ദേവരാജഹൃദയത്തിലെ   രാഘവൻ

ദേവരാജഹൃദയത്തിലെ രാഘവൻ

രാഘവൻ മാസ്റ്റർ ഓർമ്മയായിട്ട് ഒരു ദശകം
Updated on
4 min read

രാഘവൻ മാസ്റ്റർ വിവരിച്ചുകേട്ട ഒരനുഭവമുണ്ട്. നിനച്ചിരിക്കാതെ വന്ന ഒരു ഫോൺ കോളിന്റെ കഥ. സാക്ഷാൽ ദേവരാജൻ മാസ്റ്ററാണ് മറുതലയ്ക്കൽ. തെല്ലു വികാരാധീനനായിട്ടാണ് മാസ്റ്ററുടെ വിളി: "ഇതാ ഇപ്പോൾ ഞാൻ ടെലിവിഷനിൽ ഒരു പാട്ടു കേട്ടു. നീലക്കുയിലിലെ എല്ലാരും ചൊല്ലണ്. ഉടൻ മാസ്റ്ററെ വിളിക്കണമെന്ന് തോന്നി. അമ്പതു കൊല്ലം മുൻപ് ചെയ്ത പാട്ടാണെന്നു തോന്നില്ല. എത്ര മനോഹരമായിട്ടാണ് നിങ്ങൾ അത് ട്യൂൺ ചെയ്തു വെച്ചിരിക്കുന്നത്. ഭാസ്കരൻ മാസ്റ്ററുടെ വരികൾ, നിങ്ങളുടെ ഈണം, ഓർക്കസ്‌ട്രേഷൻ, ജാനമ്മ ഡേവിഡ് എന്ന പാട്ടുകാരിയുടെ ശബ്ദം ഇതെല്ലാം ഒരൊറ്റ നൂലിൽ കോർത്തെടുത്ത പോലെ. തിരുവനന്തപുരത്തെ ഏതോ കടയിലെ ഗ്രാമഫോണിൽ നിന്ന് ആദ്യമായി ആ പാട്ട് കേട്ട നിമിഷങ്ങളാണ് ഓർമ്മവന്നത്. അന്ന് തോന്നിയ കൗതുകവും ഉത്സാഹവും ഇന്നും അതേ അളവിൽ അനുഭവിപ്പിക്കാൻ നിങ്ങളുടെ പാട്ടിനു കഴിഞ്ഞു. ആ സന്തോഷം നേരിട്ട് അറിയിക്കണമെന്ന് തോന്നി. അതുകൊണ്ടു വിളിച്ചതാണ്...'' കൂടുതലൊന്നും പറയാതെ ഫോൺ വെച്ചു ദേവരാജൻ.

എന്തു മറുപടി പറയണമെന്നറിയില്ലായിരുന്നു രാഘവൻ മാഷിന്. ഒരു പാട് ഓർമ്മകൾ മനസ്സിലേക്ക് തിക്കിത്തിരക്കി കയറിവന്നു അപ്പോൾ. "എത്രയോ പേർ നീലക്കുയിലിലെ പാട്ടുകളെ കുറിച്ച് നല്ലതു പറഞ്ഞിട്ടുണ്ട്. പക്ഷേ ദേവരാജനെ പോലൊരാളിൽ നിന്ന് ഇത്രയും ആത്മാർത്ഥമായ ഒരു അഭിപ്രായപ്രകടനം ഉണ്ടായി എന്നത് എനിക്ക് വിലമതിക്കാനാവാത്ത ഒരു അംഗീകാരം തന്നെയാണ്. കാരണം ഉള്ളത് ഉള്ളത് പോലെ പറയുന്ന ആളാണ് അയാൾ. നമുക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. അത് വേറെ കാര്യം. മുൻപൊരിക്കൽ എന്റെ ഒരു പാട്ട് കേട്ട് ഇത് സ്വന്തം സംഗീത സങ്കൽപ്പങ്ങൾക്ക് ഇണങ്ങുന്നതല്ല എന്ന് മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട് ദേവരാജൻ. അതാണ് അന്തസ്സിന്റെ ലക്ഷണം എന്ന് ഞാൻ വിശ്വസിക്കുന്നു..'' - രാഘവൻ മാസ്റ്റർ പറഞ്ഞു.

പുന്നപ്രവയലാർ എന്ന ചിത്രത്തിന് വേണ്ടി രാഘവൻ മാസ്റ്റർ സംഗീതം നൽകിയ "സഖാക്കളേ മുന്നോട്ട്'' എന്ന പ്രസിദ്ധമായ വിപ്ലവഗാനത്തിന്റെ സൃഷ്ടിയെ കുറിച്ചായിരുന്നു ദേവരാജന് ഭിന്നാഭിപ്രായം. പല്ലവിയിലെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട് എന്ന വരിക്ക് വേണ്ടത്ര വിപ്ലവവീര്യം ഉണ്ടായില്ല എന്ന് വിശ്വസിച്ചു അദ്ദേഹം. കുറേക്കൂടി ഊർജ്ജം പകരാമായിരുന്നു ആ വാക്കുകൾക്ക്. ഒരു കാര്യം കൂടി പറഞ്ഞു ദേവരാജൻ: "ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം. ശരിയാവണം എന്നില്ല. പാട്ട് ജനങ്ങൾ സ്വീകരിച്ചോ ഇല്ലയോ എന്നേ നോക്കേണ്ടതുള്ളൂ. സ്വീകരിച്ച സ്ഥിതിക്ക് ഇത്തരം വ്യത്യസ്ത വീക്ഷണങ്ങൾക്ക് പ്രസക്തിയില്ല.'' ദേവരാജന്റെ സുതാര്യമായ വ്യക്തിത്വം തന്നെയാണ് ഈ തുറന്നുപറച്ചിലിലൂടെ വെളിപ്പെട്ടതെന്ന് രാഘവൻ മാസ്റ്റർ.

വർഷങ്ങൾക്കു മുൻപ് തന്റെ സപ്തതി ഒരു കൂട്ടം സംഗീത പ്രേമികൾ ചേർന്ന് തലശേരിയിൽ ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ ആ പരിപാടിയുടെ മുഖ്യ ആകർഷണം ദേവരാജന്റെ കച്ചേരി ആയിരിക്കണം എന്ന് രാഘവൻ മാസ്റ്റർ നിർബന്ധം പിടിച്ചതും ഈ `നിരുപാധിക' സ്നേഹത്തിന്റെ പേരിൽ തന്നെ. മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് രാഘവന്റെ പിറന്നാളിൽ പങ്കെടുക്കാൻ തലശ്ശേരിയിൽ ഓടിയെത്തി ദേവരാജൻ. ഒ എൻ വിയും ഉണ്ടായിരുന്നു കൂടെ. അന്നത്തെ ആ അപൂർവ സംഗമം ഒ എൻ വി ഓർത്തെടുത്തതിങ്ങനെ: "അനസൂയവിശുദ്ധമായ സൗഹൃദവും സഹോദര്യവുമാണ് എനിക്കും ദേവരാജനും രാഘവൻ മാസ്റ്റർക്കും ഇടയിലുണ്ടായിരുന്നത്. മാസ്റ്ററുടെ എഴുപതാം പിറന്നാളിനെന്നാണ് ഓർമ്മ (വർഷം കൃത്യമായി ഓർക്കുന്നില്ല), തലശേരിയിൽ വലിയ ആഘോഷങ്ങളൊക്കെ ഉണ്ടായി. ഞാനും ദേവരാജനും അതിൽ പങ്കെടുക്കണമെന്നും ദേവരാജന്റെ പാട്ടുകച്ചേരിയിൽ ആഘോഷങ്ങൾ സമാപിക്കണമെന്നുമാണ് രാഘവൻ മാസ്റ്ററുടെയും സുഹൃത്തുക്കളുടെയും ആഗ്രഹം. ഞങ്ങൾ പോയി. ഉച്ച തിരിഞ്ഞു ഒരു തുറന്ന ജീപ്പിൽ മാസ്റ്ററുടെ പട്ടണ പ്രദക്ഷിണമാണ് പ്ലാൻ ചെയ്തിരുന്നത്. എം ടിയും ശോഭനാ പരമേശ്വരൻ നായരും തിക്കോടിയനും ഒക്കെ വാഹനത്തെ അനുഗമിക്കുണ്ടായിരുന്നു. പക്ഷേ മാസ്റ്റർ പ്രതീക്ഷിച്ചപോലെ അവരാരും ആ ജീപ്പിൽ കയറിയില്ല. ഏതാണ്ടൊരു മുഗ്ധലജ്ജയോടെ മാസ്റ്റർ ജീപ്പിൽ നിന്നെല്ലാവരെയും നോക്കി. ഒടുവിൽ ഞാനും ദേവരാജനും ജീപ്പിൽ കയറി മാസ്റ്ററുടെ ഇരുവശത്തുമായി നിലയുറപ്പിച്ചു. മാസ്റ്റർക്കാശ്വാസമായി, സന്തോഷമായി. തലശേരി പട്ടണത്തിന്റെ പ്രധാന നിരത്തിലൊന്ന് കറങ്ങിത്തിരിഞ്ഞു ജീപ്പ് യോഗസ്ഥലത്തെത്തി. അവിടെ വലിയൊരു ആൾക്കൂട്ടം ആ വരവ് കാത്തുനിന്നിരുന്നു. ``നിങ്ങളും കൂടിയില്ലായിരുന്നെങ്കിൽ ഞാനാ ജീപ്പിൽ മോഹാലസ്യപ്പെട്ട് വീണേനെ.''-- മാസ്റ്റർ ചിരിച്ചുകൊണ്ട് ദേവരാജനോടും എന്നോടുമായി പറഞ്ഞു.''

സിനിമയിൽ ദേവരാജന് മുൻപേ കടന്നുവന്നയാളാണ് രാഘവൻ. ആദ്യചിത്രം `നീലക്കുയിൽ'. ഒരു വർഷം കഴിഞ്ഞു `കാലം മാറുന്നു' എന്ന ചിത്രത്തിലൂടെയാണ് ദേവരാജന്റെ അരങ്ങേറ്റം. നാടകങ്ങൾക്ക് വേണ്ടി ചെയ്ത പാട്ടുകളിലൂടെ അതിനകം പ്രശസ്തിയുടെ പടവുകൾ കയറിത്തുടങ്ങിയിരുന്നെങ്കിലും സിനിമക്ക് വേണ്ടി സംഗീതം ചെയ്യണം എന്നൊന്നും ചിന്തിച്ചിട്ടില്ല. അതിന് പ്രചോദനമായത് നീലക്കുയിലിലെ പാട്ടുകളാണ്. അതുവരെ കേട്ട പാട്ടുകളുടെ പൊട്ടും പൊടിയുമൊന്നും ഉണ്ടായിരുന്നില്ല ആ ഗാനങ്ങളിൽ. തീര്‍ത്തും പുതുമയാർന്ന ശ്രവ്യാനുഭവങ്ങൾ. മാത്രമല്ല ക്‌ളാസിക്കൽ രാഗങ്ങൾ അവയുടെ തനിമ നഷ്ടപ്പെടുത്താതെ എങ്ങനെ ലളിതമായി ആവിഷ്കരിക്കാം എന്ന കാര്യത്തിൽ ഒരു പാഠപുസ്തകം തന്നെയായിരുന്നു നീലക്കുയിൽ.

"ബിലഹരി പോലെ അൽപ്പം കാഠിന്യം കൂടിയ ഒരു രാഗം ഉണരുണരൂ ഉണ്ണിക്കണ്ണാ എന്ന പാട്ടിൽ എത്ര ലളിതവും സുന്ദരവുമായാണ് രാഘവൻ മാസ്റ്റർ ഉപയോഗിച്ചിട്ടുള്ളത് എന്നോർത്ത് അത്ഭുതം തോന്നിയിട്ടുണ്ട്. അതുപോലെ ഹൃദയത്തിൻ രോമാഞ്ചം എന്ന പാട്ടിൽ ശുഭപന്തുവരാളിയുടെ വിഷാദ ഭാവവും.'' - ദേവരാജൻ ഒരിക്കൽ പറഞ്ഞു. ഹൃദയത്തിൻ രോമാഞ്ചം എന്ന ഗാനത്തിന്റെ ചരണത്തിൽ തിരശീല മന്ദമായ് ഊർന്നു വീഴ്‌കെ എന്ന വരിക്ക് രാഘവൻ മാസ്റ്റർ നൽകിയ ഈണത്തിന്റെ ഔചിത്യഭംഗിയെ ഒരിക്കൽ ദേവരാജൻ മതിപ്പോടെ വിലയിരുത്തിയതോർക്കുന്നു. ഉത്തരായണത്തിലെ ഈ പാട്ടിന്റെ മൂഡിൽ തന്റെ സിനിമയിലും ഒരു വിഷാദഗാനം വേണമെന്ന സംവിധായകൻ ഐ വി ശശിയുടെ ആഗ്രഹത്തിന് വഴങ്ങിയാണ് രണ്ടു വര്ഷം കഴിഞ്ഞു ദേവരാജൻ "ഇന്നലെ ഇന്ന്'' എന്ന സിനിമക്ക് വേണ്ടി ശുഭപന്തുവരാളി രാഗത്തിൽ മറ്റൊരു മനോഹര ഗാനം ചിട്ടപ്പെടുത്തിയത്: ``സ്വർണ യവനികക്കുള്ളിലെ സ്വപ്നനാടകം...'' രണ്ടിനും ശബ്ദം പകർന്നത് യേശുദാസ്.

സമകാലീനരെങ്കിലും പരസ്പരം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്ത സംഗീതസംവിധായകരായിരുന്നു ദേവരാജനും രാഘവനും. "രാഘവൻ മാസ്റ്റർക്ക് അർഹിക്കുന്ന അംഗീകാരം നമ്മൾ കൊടുത്തിട്ടുണ്ടോ എന്ന് സംശയമുണ്ട്. വെറുമൊരു പദ്മശ്രീ കൊണ്ടൊന്നും അളക്കാൻ പറ്റില്ല അദ്ദേഹത്തിന്റെ സംഭാവനകളെ.'' ദേവരാജൻ ഒരിക്കൽ പറഞ്ഞു. രാഘവൻ മാസ്റ്ററെ ആദരിക്കാനായി അദ്ദേഹത്തിന്റെ ഗാനങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു പ്രത്യേക പരിപാടി കോഴിക്കോട്ട് സംഘടിപ്പിക്കണം എന്നത് ദേവരാജന്റെ നിറവേറപ്പെടാത്ത ആഗ്രഹങ്ങളിൽ ഒന്നായിരുന്നു.

ദേവരാജന്‍ മാസ്റ്റർ
ദേവരാജന്‍ മാസ്റ്റർ

"ഒരിക്കൽ ദേവരാജൻ മാസ്റ്ററോടൊപ്പം രാഘവൻ മാഷെ തിരുവന്തപുരത്തെ ആര്യനിവാസിൽ അദ്ദേഹം താമസിക്കുന്ന മുറിയിൽ ചെന്ന് കണ്ടത് മറക്കാനാവില്ല.''-- ദേവരാജന്റെ സന്തത സഹചാരിയായിരുന്ന മധുവിന്റെ ഓർമ്മ. "ഏതോ അവാർഡ് സ്വീകരിക്കാനായി രാഘവൻ മാഷ് തിരുവനന്തപുരത്തുണ്ടെന്ന് ടെലിവിഷനിൽ നിന്ന് അറിഞ്ഞയുടൻ മാസ്റ്റർ പറയുകയായിരുന്നു, അദ്ദേഹത്തെ ഉടൻ ചെന്ന് കാണണം എന്ന്. രണ്ടു മഹാന്മാരും കണ്ടയുടൻ വികാരാധീനനായി. ആ അപൂർവ സംഗമത്തിന് സാക്ഷ്യം വഹിക്കാനായത് എന്റെ പൂർവ്വജന്മ സുകൃതമാവണം. പിന്നിട്ട കാലത്തെ കുറിച്ച്, ചെയ്ത പാട്ടുകളെ കുറിച്ച്, സിനിമയുടെ മാറ്റങ്ങളെ കുറിച്ച്, മരിച്ചു പോയ വലിയ മനുഷ്യരെ കുറിച്ച്.. അങ്ങനെ പല പല വിഷയങ്ങളെ കുറിച്ചും ഉള്ളു തുറന്ന് സംസാരിച്ചു അവർ. യാത്ര പറഞ്ഞു പിരിയുമ്പോൾ രണ്ടു പേരും വികാരാധീനരായിരുന്നു.'' അതായിരുന്നു അവസാന കൂടിക്കാഴ്ച.

കെ പി എ സി ക്കു വേണ്ടി `അശ്വമേധം' നാടകത്തിലെ പാട്ടുകൾ ചിട്ടപ്പെടുത്താൻ നിയോഗിക്കപ്പെട്ടപ്പോൾ മനസ്സില്ലാമനസ്സോടെയാണ് രാഘവൻ മാസ്റ്റർ ആ ദൗത്യം ഏറ്റെടുത്തതെന്ന് ഓർക്കുന്നു മകനും ഗായകനുമായ കനകാംബരൻ. "കെ പി എ സിക്ക് വേണ്ടി നിരവധി പ്രശസ്ത ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ആളാണ് ദേവരാജൻ. അദ്ദേഹത്തെ വിഷമിപ്പിക്കുന്ന ഒരു പ്രവൃത്തിക്കും തന്നെ കിട്ടില്ല എന്ന് അച്ഛൻ വ്യക്തമാക്കിയിരുന്നു. മാത്രമല്ല എം ബി ശ്രീനിവാസൻ അശ്വമേധത്തിലെ ചില ഗാനങ്ങൾ അതിനകം കംപോസ് ചെയ്തു കഴിഞ്ഞിരുന്നു താനും. ചുമതല ഏറ്റെടുക്കും മുൻപ് രണ്ടു കാര്യങ്ങൾ ചെയ്തു അച്ഛൻ. ആദ്യം ദേവരാജനെ വിളിച്ചു. താങ്കളുടെ പൂർണ്ണ സമ്മതം ഉണ്ടെങ്കിലേ ഈ വേഷം താൻ അണിയൂ എന്ന് തറപ്പിച്ചു പറഞ്ഞു. രാഘവൻ മാസ്റ്റർ സംഗീതം ചെയ്യുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് കഴിഞ്ഞു എം ബി എസ്സിനെ വിളിച്ചു ഇതേ കാര്യം ആവർത്തിച്ചു അച്ഛൻ. എം ബി എസ്സും അച്ഛനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ഇതെല്ലാം കഴിഞ്ഞേ നാടകത്തിലെ അവശേഷിച്ച രണ്ടു പാട്ടുകൾ ചിട്ടപ്പെടുത്തുക എന്ന ദൗത്യം അച്ഛൻ ഏറ്റെടുത്തുള്ളൂ.'' ആ പാട്ടുകൾ രണ്ടും മലയാള നാടക ഗാന ചരിത്രത്തിലെ ക്ളാസിക്കുകളായി മാറി എന്നത് പിന്നീടുള്ള ചരിത്രം: തലയ്ക്കു മീതെ ശൂന്യാകാശം, പാമ്പുകൾക്ക് മാളമുണ്ട്.

logo
The Fourth
www.thefourthnews.in