അച്ചാണി രവി ഒരു മാതൃകയാണ്; നല്ല ചിത്രങ്ങൾ ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന നിർമാതാക്കള്‍ക്ക്
കെ രവിന്ദ്രനാഥൻ എന്ന അച്ചാണി രവി മലയാള സിനിമയുടെ കലാപരമായ വികാസ പരിണാമത്തിൽ വളരെ നിർണായകമായ പങ്കുവഹിച്ച ഒരു നിർമാതാവാണ്. കെ രവിന്ദ്രനാഥൻ നായർ എന്ന ബിസിനസ്മാൻ സിനിമാരംഗത്ത് എത്തിയതിന് ശേഷമാണ് അച്ചാണി രവി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അതിന് കാരണം അച്ചാണി എന്ന അദ്ദേഹം നിർമ്മിച്ച സിനിമയുടെ വൻ വിജയമാണ്. ബിസിനസ് രംഗത്ത് തന്റേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചതിന് ശേഷമാണ് സിനിമാ നിർമാണത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നു വരവ്.
മലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ വലിയൊരു റോളാണ് അച്ചാണി രവി വഹിച്ചത്
1967 ൽ പി ഭാസ്കരൻ സംവിധാനം ചെയ്ത 'അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന ചിത്രമാണ് അച്ചാണി രവി ആദ്യമായി നിർമിച്ചത്. അതിന് ശേഷം വീണ്ടും പി ഭാസ്ക്കരൻ തന്നെ സംവിധാനം ചെയ്ത കാട്ടുകുരങ്ങ്, ലക്ഷപ്രഭു തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിർമിച്ചു. ഇവയെല്ലാം വൻ വിജയങ്ങളായി മാറിയ ചിത്രങ്ങളാണ്. അതിന് ശേഷമാണ് സിനിമാരംഗത്ത് അറിപ്പെടുന്ന നിർമാതാവായി അച്ചാണി രവി മാറിയത്.
അരവിന്ദന്റെ എസ്തപ്പാൻ, പോക്കുവെയിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം എംടി വാസുദേവൻ നായർ അദ്ദേഹത്തിന്റെ നിർമാണത്തിൽ മഞ്ഞ് സംവിധാനം ചെയ്തത്. പിന്നീടാണ് അടൂർ ഗോപാലകൃഷ്ണന്റെ മുഖാമുഖം, അനന്തരം, വിധേയൻ എന്നീ ചിത്രങ്ങൾ അച്ചാണി രവി നിർമിക്കുന്നത്. കമേഴ്ഷ്യൽ സിനിമകളിൽ നിറഞ്ഞുനിന്ന ഒരു നിർമാതാവ് പിന്നീട് ആർട്ട്ഹൗസ് സിനിമാ നിർമാണത്തിലേക്ക് കടക്കുകയും അടൂർ, അരവിന്ദൻ, എംടി എന്നീ സംവിധായകർക്ക് വേണ്ടി സിനിമ നിർമിക്കുന്നതുമാണ്ണ് നാം കണ്ടത്. അതിന് ശേഷം അച്ചാണി രവി എന്ന നിർമാതാവ് കമേഴ്ഷ്യൽ സിനിമൾ നിർമിച്ചിട്ടില്ല. മലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ വലിയൊരു റോളാണ് പിന്നീട് അദ്ദേഹം വഹിച്ചത്. ശരിക്കും പറഞ്ഞാൽ അതൊരു തിരിച്ചറിവും കൂടിയാണ്.
ഒരു നിർമാതാവെന്ന നിലയിൽ എല്ലാ സംവിധായകർക്കും പരിപൂർണ സ്വാതന്ത്ര്യം നൽകിയ വ്യക്തിയാണ് അച്ചാണി രവി. സംവിധായകരുടെ ആവിഷ്കാരത്തിൽ യാതൊരു നിലക്കും അദ്ദേഹം ഇടപെട്ടിട്ടില്ല. സിനിമയുടെ ടീമിന്റെ കാര്യത്തിലായാലും ചിത്രീകരണത്തിന്റെ കാര്യത്തിലായാലും സംവിധായകർക്ക് അച്ചാണി രവിയുടെ സിനിമയിൽ പൂർണ സ്വാതന്ത്രം ഉണ്ടായിരുന്നു. പലപ്പോഴായി ആ കാര്യം അടൂരും അരവിന്ദനും എടുത്ത് പറഞ്ഞിട്ടുണ്ട്. തങ്ങളുടെ സർഗാത്മകതയിൽ ഇടപെടാത്ത ഒരു നിർമാതാവിനെ ലഭിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഒപ്പം ചെയ്ത അവരുടെ സിനിമകൾ ഏറെ ശ്രദ്ധേയമായതെന്ന് നിസംശയം പറയാം.
നിർമിച്ച ചില സിനിമകളിൽ സംവിധായകന്റെ നിർബന്ധപ്രകാരം അദ്ദേഹം മുഖം കാണിച്ചിട്ടുമുണ്ട്. എസ്താപ്പാൻ എന്ന ചിത്രത്തിലെ ബോട്ടുയാത്രയിൽ കുടുംബത്തോടൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അരവിന്ദന്റെ നിർബന്ധപ്രകാരമായിരുന്നു അതെന്ന് പിന്നീട് ഞാൻ വായിച്ചിട്ടുണ്ട്. പതിനാല് ചിത്രങ്ങളാണ് മലയാള സിനിമക്ക് വേണ്ടി അദ്ദേഹം നിർമിച്ചത്. അതിൽ തന്നെ ഒട്ടുമിക്ക ചിത്രങ്ങളും സംസ്ഥാന ദേശീയ രാജ്യാന്തര അവർഡുകൾ നേടിയിട്ടുണ്ട്. ഈ അടുത്തായി നടന്ന ലോകോത്തര ചലച്ചിത്രമേളയായ കാനിൽ അദ്ദേഹം നിർമിച്ച് അരവിന്ദൻ സംവിധാനം ചെയ്ത കുമ്മാട്ടി വീണ്ടും പ്രദർശിപ്പിച്ചിരുന്നു.
സിനിമാ നിർമാതാവെന്നതിലുപരി സാംസ്കാരിക രംഗത്ത് സ്വന്തം ജന്മ സ്ഥലമായ കൊല്ലത്ത് എല്ലാ അർത്ഥത്തിലും നിറഞ്ഞു നിന്ന വ്യക്തിയാണ് കെ രവിന്ദ്രനാഥൻ നായർ. കൊല്ലം ലെെബ്രറി ആൻഡ് റിസർച്ച് സെന്റർ, സോപാനം കലാ കേന്ദ്രം, ചിൽഡ്രൻസ് ലെെബ്രറി, ആർട്ട് ഗാലറി, ബാലഭവൻ കെട്ടിടം തുടങ്ങിയ അദ്ദേഹത്തിന്റെ സംഭാവനകൾ അവിടെ ഇപ്പോഴും നിറഞ്ഞുനിൽക്കുകയാണ്. സിനിമാരംഗത്ത് മാത്രം ഒതുങ്ങി നിൽക്കാതെ മറ്റ് സാംസ്കാരിക മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അച്ചാണി രവിയെന്ന അതുല്യപ്രതിഭക്ക് സാധിച്ചിട്ടുണ്ട്.
ഏതൊരു സിനിമക്ക് പിന്നിലും അതിന്റെ നിർമാതാവിന്റെ റോൾ വളരെ പ്രധാനമാണ്. ഇടക്കാലത്ത് മലയാള സിനിമക്ക് ഒരു മാന്ദ്യം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നിർമാതാവിന്റെ റോളിൽ വന്നിട്ടുള്ള അപചയം കൂടിയാണ്. അച്ചാണി രവിയെ പോലുള്ള ഒരു നിർമാതാവിന്റെ അഭാവം മലയാള സിനിമാമേഖലയിൽ അനുഭവപ്പെടുന്നുണ്ട്.
നവതിയുടെ നിറവിലാണ് അദ്ദേഹം നമ്മേ വിട്ട് പോകുന്നത്. തീർച്ചയായും മലയാള സിനിമയുടെ ചരിത്രത്തിൽ വലിയ പ്രധാന്യം തന്നെ അച്ചാണി രവിക്കുണ്ട്. സാധാരണ ഒരു നിർമാതാവിന് ലഭിക്കാത്തതാണത്. അതിനുള്ള കാരണം നിർമാണമേഖലയിൽ അദ്ദേഹം വഹിച്ച റോളു തന്നെയാണ്.
വരും കാലത്ത് മലയാള സിനിമാ നിർമാണമേഖലയിലേക്ക് കടന്നുവരുന്ന നല്ല ചിത്രങ്ങൾ നിർമിക്കാൻ ആഗ്രഹിക്കുന്ന ഒരു നിർമാതാവിനെ സംബന്ധിച്ചിടത്തോളം അച്ചാണി രവി എന്ന നിർമാതാവ് ഒരു റോള്‍ മോഡലാണ്. സിനിമാമേഖലയിലെ ഐഡിയൽ നിർമാതാവെന്ന് തന്നെ അച്ചാണി രവിയെ വിശേഷിപ്പിക്കാം.