22 മുതൽ തീയേറ്റർ സമരം, മലയാളം സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്; നിഴല്‍യുദ്ധമെന്ന് നിര്‍മാതാക്കള്‍
ഫെബ്രുവരി 22 മുതൽ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സമരത്തിലേക്ക്. സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്ത് അതിവേഗം ഒടിടി പ്ലാറ്റുഫോമുകളിൽ വരുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തീയേറ്റർ ഉടമകൾ ചൂണ്ടിക്കാണിക്കുന്നത്. ബുധനാഴ്ചയ്ക്കുള്ളിൽ ഉന്നയിച്ച വിഷയങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ 22 മുതൽ സമരം ആരംഭിക്കുമെന്നാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്
സിനിമാ സംഘടനകൾ അംഗീകരിച്ചിട്ടുള്ള എഗ്രിമെന്റിലുള്ള ഏകപക്ഷീയ വ്യവസ്ഥകൾ പിൻവലിക്കുക, തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞ് മാത്രമേ ഒടിടിയിൽ പ്രദർശനമാരംഭിക്കൂ എന്ന് ഫിലിം ചേംബറിൽ നൽകിയ സത്യവാങ്മൂലം ലംഘിച്ചുകൊണ്ട് സിനിമ പുറത്ത് വന്ന് 28 ദിവസം കഴിയുമ്പോൾ തന്നെ ഒടിടി പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യുന്നു എന്നതുൾപ്പെടെ നിരവധി വിഷയങ്ങൾ ഫിയോക്ക് ചൂണ്ടിക്കാണിക്കുന്നു.
ഒടിടിയിൽ നേരത്തെ റിലീസ് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഫിയോക്ക് ആവശ്യപ്പെടുന്നുണ്ട്. 20 വർഷങ്ങൾക്കു മുമ്പ് 48 റിലീസിംഗ് സെന്ററുകളുകൾ മാത്രമുള്ള സമയത്ത് നിശ്ചയിച്ച അതേ ഷെയറിങ് രീതികളാണ് ഇപ്പോഴും നിലനിൽക്കുന്നത്, അതിൽ മാറ്റം വരുത്തണം, പബ്ലിസിറ്റി കോൺട്രിബ്യൂഷൻ, പേസ്റ്റിങ് ചാർജ് എന്നിവ പൂർണ്ണമായും നിർത്തലാക്കണം, വിപിഎഫ് ചാർജ് പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ നൽകണം എന്നിവയാണ് ഫിയോക്ക് മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങൾ.
എന്നാൽ സമരത്തെ എതിർത്തുകൊണ്ട് നിർമ്മാതാക്കൾ രംഗത്തെത്തി. തീയറ്ററുകളിൽ അത്യാവശ്യം ആളുകൾ കയറുന്ന സമയത്ത് ഫിയോക്ക് പ്രഖ്യാപിച്ച ഈ സമരം അനാവശ്യമാണെന്നും ഇത് അവർ അവരോടു തന്നെ നടത്തുന്ന നിഴൽ യുദ്ധമാണെന്നും നിർമ്മാതാവും സംവിധായകനുമായ അനിൽ തോമസ് പറയുന്നു. തന്റെ സിനിമയായ 'ഇതുവരെ' മാർച്ച് ഒന്നിന് തന്നെ റിലീസ് ചെയ്യുമെന്നും അനിൽ തോമസ് പറഞ്ഞു.