കായികമേഖലയിലെ നിക്ഷേപത്തില്‍ ബോളിവുഡ് താരങ്ങളെ മാതൃകയാക്കി മോളിവുഡും; പൃഥ്വിരാജും ആസിഫ് അലിയും ഫുട്‌ബോളില്‍ ചെലവിടുന്നത് കോടികള്‍

കായികമേഖലയിലെ നിക്ഷേപത്തില്‍ ബോളിവുഡ് താരങ്ങളെ മാതൃകയാക്കി മോളിവുഡും; പൃഥ്വിരാജും ആസിഫ് അലിയും ഫുട്‌ബോളില്‍ ചെലവിടുന്നത് കോടികള്‍

എസ്എൽകെ ടീമായ കണ്ണൂർ സ്ക്വാഡിലാണ് ആസിഫ് നിക്ഷേപം നടത്തിയിരിക്കുന്നത്
Updated on
2 min read

ഷാരൂഖ് ഖാൻ, അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം, രൺബീർ കപൂർ, സഞ്ജയ് ദത്ത്, അക്ഷയ് കുമാർ, താപ്സി പന്നു, ജൂഹി ചൗള, പ്രീതി സിന്റ, ശിൽപ്പ ഷെട്ടി... കായികരംഗത്തെ ബോളിവുഡ് താരങ്ങളുടെ നിക്ഷേപം നമുക്ക് പരിചിതമാണ്. ഈ പാതയിലേക്കു കടന്നുവരികയാണോ മലയാള ചലച്ചിത്രലോകവും? സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോളിൽ പൃഥ്വിരാജിനും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും പിന്നാലെ ആസിഫ് അലിയും കോടികളുടെ നിക്ഷേപവുമായി എത്തിയിരിക്കുകയാണ്.

എസ്എൽകെ ടീമായ കണ്ണൂർ സ്ക്വാഡിലാണ് ആസിഫ് നിക്ഷേപം നടത്തിയത്. കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി ‍(കിയാൽ) ഡയറക്ടർ എം പി ഹസൻ കുഞ്ഞി, ദോഹയിലെ കാസിൽ ഗ്രൂപ്പ് എം ഡി മിബു ജോസ് നെറ്റിക്കാടൻ, അസറ്റ് ഹോംസ് ഡയറക്ടർ പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്‌സി പ്രമോട്ടർ ഷമീം ബക്കർ എന്നിവരാണു ടീമിന്റെ സഹ ഉടമകൾ.

സെപ്റ്റംബറിൽ ആദ്യവാരം കിക്കോഫ് നടത്താൻ ഒരുങ്ങുന്ന ലീഗിലെ ആദ്യ ‘താര’ നിക്ഷേപകൻ നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജാണ് . ഫോഴ്സ കൊച്ചി എഫ്സിയുടെ സഹ ഉടമയാണ് പൃഥ്വി. അതിനു പിന്നാലെ ചലച്ചിത്ര നിർമാതാവും വിതരണക്കാരനുമായ ലിസ്റ്റിൻ സ്റ്റീഫൻ തൃശൂർ റോർ ടീമിന്റെ ഭൂരിപക്ഷ ഓഹരി പങ്കാളിയായി. ആസിഫ് കൂടിയെത്തുമ്പോൾ ലീഗിലെ ആകെയുള്ള ആറ് ഫ്രാഞ്ചൈസി ടീമിൽ മൂന്നിലും ചലച്ചിത്ര മേഖലയിൽനിന്നുള്ള നിക്ഷേപം വന്നുകഴിഞ്ഞു. കൂടുതൽ സെലിബ്രിറ്റി നിക്ഷേപം ലീഗിൽ എത്തുമെന്നാണു സൂചന.

കേരള ക്രിക്കറ്റ് ലീഗിൽ സംവിധായകൻ പ്രിയദർശൻ ഫ്രാഞ്ചൈസി സ്വന്തമാക്കിയതും ലീഗിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ വന്നതും മൂല്യത്തിൽ കുതിപ്പുണ്ടാക്കിയിട്ടുണ്ട്. രണ്ടരമുതൽ മൂന്നരക്കോടി രൂപ വരെയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിൽ ടീമിനായി ഓരോ ഫ്രാഞ്ചൈസിയും ചെലവഴിക്കേണ്ടി വരിക. ഈ വർഷം കേരളത്തിലെ ക്രിക്കറ്റിനും ഫുട്‌ബോളിനുമായി സിനിമാലോകത്തുനിന്ന് 14 കോടിയോളം രൂപയുടെ നിക്ഷേപമെത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മലയാള സിനിമാ താരങ്ങൾക്കിടയിൽ ഇത് പുതിയ നിക്ഷേപ പ്രവണതയാണ്. എന്നാൽ മറ്റിടങ്ങളിൽ ഒന്നിലധികം കായിക ഇനങ്ങളിൽ ഓഹരികൾ സ്വന്തമാക്കുകയെന്നത് താരങ്ങളുടെ കാര്യത്തിൽ സാധാരണമാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് ടൂർണമെൻ്റിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഫ്രാഞ്ചൈസിയുടെ സഹ ഉടമയാണ് ഷാരൂഖ് ഖാൻ. ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് (സിപിഎൽ), കേപ് ടൗൺ നൈറ്റ് റൈഡേഴ്സ് (എസ്എ20), എൽഎ നൈറ്റ് റൈഡേഴ്സ് (എംഎൽസി) തുടങ്ങിയ ടീമുകളിലും അദ്ദേഹത്തിന് ഓഹരിയുണ്ട്.

പ്രോ കബഡി ലീഗിലെ (പികെഎൽ) ജയ്പൂർ പിങ്ക് പാന്തേഴ്സിൻ്റെയും ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ ടൂർണമെൻ്റിലെ ചെന്നൈയിൻ എഫ്സി ടീമിൻ്റെയും സഹ ഉടമയാണ് അഭിഷേക് ബച്ചൻ. ഫുട്ബോളും കബഡിയുമാണ് താരത്തിന്റെ ഇഷ്ട കായിക വിനോദങ്ങൾ. നടി പ്രീതി സിൻ്റ ഐപിഎൽ മത്സരങ്ങളിൽ പരിചിതയായ മുഖമാണ്. പഞ്ചാബ് കിങ്സ് ഫ്രാഞ്ചൈസി സഹ ഉടമ കൂടിയാണ് നടി.

ജോൺ എബ്രഹാം ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ടീമിൽ നിക്ഷേപകനാണ്. 2021-ൽ ഐഎസ്എൽ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സിയിലെ ഒരു ഓഹരി ഉടമയാണ് രൺബീർ കപൂർ. പ്രീമിയർ ബാഡ്മിൻ്റൺ ലീഗിൽ മത്സരിച്ച പൂനെ സെവൻ എയ്സസ് ടീമിലായിരുന്നു തപ്സി പന്നുവിന്റെ നിക്ഷേപം.

logo
The Fourth
www.thefourthnews.in