ആഷിഖ് അബുവിന്റെ നേതൃത്വത്തിൽ യാഥാർഥ്യമാകുമോ ചലച്ചിത്രമേഖലയിൽ പുതിയ കൂട്ടായ്മ? ലിജോയുടെയും ബിനീഷിന്റെയും നിലപാടിന് പിന്നിലെന്ത്?

ആഷിഖ് അബുവിന്റെ നേതൃത്വത്തിൽ യാഥാർഥ്യമാകുമോ ചലച്ചിത്രമേഖലയിൽ പുതിയ കൂട്ടായ്മ? ലിജോയുടെയും ബിനീഷിന്റെയും നിലപാടിന് പിന്നിലെന്ത്?

സംഘടനയുടെ രൂപീകരണത്തെക്കുറിച്ചുളള പ്രാഥമിക ചർച്ചകൾ മാത്രമാണ് ആരംഭിച്ചിരിക്കുന്നതെന്ന് സംവിധായകൻ ആഷിഖ് അബു വ്യക്തമാക്കിയിരുന്നു.
Updated on
3 min read

വിവിധ പ്രശ്നങ്ങളാൽ കലുഷിതമായ ചലച്ചിത്രമേഖലയിൽ പുതിയ സംഘടന രൂപീകരിച്ച് സമ്മർദ ഗ്രൂപ്പായി മാറാനുള്ള സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ ശ്രമം ഫലം കാണുമോ? താരസംഘടനയായ അമ്മയ്ക്കും സംവിധായകരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ ഫെഫ്കയ്ക്കും ബദലാകുന്ന സംഘടനയെന്നാണ് പുതിയ കൂട്ടായ്മയെ പൊതുവെ വിലയിരുത്തപ്പെട്ടത്. എന്നാൽ സംഘടന രൂപീകരിക്കുന്ന കാര്യം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ അതിന്റെ നേതൃത്വത്തിലുണ്ടെന്നു കരുതപ്പെട്ടിരുന്ന ചിലർ തങ്ങൾ കൂട്ടായ്മയിൽ നിലവിൽ ഭാഗമല്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ്.

മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കുന്നതിനായി പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ്റെ രൂപീകരണത്തിനായുള്ള ആലോചന സംബന്ധിച്ച കുറിപ്പ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സംവിധായകരമായ ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റിമ കല്ലിങ്കൽ, നിർമാതാവ് ബിനീഷ് ചന്ദ്ര എന്നിവരുടെ പേരിലായിരുന്നു കുറിപ്പ്. ഇതിൽ ലിജോ ജോസ് പെല്ലിശ്ശേരിയും ബിനീഷ് ചന്ദ്രയുമാണ് തങ്ങൾ നിലവിൽ കൂട്ടായ്മയുടെ ഭാഗമല്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്.

ആഷിഖ് അബുവിന്റെ നേതൃത്വത്തിൽ യാഥാർഥ്യമാകുമോ ചലച്ചിത്രമേഖലയിൽ പുതിയ കൂട്ടായ്മ? ലിജോയുടെയും ബിനീഷിന്റെയും നിലപാടിന് പിന്നിലെന്ത്?
'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്'; മലയാള സിനിമയിൽ പുതിയ സംഘടന, 'ലക്ഷ്യം കാലഹരണപ്പെട്ട സംവിധാനങ്ങളുടെ അഴിച്ചുപണി'

മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ താൻ നിലവിൽ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി അറിയിച്ചു. മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്നും കാലഹരണപ്പെട്ട സംവിധാനങ്ങളുടെ പുനർചിന്തനമാണ് പുതിയ സംഘടന കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ആലോചനയുടെ നേതൃനിരയിലുളളവർ പങ്കുവെച്ച സർക്കുലർ ആയിരുന്നു വാർത്തകൾക്ക് അടിസ്ഥാനം.

സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുണ്ടെങ്കിലും നിലവിൽ പ്രചരിക്കുന്ന വാർത്തകളിൽ ഉത്തരവാദിത്തമില്ലെന്നും മാധ്യമങ്ങളിൽ പ്രചരിക്കുന്നതൊന്നും തന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

''മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. സുഹൃത്തും സംവിധായകനുമായ ആഷിക് അബു ഇത്തരമൊരു കൂട്ടായ്മയെ കുറിച്ചുള്ള ആശയം ഞാനുമായി പങ്കുവെച്ചിരുന്നു. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് ഞാൻ യോജിക്കുകയും അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല,'' എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കിൽ കുറിച്ചത്.

നിർമാതാവ് ബിനീഷ് ചന്ദ്രയും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്. പുതിയ സംഘടനയെന്ന ആശയം നല്ലതാണെന്നും അതിൽ ചേരാൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് നടി മഞ്ജു വാര്യരുടെ മാനേജർ കൂടിയായ ബിനീഷ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്' എന്ന പേരിൽ സംഘടന ഇതുവരെയും രൂപീകരിക്കപ്പെട്ടിട്ടില്ല. സംഘടനയുടെ രൂപീകരണത്തെക്കുറിച്ചുളള പ്രാഥമിക ചർച്ചകൾ മാത്രമാണ് ആരംഭിച്ചിരിക്കുന്നതെന്ന് സംവിധായകൻ ആഷിക്ക് അബുവും മുമ്പ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലിജോയുടെയും ബിനീഷിന്റെയും പ്രസ്താവനയെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഘടന രൂപീകൃതമാവാത്തതുകൊണ്ടുതന്നെ ആലോചനയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ മറ്റ് അം​ഗങ്ങളും തയ്യാറാകുന്നില്ല.

ഫെഫ്കയിൽ നന്ന് രാജിവെച്ച ശേഷം സംവിധായകൻ ആഷിക് അബു കൊണ്ടുവരുന്ന ആശയം ആയതിനാൽ ഇത് ഫെഫ്കക്ക് ബദലായി വരുന്ന സംഘടനയാകുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. അഭിനോതാവായ റിമ കല്ലിങ്കലും ആശയത്തിന്റെ പിന്നിലുണ്ടെന്നതിനാൽ താരങ്ങൾക്കും അം​ഗത്വം സ്വീകരിക്കാവുന്ന തുറന്ന പ്രവർത്തനങ്ങളാവും സംഘടനയുടേതെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലിത് അമ്മ സംഘടനയെ പോലൊരു ചാരിറ്റബിൾ ട്രസ്റ്റായി മാറാനുളള സാധ്യതയും തളളിക്കളയാനാവില്ല. നിലവിൽ 21 ഉപ സംഘടനകളാണ് മലയാള സിനിമയിൽ പ്രവർത്തിക്കുന്നത്. പുതിയ ആശയം പ്രാബല്യത്തിൽ വരുന്നതോടെ അത് 22 ആകുമോ? അതോ അമ്മ, ഫെഫ്ക എന്നിവയിൽ ഒന്നിന് പകരമായി പ്രവർത്തിക്കുമോ എന്നതിലും വ്യക്തത വന്നിട്ടില്ല.

പുതിയ സംഘടന എന്ന ആശയം മുന്നോട്ടുവെച്ച സർക്കുലറിന്റെ പൂർണരൂപം

ഒരു പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ്റെ രൂപീകരണത്തിനായുള്ള ആലോചന

കേരളത്തിന്റെ സാമ്പത്തിക-സാംസ്കാരിക രംഗങ്ങളിൽ കാതലായ സംഭാവനകൾ നൽകിയ വ്യവസായമാണ് സിനിമ. സിനിമയുടെ പിന്നണിപ്രവർത്തകർ എന്ന നിലയിൽ നാം സൃഷ്ടിക്കുന്ന അടിത്തറയിലാണ് ഈ വ്യവസായം നിലനിൽക്കുന്നത് തൊഴിൽ നിർമ്മാണവും, സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കലും, പുതുവഴികൾ സൃഷ്ടിക്കപ്പെടലുമൊക്കെ ഇവിടെ നടക്കുന്നുണ്ട് എന്നിരിക്കിലും ഈ വ്യവസായം ഇപ്പോഴും ഒരു പരിധിവരെ കാലഹരണപ്പെട്ട രീതികളേയും സംവിധാനങ്ങളെയും അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. പലപ്പോഴും നിയതമായ രീതികളോ വ്യവസ്ഥകളോ ഇല്ലാതെ, ഒട്ടും പുരോഗമനപരമല്ലാതെ തുടരുന്ന മേഖലകളിലാണ് നമുക്ക് പ്രവർത്തിക്കേണ്ടി വരുന്നുന്നത്. നൂതനകാലത്തെ മറ്റ് വ്യവസായ മേഖലകളുമായി തുലനം ചെയ്ത് നോക്കുമ്പോൾ നമ്മുടെ പ്രവർത്തനരംഗം ഒട്ടേറെ പിറകിലാണെന്ന് പറയാതെ വയ്യ.


ഈ സാഹചര്യത്തിൽ ഒരു പുത്തൻ മലയാള സിനിമാ സംസ്കാരത്തെ പിൻവാങ്ങുന്ന സിനിമാ പിന്നണിപ്രവർത്തകരുടെ ഒരു പുതിയ കൂട്ടായ്മ ഇവിടെ അനിവാര്യമാണ്. ധാർമ്മികമായ ഉത്തരവാദിത്തം, ചിട്ടയായ ആധുനീകരണം, തൊഴിലാളികളുടെ ശാക്തികരണം എന്നി മൂല്യങ്ങളിൽ അധിഷ്ഠിതമായി രൂപികരിക്കേണ്ട ഈ കൂട്ടായ്മ, ആധുനിക സമൂഹത്തിന് അത്യന്താപേക്ഷിതമായ നീതിയുക്തവും ന്യായപുർണ്ണവുമായ തൊഴിലിടങ്ങൾ സൃഷ്ടിക്കുക എന്ന വീക്ഷണത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കണം.

ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്വവും ഉൾക്കൊണ്ട് മലയാള ചലച്ചിത്ര വ്യവസായത്തെ വർത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിത്. സമത്വം, സഹകരണം, സാമൂഹിക നീതി എന്നി മൂല്യങ്ങളിൽ വേരൂന്നിയ ഈ സംഘടന, തൊഴിലാളികളുടെയും നിർമ്മാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രയതങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

പിന്നണിപ്രവർത്തകർ എന്ന നിലയിൽ നമ്മളാണ് ഈ വ്യവസായത്തെ രൂപകല്പന ചെയ്യുന്നത്. അതിനാൽ തന്നെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന, എല്ലാവരേയും ഉൾക്കൊള്ളുന്ന തൊഴിലിടങ്ങൾ സൃഷ്ടിക്കാനും, നമ്മുടെ സംരംഭങ്ങൾ സുസ്ഥിരവും ധാർമ്മികവുമാണെന്ന് ഉറപ്പുവരുത്താനുമുള്ള ബാധ്യത നമുക്കുണ്ട്. ഒട്ടും എളുപ്പമല്ലെങ്കിലും ഈ മാറ്റം അത്യന്താപേക്ഷിതമാണ്. പരസ്പര പിന്തുണയിലൂടെയും ഐക്യദാർഢ്യത്തിലൂടെയും മാത്രമേ ഇത് കൈവരിക്കാനാവുകയുള്ളൂ. ഈ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനുള്ള പരസ്പരപൂരകങ്ങളായ സഹായങ്ങളും, പദ്ധതിഘടനകളും (frameworks), മാർഗ്ഗരേഖകളും, പിന്തുണയും നൽകുന്ന കൂട്ടായ്മാണ് നാം വിഭാവന ചെയ്യുന്നത്.

നമുക്കൊരുമിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കാം, സർഗ്ഗാത്മകമായ മികവിലും വ്യവസായിക നിലവാരത്തിലും മുൻപന്തിയിലേക്ക് അതിനെ നയിക്കാം. സിനിമ എന്ന വ്യവസായത്തിൻ്റെ ഭാഗമായ എല്ലാവരും സമഭാവനയോടെ പുലരുന്ന കൂടുതൽ മെച്ചപ്പെട്ട ഒരു ഭാവിക്കായുള്ള സ്വപ്നത്തിൽ നമുക്ക് ഒന്നിച്ച് അണിചേരാം.

എന്ന്,

ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, റീമ കല്ലിങ്കൽ, ബിനീഷ് ചന്ദ്ര

logo
The Fourth
www.thefourthnews.in