മലൈക്കോട്ടൈ വാലിബൻ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്; റിലീസ് അടുത്ത വർഷമെന്ന് സൂചന
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി - മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. ചിത്രീകരണം പൂർത്തിയായാൽ അഞ്ചുമാസത്തിലേറെ നീളുന്ന പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും. റിലീസ് ഈ വർഷമുണ്ടാകില്ലെന്നാണ് സൂചന
ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിലായതിനാലും വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ളതിനാലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് സമയമെടുത്ത് മാത്രമേ പൂർത്തിയാക്കാനാകൂ. അതിനാൽ തന്നെ ചിത്രം അടുത്ത വർഷം മാത്രമേ റിലീസ് ചെയ്യാൻ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തൽ.
അതിനിടെ ചിത്രത്തിലെ തന്റെ ഷെഡ്യൂൾ പൂർത്തിയായതായി ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ആറുമാസമായി മലൈക്കോട്ടൈ വാലിബനൊപ്പമായിരുന്നുവെന്നും ഹരീഷ് പേരടി കുറിച്ചു
ഹരീഷ് പേരടിയുടെ പോസ്റ്റിന്റെ പൂർണരൂപം
ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ,ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു...ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ..ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്...ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങൾ എന്ന മനുഷ്യരെയും ഒന്നും വേർതിരിക്കാൻ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പ്പര ബഹുമാനത്തിന്റെ സ്നേഹ മുഹൂർത്തം
മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും മാക്സ് ലാബ് സിനിമാസും, സെഞ്ച്വറി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം . മധു നീലകണ്ഠൻ ഛായാഗ്രഹണം.