ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് വിജയ്‌ക്കൊപ്പം പൃഥ്വിരാജും ? തലപതി 67 പ്രഖ്യാപനം ഉടനെന്ന് ലോകേഷ് കനകരാജ്
വാരിസിന് ശേഷം വിജയ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സ്ഥിരീകരിച്ച് സംവിധായകൻ ലോകേഷ് കനകരാജ് . അടുത്ത പത്ത് ദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സംവിധായകന്റെ ഉറപ്പ്. ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത് . തലപതി 67 എന്നാണ് ചിത്രത്തിന് താത്കാലികമായി ഇട്ടിരിക്കുന്ന പേര്.
എന്നാൽ തലപതി 67, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിൽ വിജയ്‌ക്കൊപ്പം പൃഥ്വിരാജുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ഫഹദ് ഫാസിലിന് പിന്നാലെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളി താരമാകും പൃഥ്വിരാജ് . പത്തു ദിവസത്തിനുള്ളിൽ ഇക്കാര്യങ്ങളിൽ വ്യക്തതയുണ്ടാകുമെന്നും സംവിധായകൻ പറയുന്നു. വിജയ്‌യും പൃഥ്വിരാജും ഒരുമിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.
ത്രിഷ , സഞ്ജയ് ദത്ത്, മൻസൂർ അലിഖാൻ , അർജ്ജുൻ സർജ, തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത . മാസ്റ്ററിന് ശേഷം വിജയും ലോകേഷും ഒരുമിക്കുന്ന ചിത്രം കൂടിയാണ് തലപതി 67.