ധനുഷ് നായകനായ പുതുപ്പേട്ടെയിലും ഒരു ചെറിയ റോൾ ലഭിച്ചു. അതേവർഷം തന്നെ സൺടിവിയിൽ സംപ്രേക്ഷണം ചെയ്ത പെണ്ണ് എന്ന സീരിയലിൽ വിജയ് സേതുപതി അവസരം ലഭിച്ചു.

ഇതിനിടെ കലൈഞ്ജർ ടിവിയിൽ സംപ്രേക്ഷണം ചെയ്ത നാളെയിൻ ഈർക്കുനർ എന്ന റിയാലിറ്റി ഷോയിൽ കാർത്തിക് സുബ്ബരാജിനൊപ്പം പ്രവർത്തിക്കുകയും കാർത്തിക്കിന്റെ ഷോർട് ഫിലിമുകളിൽ വിജയ് സേതുപതി അഭിനയിക്കുകയും ചെയ്തു.

2010 ൽ സംവിധായകൻ സീനു രാമസാമി തന്റെ പുതിയ ചിത്രത്തിൽ നായകനായി വിജയ് സേതുപതിക്ക് അവസരം നൽകി. ചിത്രം റിലീസ് ആവുന്നതിന് തലേദിവസം കാർത്തിക് സുബ്ബരാജ് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. തേൻമെർകു പറുവകാറ്റ് എന്ന് സിനിമയ്ക്കും വിജയ് സേതുപതിക്കും ആശംസകൾ നൽകിയ ആ പോസറ്റിന് താഴെ ചിലർ ചോദിച്ചു ആരാണ് വിജയ് സേതുപതി ... അതിന് കാർത്തിക് പറഞ്ഞ മറുപടി ഇതായിരുന്നു... അവനെ നിങ്ങൾക്ക് ഉടനെ മനസിലാകും എന്ന്.

അക്ഷരാർഥത്തിൽ ശരിയായിരുന്നു ആ വാക്കുകൾ. തുടർന്ന് അങ്ങോട്ട് ഇറങ്ങിയ വിജയ് സേതുപതി ചിത്രങ്ങൾ തമിഴ് സിനിമയിൽ പുതിയ മാറ്റങ്ങൾ ഉണ്ടാക്കി. പിസ, സുന്ദരപാണ്ഡ്യൻ, നടുവുല കൊഞ്ഞം പക്കത്ത കാണോം എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. പിന്നീട് അങ്ങോട്ട് സൂദ് കവ്വും, ഇതർക്കുതാനെ ആസൈപട്ടൈ ബാലകുമാര (2013), പന്നയാരും പത്മിനിയും, ഇരൈവി തുടങ്ങി നിരവധി പടങ്ങൾ.

ഇതിനിടെ എത്തിയ വിക്രം വേദ നടൻ എന്ന നിലയിൽ വിജയ് സേതുപതിയുടെ മറ്റൊരു മുഖം കാണിച്ചു തന്നു. തമിഴ് വില്ലൻ എന്നതിന് പുതിയ മാനം തീർക്കുന്നതായിരുന്നു വിക്രം വേദയിലെ വിജയ് സേതുപതിയുടെ കഥാപാത്രം. തുടർന്നങ്ങോട്ട് ചൊക്ക ചിവന്ത വാനം, പേട്ട, മാസ്റ്റർ, വിക്രം. ഏറ്റവുമൊടുവിൽ ഷാരൂഖ് ഖാൻ ചിത്രം ജവാൻ തുടങ്ങിയവയിൽ വില്ലനായി വിജയ് സേതുപതി എത്തി.

ഇതിനിടെ ഓരേ അച്ചിൽ വാർത്ത സിനിമകളും വിജയ് സേതുപതിയുടേതായി പുറത്തിറങ്ങി. പ്രേക്ഷകർക്ക് മടുപ്പുണ്ടാക്കി വിമർശനങ്ങൾ ഉയരുമ്പാഴായിരിക്കും മികച്ച പ്രകടനവുമായി വിജയ് സേതുപതി വീണ്ടുമെത്തുക. 96 ഉം സൂപ്പർ ഡീലക്‌സും ഒക്കെ ഇതിന് ഉദാഹരണമായിരുന്നു. സൂപ്പർ ഡീലക്സിലെ ട്രാൻസ് വുമണായി അഭിനയിച്ചതിന് , മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വിജയ് സേതുപതി സ്വന്തമാക്കി.

കഥാപാത്രങ്ങളെ ഉൾക്കൊണ്ട് തന്റെതായ നിലയിൽ അവതരിപ്പിക്കുന്നതാണ് വിജയ് സേതുപതിയുടെ പ്രത്യേകത. തമിഴിലെ സ്ഥിരം പാറ്റേണുകളിൽ നിന്ന് മാറി നടന്ന സാധാരണക്കാർക്ക് തങ്ങളിൽ ഒരുവനായി തോന്നുമ്പോൾ തന്നെ അഭിനയം കൊണ്ട് അതിശയിപ്പിക്കാൻ വിജയ് സേതുപതിക്ക് കഴിയുന്നുണ്ട്. സിനിമയ്ക്ക് പുറത്തും വിജയ് സേതുപതി അത്ഭുതപ്പെടുത്തുന്നുണ്ട്. തന്റെ നിലപാടുകൾ വ്യക്തമായി തുറന്നുപറയാൻ വിജയ് സേതുപതി മടിക്കാറില്ല. താൻ പെരിയാറിന്റെ ആശയങ്ങൾ പിന്തുടരുന്നവനാണെന്നും ജാതിക്കും മതത്തിനും പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് വോട്ട് തേടുന്നവർക്ക് പകരം വീടിനും നാട്ടിനും ഒരു പ്രശ്‌നമുണ്ടെന്ന് ചൂണ്ടികാണിക്കുന്നവർക്ക് വോട്ട് ചെയ്യാൻ പറയാൻ മടിയില്ലാത്ത വനാണെന്നും പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്നവർക്ക് വേണ്ടി കത്തെഴുതിയും കോവിഡ് കാലത്ത് തന്റെ സഹപ്രവർത്തകർക്ക് സഹായങ്ങൾ എത്തിച്ചും മനുഷ്യപക്ഷത്താണ് താൻ എന്നുമുണ്ടാവുകയെന്നും വിജയ് സേതുപതി കാണിച്ചു തന്നതാണ്.

ഏറ്റവുമൊടുവിൽ കരിയറിൽ അമ്പത് സിനിമകൾ പൂർത്തിയാക്കിയിരിക്കുകയാണ് വിജയ് സേതുപതി. ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ നാഴികക്കല്ല്. കുരങ്ങ്ബെമ്മ സിനിമയിലൂടെ പ്രശസ്തനായ നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത 'മഹാരാജ'യിൽ വിജയ് സേതുപതി, നട്ടി, അനുരാഗ് കശ്യപ്, ഭാരതിരാജ, അഭിരാമി, മംമ്ത മോഹൻദാസ്, സിംഗംപുലി, അരുൾദോസ്, മുനിഷ്‌കാന്ത് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മക്കൾ സെൽവൻ എന്ന വിശേഷണത്തിന് ജനങ്ങളുടെ മകൻ എന്നാണ് അർഥം. ജനങ്ങളെ തന്റെ സിനിമയിലൂടെ അതിശയിപ്പിക്കുകയും ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന വിജയ് സേതുപതിയിൽ നിന്ന് ഇനിയും നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് ലഭിക്കട്ടെ, അമ്പതും നൂറും കടന്ന് മക്കൾ സെൽവന് തന്റെ ജൈത്രയാത്ര തുടരട്ടെ....

Related Stories

No stories found.
logo
The Fourth
www.thefourthnews.in