മാമന്നൻ 50 കോടി ക്ലബ്ബിൽ; ഉദയനിധിയുടെ എക്കാലത്തേയും മികച്ച ഹിറ്റ്
രണ്ടാം ആഴ്ചയും ബോക്സ് ഓഫീസിൽ തരംഗം തീർത്ത് മാരി സെൽവരാജിന്റെ മാമന്നൻ. വടിവേലു, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ എന്നിവർ തകർത്തഭിനയിച്ച പൊളിറ്റിക്കൽ ത്രില്ലർ ഇന്ത്യയിലൊട്ടാകെ 50 കോടി കളക്ഷൻ പിന്നിട്ടു. 44 കോടിയാണ് തമിഴ്നാട്ടിൽ മാത്രം ചിത്രം വാരിക്കൂട്ടിയത്. ഈ ആഴ്ച അവസാനത്തോടെ തമിഴ്നാട്ടിലെ തീയേറ്ററുകളിൽനിന്ന് മാത്രം ചിത്രം 50 കോടി സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
തമിഴകത്ത് ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് മാമന്നൻ. വാരിസ്, പിഎസ് 2 , തുനിവ് എന്നീ പ്രധാന ചിത്രങ്ങൾക്ക് പിന്നിലാണ് മാമന്നന്റെ സ്ഥാനം. മിഷൻ ഇംപോസിബിൾ 7, മാവീരൻ എന്നിവയാണ് ഈ ആഴ്ച മാമന്നന് തീയേറ്ററിൽ മത്സരമാകുക. എന്നാലും ചിത്രത്തിന്റെ കളക്ഷൻ 50 കോടി പിന്നിടുമെന്നതിൽ സംശയമില്ല. 8 ദിവസം കൊണ്ടാണ് ചിത്രം 40 കോടി ക്ലബ് പിന്നിട്ടിരുന്നത്.
ഉദയനിധി സ്റ്റാലിന്റെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ചിത്രം കൂടിയായി മാമന്നൻ മാറി. ആദ്യ ചിത്രമായ 'ഒരു കൽ, ഒരു കണ്ണാടി'യായിരുന്നു ഉദയനിധിയുടെ ഇതുവരെയുള്ള ബോക്സ് ഓഫീസ് ഹിറ്റ്. 32 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത്.
ഇടവേളയ്ക്ക് ശേഷം വടിവേലുവിന്റെ ശക്തമായ തിരിച്ചുവരവ്, മന്ത്രിപദത്തിലെത്തിയ ഉദയനിധി സ്റ്റാലിന്റെ അവസാന സിനിമ, ഫഹദിന്റെ വില്ലൻ വേഷം തുടങ്ങി നിരവധി പ്രത്യേകതകളുമായി എത്തിയ മാമന്നൻ റീലിസിന് ശേഷം ചർച്ച ചെയ്യപ്പെട്ടത് പ്രമേയത്തിന്റെയും അത് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തിലാണ്. ചിത്രത്തിന്റെ രചനയും മാരി സെൽവരാജ് തന്നെയാണ് നിർവഹിച്ചത്.
2023 ന്റെ ആദ്യ പകുതി തമിഴ് ബോക്സ് ഓഫീസിൽ വലിയ നേട്ടങ്ങൾ ഒന്നും നേടാത്ത കാലമായിരുന്നു. മൂന്ന് പ്രധാന റിലീസുകൾ ഒഴിച്ചാൽ മറ്റ് ചിത്രങ്ങൾക്ക് ഒന്നും തന്നെ 50 കോടി കടക്കാൻ സാധിച്ചില്ല. വലിയ ആഘോഷങ്ങൾ ഇല്ലാതെ എത്തിയ ചില ചെറിയ ചിത്രങ്ങൾ മാന്യമായ പ്രകടനം കാഴ്ചവച്ചെങ്കിലും ബോക്സ് ഓഫീസിനെ ഇളക്കിമറിക്കാനായില്ല. ജയിലർ, അയാളൻ, ക്യാപ്റ്റൻ മില്ലർ, ലിയോ തുടങ്ങി ബോക്സ് ഓഫീസിൽ വമ്പൻ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രങ്ങളാണ് ഈ വർഷത്തിന്റെ രണ്ടാംപകുതിയിൽ റിലീസിന് ഒരുങ്ങുന്നത്.