ദളപതി 67ന്റെ താരങ്ങളെ പ്രഖ്യാപിച്ച് ലോകേഷ്; അപ്രതീക്ഷിത താരങ്ങളും ചിത്രത്തിൽ
ലോകേഷ്-വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദളപതി 67ന്റെ താരങ്ങളെ പ്രഖ്യാപിച്ച് ലോകേഷ്. നിർമ്മാണ കമ്പനിയായ സെവൻ സ്ക്രീൻ സ്റ്റുഡിയോ താരങ്ങളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകേഷും ഫേസ്ബുക്കിലൂടെ വിവരങ്ങൾ പങ്കുവച്ചത്. അഭിനയിക്കുന്ന ഓരോ താരങ്ങളുടെയും പ്രതികരണത്തോടെയുള്ള പോസ്റ്ററുകളിലൂടെയാണ് പ്രഖ്യാപനം
ബോളിവുഡ് താരം സഞ്ജയ് ദത്ത്, തെന്നിന്ത്യൻ താരം പ്രിയ ആനന്ദ്, കൊറിയോഗ്രാഫർ സാന്റി മാസ്റ്റർ, സംവിധായകൻ മിസ്കിൻ, മൻസൂർ അലി ഖാൻ, മലയാളി താരം മാത്യു തോമസ്, ഗൗതം വാസുദേവ് മേനോൻ, അർജുൻ സർജ എന്നിവരാണുള്ളത്. സഞ്ജയ് ദത്തും അർജുൻ സർജയും ഒക്കെ ചിത്രത്തിന്റെ ഭാഗമാകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും മാത്യു തോമസിന്റെയും മിസ്കിന്റെയും പേരുകൾ തികച്ചും അപ്രതീക്ഷിതമാണ്. മാത്യുവിന്റെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണിത്
ഫെബ്രുവരി 3നാണ് ചിത്രത്തിന്റെ ആദ്യ പ്രമോ എത്തുന്നത്. അതിനു മുൻപ് വമ്പൻ പ്രഖ്യാപനങ്ങൾ ഇനിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിന് സൂചനയെന്നവണ്ണമാണ് ചിത്രത്തിന്റെ നിർമാതാക്കളായ 7 സ്റ്റുഡിയോസിന്റെ ട്വീറ്റ്. ഇന്നത്തെ അപ്ഡേറ്സ് കഴിഞ്ഞു, നാളെ വീണ്ടും കാണാം എന്നാണ് 7 സ്റ്റുഡിയോസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ചിമ്പു ചിത്രത്തിന്റെ ഭാഗമാകും എന്നുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഫെബ്രുവരി 3 താരത്തിന്റെ പിറന്നാൾ ദിനമായത്കൊണ്ട്തന്നെ പ്രേക്ഷകരുടെ പ്രവചനം സത്യമാകുമോ എന്ന് കാത്തിരുന്ന് അറിയാം.