വിജയ് - സൂര്യ ചിത്രങ്ങൾക്ക് അധിക നിരക്ക് ; തീയേറ്ററുകളിൽ നിന്ന് പിഴ ഈടാക്കി
ഉത്സവ സീസണിൽ തമിഴ്നാട്ടിൽ സിനിമാ ടിക്കറ്റ് നിരക്കുകൾ കൂട്ടുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി. അധിക നിരക്ക് ഈടാക്കുന്ന തീയേറ്ററുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും സർക്കാരിനോട് കോടതി നിർദേശിച്ചു. ദേവരാജൻ എന്ന ആൾ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്
സൂര്യ നായകനായ സിങ്കം 3 , വിജയ് നായകനായ ഭൈരവ എന്നീ ചിത്രങ്ങൾക്ക് തീയേറ്ററുകൾ അധിക നിരക്ക് ഈടാക്കിയതിനെതിരെയായിരുന്നു പരാതി. 2017 ൽ പൊങ്കൽ റിലീസായാണ് വിജയ് ചിത്രം ഭൈരവ തീയേറ്ററുകളിലെത്തിയത്. ഉത്സവ സീസൺ പ്രമാണിച്ച് ഇരട്ടി നിരക്കിലാണ് ഭൈരവയുടെ ടിക്കറ്റുകൾ വിറ്റുപോയത്. ഒരുമാസത്തിന് ശേഷമെത്തിയ സിങ്കം 3 യ്ക്കും അധിക നിരക്കിലാണ് ടിക്കറ്റ് വിറ്റതെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു
അധിക നിരക്ക് ഈടാക്കിയ തീയേറ്ററുകളിൽ നിന്ന് പിഴ ഈടാക്കിയെന്ന് സർക്കാരും കോടതിയിൽ പറഞ്ഞു. അധിക നിരക്ക് ഈടാക്കിയാൽ തീയേറ്ററുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ കോടതിയിൽ ഉറപ്പ് നൽകി.
ഉത്സവ സീസണിലും സൂപ്പർ സ്റ്റാർ ചിത്രങ്ങൾ ഒരേസമയം റിലീസ് ചെയ്യുമ്പോഴും തമിഴ്നാട്ടിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്നത് പതിവാണ്. കഴിഞ്ഞ പൊങ്കലിന് കോളിവുഡ് കണ്ട ഏറ്റവും വലിയ ഫാൻസ് ഫെസ്റ്റിവലിന് കളമൊരുക്കിയ വിജയ് - അജിത്ത് ചിത്രങ്ങളുടെ ടിക്കറ്റിനും ഉയർന്ന നിരക്കാണ് ഈടാക്കിയത്. തുനിവിന്റെയും വാരിസിന്റെയും ഫാൻസ് ഷോകൾക്ക് ഇരട്ടിയധികം തുകയാണ് തീയേറ്ററുകൾ ഈടാക്കിയത്