ലിയോ ഒരു 'ഡാർക്ക് ക്രൈം' ചിത്രം, ട്രെയിലറില്‍ കണ്ടതിന്റെ വിശാലരൂപമാണ് സിനിമ: ലോകേഷ് കനകരാജ്
സാധാരണ വിജയ് ചിത്രങ്ങളെ പോലെ ഇൻട്രോ ഫൈറ്റ് രംഗങ്ങളോ പഞ്ച് ഡയലോഗുകളോ ഇൻട്രോ ഗാനമോ ലിയോയിൽ ഉണ്ടാകില്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ഒക്ടോബർ 19 ന് ലിയോ റിലീസ് ചെയ്യാനിരിക്കെ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലോകേഷ് സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ചത്.
14 വർഷങ്ങൾക്കു ശേഷം വിജയ് - തൃഷ താര ജോഡികൾ ഒരുമിക്കുന്നു
ചിത്രത്തിലുള്ള സംഘട്ടന രംഗങ്ങളെല്ലാം വിജയ് ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ചെയ്തത്. നിർബന്ധിച്ചിട്ടും ചിത്രത്തിൽ ഡ്യൂപ്പിനെ വെക്കാൻ വിജയ് സമ്മതിച്ചില്ലെന്നും ലോകേഷ് പറഞ്ഞു. അപകടസാധ്യതയുള്ള സംഘട്ടന രംഗങ്ങൾ ലിയോയിൽ ധാരാളമുണ്ടായിട്ടും എല്ലാം വിജയ് സ്വന്തമായി ചെയ്യുകയായിരുന്നു.
"എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനാണ് അദ്ദേഹത്തിനു താല്പര്യം. വിജയ് അണ്ണന് അദ്ദേഹത്തിന്റെ കംഫർട്ട് സോണിൽ തന്നെ തുടരാനായിരുന്നു താല്പര്യമെങ്കിൽ ഈ പടം ചെയ്യാനായി എന്നെ വിളിക്കില്ലായിരുന്നു"- ലോകേഷ് പറഞ്ഞു. ദുഷ്കരമായ രംഗങ്ങൾ വിജയ്ക്ക് ചെയ്യാൻ സാധിക്കുമോയെന്ന സംശയം ആദ്യം മനസ്സിലുണ്ടായിരുന്നു. ലിയോ പോലൊരു 'ഡാർക്ക് ക്രൈം' പടം അദ്ദേഹം ഏറ്റെടുക്കുമോ എന്നറിയില്ലായിരുന്നു. മൂന്ന് വർഷമെടുത്ത് തമ്മിൽ ചർച്ച ചെയ്ത് നിർമിച്ചതാണ് ലിയോയുടെ കഥ. വിജയ് ഇഷടപ്പെട്ട് ചെയ്ത സിനിമ കൂടിയാണ് ലിയോ.
ഇൻട്രോ ഫൈറ്റ് രംഗങ്ങളോ ഇൻട്രോ ഗാനമോ പഞ്ച് ഡയലോഗുകളോ ലിയോയിലില്ല. ഡാർക്ക് കോമഡിക്ക് ധാരാളം സാധ്യതയുള്ള കഥയാണ് ലിയോയുടേതെന്നും ലോകേഷ് പറഞ്ഞു. സിനിമ നിരൂപക പ്രശംസ നേടുക, പ്രേക്ഷകർ എന്റെ സിനിമയിൽ സംതൃപ്തരാകുക, മുൻപ് ചെയ്ത സിനിമയുടെ റേറ്റിംഗിൽ നിന്നു താഴേക്ക് പോകാതിരിക്കുക എന്നീ കാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കുന്നുള്ളു . ഇതിനു പുറമെയുള്ള മറ്റൊന്നിനും പ്രാധാന്യം നൽകുന്നില്ലെന്നാണ് ലോകേഷിന്റെ നിലപാട്.
ദക്ഷിണേന്ത്യയിൽ വിജയ്ക്കുള്ള ഭീമമായ ആരാധന കാരണം ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും കശ്മീരിലായായിരുന്നു. മൂന്നാറായിരുന്നു ആദ്യം മനസ്സിൽ കണ്ട ലൊക്കേഷൻ, എന്നാൽ മൂന്നാർ പോലൊരു സ്ഥലത്തു വിജയ് എന്ന നടനെ വച്ച് കവലകളിലും റോഡിലും ഷൂട്ടിംഗ് നടത്തുന്നതിലുള്ള പരിമിതികൾ കണക്കിലെടുത്താണ് ലൊക്കേഷൻ മാറ്റാൻ തീരുമാനിച്ചതെന്നു ലോകേഷ് പറയുന്നു. തൃഷയ്ക്ക് ശബ്‌ദം നല്കാൻ ഏറ്റവും മികച്ചയാൾ ചിന്മയിയാണെന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ടാണ് സിനിമയിലേക്ക് അവരെ വിളിച്ചതെന്നും, ചിന്മയിയെ ചുറ്റിപ്പറ്റിയുള്ള മറ്റു വിവാദങ്ങളൊന്നും തന്നെ സംബന്ധിക്കുന്ന കാര്യമല്ലെന്നും, സിനിമ നന്നാക്കാൻ മാത്രമാണ് എല്ലാ ശ്രമങ്ങളെന്നും ലോകേഷ് വ്യക്തമാക്കി.
പത്ത് സിനിമ ചെയ്യും, അതു കഴിഞ്ഞ് നിർത്തും - ലോകേഷ്
ഏറെ ഇഷ്ടപ്പെട്ടും താല്പര്യത്തോടും കൂടിയാണ് ലോകേഷ് സിനിമ സംവിധാന മേഖലയിലേക്കെത്തിയത്. ഷോർട് ഫിലിം സംവിധാനം ചെയ്ത്, അതിനു ലഭിച്ച അംഗീകാരത്തിന്റെ ബലത്തിലാണ് സിനിമ സംവിധാന മേഖലയിലേക്ക് ലോകേഷ് എത്തുന്നത്.
ഇത്തരത്തിലൊരു പ്രശംസയോ അംഗീകാരമോ ലഭിക്കുമെന്ന് ചിന്തിച്ചിട്ടേയില്ല, പ്രേക്ഷകർക്ക് എന്നിൽ വലിയ പ്രതീക്ഷയുണ്ട്, അത് വലിയൊരു ഉത്തരവാദിത്തമായാണ് കാണുന്നത്. ലിയോയ്ക്ക് വേണ്ടി കഴിഞ്ഞ ആറുമാസമായി വിശ്രമമില്ലാതെ ഷൂട്ടിങ്ങിലായിരുന്നു. ഇത്രയും ദൂരം വന്നല്ലോ എന്നോർക്കുമ്പോഴും ഇവിടെതന്നെ നിന്നുപോകുമോ എന്ന ഭയം എപ്പോഴും ഉള്ളിലുണ്ടെന്നും, 10 സിനിമകൾ നല്ലതുപോലെ സംവിധാനം ചെയ്യുക മാത്രമാണ് തനിക്കുണ്ടായിരുന്ന ലക്ഷ്യമെന്നും ലോകേഷ് പറഞ്ഞു.
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലോകേഷ് - വിജയ് ചിത്രമാണ് ലിയോ. രണ്ട് ദിവസം മുൻപിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ യൂട്യൂബിൽ 40 മില്യൺ ആൾക്കാരാണ് ഇതിനോടകം കണ്ടത്. ഏറ്റവും വേഗത്തിൽ 2 മില്യൺ ലൈക്കുകൾ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രത്തിന്റെ ട്രെയ്ലർ എന്ന നേട്ടവും ലിയോ സ്വന്തമാക്കിയിരുന്നു. കൂടാതെ, ഷാരുഖ് ഖാൻ നായകനായി എത്തിയ ബോളിവുഡ് ചിത്രം പത്താന്റെ യു കെയിലെ കളക്ഷൻ റെക്കോർഡും വിജയ് ചിത്രം ലിയോ തകർത്തിരുന്നു. 14 വർഷങ്ങൾക്കു ശേഷം വിജയ് - തൃഷ താര ജോഡികൾ ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന്റെ ആകാംഷ കൂട്ടുന്നുണ്ട്.