'ചെമ്മീൻ' മുതൽ 'മനോരഥങ്ങൾ' വരെ: സിനിമയാക്കപ്പെട്ട സാഹിത്യസൃഷ്ടികൾ

'ചെമ്മീൻ' മുതൽ 'മനോരഥങ്ങൾ' വരെ: സിനിമയാക്കപ്പെട്ട സാഹിത്യസൃഷ്ടികൾ

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' രണ്ട് തവണ സിനിമയാക്കപ്പെട്ടു
Updated on
4 min read

മികച്ച സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ തെന്നിന്ത്യൻ സിനിമയായ 'ചെമ്മീൻ' മുതലിങ്ങോട് ഒരുപാട് നോവലുകളും ചെറുകഥകളും സിനിമക്ക് ആധാരമായിട്ടുണ്ട്. എം ടിയുടെ ഒൻപത് ചെറുകഥകളെ ആസ്പദമാക്കി 'മനോരഥങ്ങൾ' എന്ന ആന്തോളജി സീരീസ് പ്രദർശനത്തിനൊരുങ്ങുമ്പോൾ മുൻപ് സാഹിത്യത്തിൽ നിന്ന് വന്നിട്ടുളള സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം. മികച്ചൊരു തിരക്കഥാകൃത്ത് കൂടിയായ എം. ടിയുടെ സിനിമകളാണ് അതിൽ അധികവും. എം ടി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'നിർമാല്യം', പി. ഭാസ്‌കരൻ സംവിധാനം ചെയ്ത 'ഇരുട്ടിന്റെ ആത്മാവ്', എ വിൻസെന്റിന്റെ 'അസുരവിത്ത്', വേണുവിന്റെ 'ദയ', കണ്ണൻ സംവിധാനം ചെയ്ത 'തീർത്ഥാടനം'... ഇങ്ങനെ ഒരുപാട് സിനിമകൾ. 'നിർമാല്യ'ത്തിന് ശേഷം തിരക്കഥയെഴുതി സംവിധാനം ചെയ്ത കടവ് (1991) എസ് കെ പൊറ്റെക്കാടിന്റെ 'കടത്തുതോണി' എന്ന കഥയെ അടിസ്ഥാനമാക്കിയുളള സിനിമയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' രണ്ട് തവണ സിനിമയാക്കപ്പെട്ടു. 1967-ൽ ശശികുമാറും 2014-ൽ പ്രമോദ് പയ്യന്നൂരും ഇതേ പേരിൽതന്നെ ഈ നോവൽ സിനിമയാക്കിയിരുന്നു. സി വി ശ്രീരാമന്റെ കഥകളും കൂടുതൽ സിനിമകൾക്ക് വിഷയമായിട്ടുണ്ട്. അരവിന്ദൻ സംവിധാനം 'ചിദംബരവും'(1985), ടി വി ചന്ദ്രന്റെ 'പൊന്തൻമാട'യുമെല്ലാം(1994) ശ്രീരാമന്റെ കഥകളിൽ നിന്ന് വന്നിട്ടുളള സിനിമകളാണ്.. ഇത്തരം കഥ, ചെറുകഥ, നോവൽ പോലുളള സാഹിത്യങ്ങളിൽ നിന്ന് സിനിമയുണ്ടായപ്പോൾ ഏറ്റവും കൂടുതൽ നായകകഥാപാത്രങ്ങളെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. എം.ടിയുടെയും ബഷീറിന്റെയും സി വി ശ്രീരാമന്റെയും സക്കറിയയുടെയും ടി പി രാജീവന്റേയുമെല്ലാം സൃഷ്ടികളിലെ കഥാപാത്രങ്ങളായി മമ്മൂട്ടി വന്നിട്ടുണ്ട്. നിന്റെ ഓര്‍മ്മക്ക് എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്ന നിലക്ക് എം ടി വാസുദേവന്‍ നായര്‍ എഴുതിയ യാത്രാക്കുറിപ്പാണ് 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്'. 'മനോരഥങ്ങളി'ൽ ഉൾപ്പെടുത്തിയ ചെറുകഥയിൽ എം ടി വാസുദേവന്‍ നായരുടെ ആത്മകഥാംശമുള്ള പി കെ വേണുഗോപാല്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്.

സാഹിത്യസൃഷ്ടികളിൽ നിന്ന് സിനിമയാക്കപ്പെട്ട മികച്ച പത്ത് സിനിമകൾ

'ചെമ്മീൻ'

(1965)-തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ ആസ്പദമാക്കി എസ്.എൽ.പുരം സദാനന്ദൻ തിരക്കഥയെഴുതി രാമു കാര്യാട്ട് സംവിധാനം ചെയ്ത സിനിമയാണ് ചെമ്മീൻ. സത്യൻ, മധു, ഷീല എന്നിവർ പ്രധാന കഥാപാത്രങ്ങളായി. ചെമ്മീൻ ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ഒട്ടേറെ പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു.

'വിധേയൻ'

(1993)- സക്കറിയയുടെ 'ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും' എന്ന പേരിലുള്ള നോവലിൽ നിന്നുണ്ടായ സിനിമയാണ് അടൂർ ഗോപാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'വിധേയൻ'. മമ്മൂട്ടിയുടെ എക്കാലത്തെയയും പറയപ്പെടുന്ന മികച്ച കഥാപാത്രങ്ങളിലൊന്നാണ് 'വിധേയനി'ലേത്.

'ദൈവത്തിന്റെ വികൃതികൾ'

(1992)- എം മുകുന്ദന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് 'ദൈവത്തിന്റെ വികൃതികൾ'. എം മുകുന്ദനും ലെനിനും ചേർന്നായിരുന്നു തിരക്കഥ എഴുതിയത്. തമിഴ് നടൻ രഘുവരനായിരുന്നു നായകകഥാപാത്രമായത്.

'നിർമാല്യം'

(1973)- 'പള്ളിവാളും കാൽചിലമ്പും' എന്ന കഥയിൽ നിന്ന് എം ടി വാസുദേവൻ നായർ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'നിർമാല്യം'. ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച പി ജെ ആൻറണിക്ക് അന്ന് മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഒപ്പം മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും. സുകുമാരൻ ആദ്യമായി അഭിനയിച്ച സിനിമയും ഇതായിരുന്നു.

'മതിലുകൾ'

(1990)- വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകൾ' എന്ന പേരിൽതന്നെയുള്ള നോവലിനെ ആധാരമാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്തത് അടൂർ ഗോപാലകൃഷ്ണനാണ്. 'വിധേയനി'ലേതുപോലെ മമ്മൂട്ടിയുടെ കരിയർ അടയാളപ്പെടുത്തിയ സിനിമ. ഒരുപാട് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ നിരൂപക പ്രശംസ നേടിയ സിനിമകൂടിയാണ് അടൂരിന്റെ മതിലുകൾ.

'പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ'

(2009)- യഥാർഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ടി പി രാജീവൻ രചിച്ച നോവലിൽനിന്ന് തിരക്കഥ തയ്യാറാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയാണ് 'പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ'. മൂന്നു കാലഘട്ടങ്ങളിലെ മൂന്നു മനുഷ്യരുടെ വേഷങ്ങളിൽ മമ്മൂട്ടി വന്ന സിനിമ. പതിവുപോലെ മമ്മൂട്ടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും ശ്വേതാ മേനോനും മികച്ച അഭിനേതാക്കൾക്കുള്ള അം​ഗീകാരങ്ങൾക്ക് അർഹരായി. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ചിത്രം സ്വന്തമാക്കി.

'ഭാർഗവീനിലയം'

(1964)- നീലവെളിച്ചം എന്ന തന്റെ കഥകളിൽ നിന്ന് വൈക്കം മുഹമ്മദ് ബഷീർ തിരക്കഥയെഴുതിയ സിനിമ സംവിധാനം ചെയ്തത് എ. വിൻസെന്റാണ്. പ്രേംനസീർ, മധു, വിജയനിർമല എന്നിവരൊക്കെ അഭിനയിച്ച മലയാളത്തിലെ ക്ലാസിക് ഹോറർ മൂവി. ടോവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2023ൽ സംവിധായകൻ ആഷിഖ് അബു 'നീലവെളിച്ചം' വീണ്ടും തീയറ്ററുകളിലെത്തിച്ചു. ഇത്തവണ 'നീലവെളിച്ചം' എന്നുതന്നെ ആയിരുന്നു ചിത്രത്തിന്റെ പേര്.

'ചിദംബരം'

(1985)- സി വി ശ്രീരാമന്റെ ചെറുകഥയിൽനിന്ന് അരവിന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് 'ചിദംബരം'. ഭരത് ഗോപി, സ്മിതാപാട്ടീൽ, ശ്രീനിവാസൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും മികച്ച സിനിമയ്ക്കും മികച്ച സംവിധായകനും ഉൾപ്പെടെ അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചു.

'പൊന്തൻമാട'

(1994)- ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയത് 'ശ്രീരാമന്റെ പൊന്തൻമാട', 'ശീമത്തമ്പുരാൻ' എന്ന രണ്ട് കഥകളെ ആസ്പദമാക്കിയാണ്. ടി വി ചന്ദ്രനായിരുന്നു സംവിധാനം. മമ്മൂട്ടിയും നസറുദ്ദീൻ ഷായും ഒന്നിച്ചെത്തിയ സിനിമ എന്ന നിലയിൽ ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു 'പൊന്തൻമാട'.

'ഓടയിൽനിന്ന്'

(1965)- കേശവദേവിന്റെ ഇതേപേരിലുള്ള നോവലിൽ നിന്ന് ഉണ്ടായ സിനിമയാണ് 'ഓടയിൽനിന്ന്' . കെ എസ് സേതുമാധവനാണ് സംവിധാനം ചെയ്തത്. സത്യൻ, പ്രേംനസീർ, കവിയൂർ പൊന്നമ്മ എന്നിവർ അഭിനയിച്ച ചിത്രം അക്കാലത്ത് വലിയ സാമ്പത്തിക നേട്ടം കൈവരിച്ച സിനിമയാണ്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു.

'കടവ്', 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ', 'കടൽത്തീരത്ത്', 'ഏണിപ്പടികൾ', 'ഓളവും തീരവും' , 'അരനാഴിക നേരം', ഏറ്റവും ഒടുവിലായി ഇറങ്ങിയ 'ആടുജീവിതം' തുടങ്ങി ഈ പട്ടികയിൽ ഉൾപ്പെടുത്തേണ്ട സിനിമകൾ ഇനിയും ഏറെയാണ്.

logo
The Fourth
www.thefourthnews.in